പാരിസ് - ട്രാഫിക് നിയമം ലംഘിച്ചതിന് പതിനേഴുകാരന്‍ വെടിയേറ്റു മരിച്ചതിന്റെ അലകളടങ്ങാത്ത ഫ്രാന്‍സ് ഒളിംപിക്‌സിന്റെ ഒരു വര്‍ഷ കൗണ്ട്ഡൗണ്‍ ആഘോഷിച്ചു. ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക് ഈയിടെ പാരിസിലെത്തി ഒളിംപിക്‌സ് ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ഒളിംപിക്‌സിന് ഫ്രഞ്ച് ജനതയില്‍ നിന്ന് വലിയ പിന്തുണയുണ്ടെന്ന് ബാക്ക് പറഞ്ഞു.
റഷ്യയുടെയും ബെലാറൂസിന്റെയും കളിക്കാരെ മത്സരിക്കാന്‍ അനുവദിക്കണമോയെന്ന ചോദ്യം തീരുമാനമാവാതെ ദീര്‍ഘിക്കുകയാണ്. അവരെ പങ്കെടുപ്പിച്ചാല്‍ ഗെയിംസ് ബഹിഷ്‌കരിക്കുമെന്ന് ഉക്രൈന്റെ മുന്നറിയിപ്പുണ്ട്. രണ്ട് രാജ്യങ്ങളുടെയും അത്‌ലറ്റുകളെ യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുപ്പിക്കണമെന്ന ബാക്കിന്റെ നിര്‍ദേശത്തില്‍ കായികതാരങ്ങള്‍ അമര്‍ഷം പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിലപാടിന്റെ പേരില്‍ കായികതാരങ്ങള്‍ക്ക് അവസരം നിഷേധിക്കുന്നത് മനുഷ്യാവകാശലംഘനമാണെന്നാണ് ബാക്ക് വാദിക്കുന്നത്. റഷ്യ, ബെലാറൂസ് താരങ്ങള്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ തന്നെ രാജ്യത്തിന്റെ പേരിലായിരിക്കില്ല മത്സരിക്കുക.
സെന്‍ നദിയിലൂടെ 115 ബോട്ടുകളില്‍ കായിക താരങ്ങളുടെ പരേഡോടെയാണ് ഒളിംപിക്‌സ് 2024 ജുലൈ 26 ന് ഒളിംപിക്‌സ് ആരംഭിക്കുക. ഈഫല്‍ ഗോപുരമുള്‍പ്പെടെ പാരിസിലെ നാഴികക്കല്ലുകള്‍ പശ്ചാത്തലമായുണ്ടാവും. എന്നാല്‍ സ്റ്റേഡിയത്തിനു പുറത്ത് നടക്കുന്ന ഈ ചടങ്ങിന് വലിയ സുരക്ഷയൊരുക്കേണ്ടി വരും. സംഘാടക സമിതിക്കെതിരായ അഴിമതിയാരോപണമാണ് മറ്റൊരു വെല്ലുവിളി.
മത്സരാര്‍ഥികള്‍ക്ക് ഒളിംപിക് ഗ്രാമത്തില്‍ നിന്ന് വേദികളിലേക്ക് ഒളിംപിക് പാതയൊരുക്കിയിട്ടുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ വന്‍ ഗതാഗതക്കുരുക്ക് നേരിടും. 85,000 അത്‌ലറ്റുകള്‍ ഒളിംപിക്‌സിനെത്തുമെന്നാണ് കരുതുന്നത്. സൈക്കിളുകളും കയാക്കുകളുമുള്‍പ്പെടെ വലിയ ലഗേജുമായി വരുന്ന സംഘത്തെ വരവേല്‍ക്കാന്‍ വിമാനത്താവളങ്ങളില്‍ സജ്ജീകരണമൊരുക്കേണ്ടതുണ്ട്.






