പോര്‍ട് ഓഫ് സ്പെയിന് - ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആര് ജയിക്കും -മഴയോ, ഇന്ത്യയോ അതോ വെസ്റ്റിന്‍ഡീസോ? പലതവണ മുടക്കിയ മഴക്കിടയിലും രണ്ടാം ഇന്നിംഗ്സില്‍ ട്വന്റി20 സ്റ്റൈലില്‍ ബാറ്റ് വീശിയ ഇന്ത്യ രണ്ടിന് 181 ല്‍ ഡിക്ലയര്‍ ചെയ്യുകയും ആതിഥേയര്‍ക്ക് 365 റണ്‍സ് ലക്ഷ്യം മുന്നോട്ടുവെക്കുകയും ചെയ്തു. വെല്ലുവിളി ഏറ്റെടുത്ത വിന്‍ഡീസ് 36 ഓവറില്‍ രണ്ടിന് 72 റണ്‍സിലെത്തി. ഇന്ന് 90 ഓവറുകളുണ്ട്. ആദ്യ ദിനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്പിന്നനുകൂലമായി മാറിയ പിച്ചില്‍ ഇന്ത്യക്ക് വേണ്ടത് എട്ട് വിക്കറ്റാണ്. രണ്ടിന് 44 ല്‍ ഒത്തുചേര്‍ന്ന താജ്നാരായണ് ചാന്ദര്‍പോളും ജര്മയ്ന് ബ്ലാകവുഡും പൊരുതുകയാണ്. ഇന്ന് മഴ പെയ്യുമെന്നാണ് പ്രവചനം.
യശസ്വി ജയ്സ്വാളിന്റെ (30 പന്തില്‍ 38) സിക്സറും ബൗണ്ടറിയുമായാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയത്. രോഹിത് ശര്‍മ (57) 35 പന്തിലും ഇശാന് കിഷന് (52 നോട്ടൗട്ട്) 33 പന്തിലും അര്‍ധ ശതകം തികച്ചു. 12.2 ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. ടെസ്റ്റ് ക്രിക്കറ്റിലെ ഫാസ്റ്റസ്റ്റ് ടീം 100 ആണ് ഇത്. ഇരുപത്തിനാലോവറില്‍ രണ്ടിന് 181 ലെത്തിയപ്പോള്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ശുഭ്മന്‍ ഗില്‍ 37 പന്തില്‍ 29 റണ്‍സുമായി പുറത്താവാതെ നിന്നു.
വിന്‍ഡീസ് പരമ്പരാഗത സ്റ്റെലിലാണ് മറുപടി തുടങ്ങിയത്. ക്രയ്ഗ് ബ്രാത്വൈറ്റ് (28) അല്പം ധൃതി കാണിച്ചെങ്കിലും തേജ്നാരായണിന് 21 പന്ത് വേണ്ടി വന്നു രണ്ടില്‍ നിന്ന് മൂന്നിലെത്താന്‍. അറുപത്തിമൂന്നാമത്തെ പന്തിലാണ് ആദ്യ ബൗണ്ടറി നേടിയത്. ബ്രാതവൈറ്റിനെയും കിര്‍ക് മെക്കന്സിയെയും ആര്. അശ്വിന് ്പുറത്താക്കി.
വിരസ സമനിലയിലേക്ക് നീങ്ങുകയായിരുന്ന ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക് മാറ്റിയത് മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റെടുത്തതോടെയാണ്. അഞ്ചിന് 229ല്‍ നാലാം ദിനം തുടങ്ങിയ വിന്‍ഡീസ് 255 ന് ഓളൗട്ടാവുകയും ഇന്ത്യക്ക് 183 റണ്‍സിന്റെ ഇന്നിംഗ്സ് ലീഡ് ലഭിക്കുകയും ചെയ്തു. രാവിലെ 7.4 ഓവറിലാണ് അഞ്ചു വിക്കറ്റ് ഇന്ത്യ പിടിച്ചെടുത്തത്. ശേഷം രണ്ടാം ഇന്നിംഗ്സില്‍ സന്ദര്‍ശക ബാറ്റര്‍മാര്‍ ആഞ്ഞടിച്ചു. ട്വന്റി20 ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് ശര്‍മയും (44 പന്തില്‍ 57, 6x3) യശസ്വി ജയ്സ്വാളും (30 പന്തില്‍ 38) 11.5 ഓവറില്‍ സ്കോര്‍ 98 ലെത്തിച്ചു.
രാവിലെ പുതിയ പന്ത് എടുത്തതോടെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ആധിപത്യം നേടിയത്. അഞ്ചിന് 229 ലാണ് വിന്‍ഡീസ് ഇന്നിംഗ്സ് പുനരാരംഭിച്ചത്. അലിക് അതനാസെയും ജെയ്സന് ഹോള്‍ഡറും ചെറുത്തുനില്‍ക്കുകയായിരുന്നു. തലേന്നത്തെ 37 നോട് ഒരു റണ്‍ പോലും ചേര്‍ക്കും മുമ്പെ അതനാസെയെ മുകേഷ്കുമാര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. നാല് റണ്‍സ് കൂടി നേടിയ ഹോള്‍ഡറെ (15) മുഹമ്മദ് സിറാജ് വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ചു. അല്‍സാരി ജോസഫ് (4), കെമാര്‍ റോച്ച് (4), ഷാനന് ഗബ്രിയേല്‍ (0) എന്നിവരെയും സിറാജ് പുറത്താക്കി. 60 റണ്‍സിനാണ് സിറാജിന് അഞ്ച് വിക്കറ്റ്.






