അഡ്ലയ്ഡ് - ഫിഫ വനിതാ ലോകകപ്പിലെ ആദ്യ ഹാട്രിക്കിനുടമയായി ബ്രസീലിന്റെ ആരി ബോര്‍ഹസ്. ബ്രസീല്‍ മറുപടിയില്ലാത്ത നാലു ഗോളിന് പാനമയെ തോല്പിച്ചു. അരങ്ങേറ്റക്കാരായ മൊറോക്കോയെ 6-0 ന് തകര്‍ത്ത് ജര്‍മനിയും തുടക്കം ഗംഭീരമാക്കി. 87ാം മിനിറ്റില്‍ പകരക്കാരി ക്രിസ്റ്റ്യാന ജിരേയിയുടെ ഹെഡറില്‍ ഇറ്റലി 1-0 ന് അര്‍ജന്റീനയെ തോല്പിച്ചു.
കഴിഞ്ഞ എട്ട് വനിതാ ലോകകപ്പുകളിലും കളിച്ചെങ്കിലും ഒരിക്കലും കിരീടം നേടാന്‍ ബ്രസീലിന് സാധിച്ചിട്ടില്ല. പാനമക്കെതിരായ വിജയം ഇത്തവണ നല്ല തുടക്കമാണ് നല്‍കിയത്. ഇരുപത്തിമൂന്നുകാരിയായ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ബോര്ഹസായിരുന്നു അവരുടെ ആക്രമണത്തിന്റെ കുന്തമുന. പിന്‍കാലു കൊണ്ട് തള്ളിക്കൊടുത്ത പാസിലൂടെ ബയ സനറാറ്റോക്ക് ഗോളടിക്കാന്‍ അവസരമൊരുക്കിയതും ബോര്‍ഹസാണ്. അതിമനോഹരമായ ഈ ഗോള്‍ ടൂര്‍ണമെന്റ് കണ്ടതില്‍ ഏറ്റവും മികച്ചതാണ്. പാനമ ആദ്യമായാണ് ലോകകപ്പ് കളിക്കുന്നത്. എന്നാല്‍ അഴകൊഴുകുന്ന കളിയിലൂടെ ബ്രസീല്‍ തുടക്കം മുതല്‍ ആക്രമിച്ചു. ഈ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനെ ജമൈക്ക ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു.






