പോര്‍ട് ഓഫ് സ്‌പെയിന്‍ - വിരസ സമനിലയിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ക്രിക്കറ്റിന് ജീവന്‍ പകര്‍ന്ന് മുഹമ്മദ് സിറാജ്. നാലാം ദിനം രാവിലെ 7.4 ഓവറില്‍ അഞ്ചു വിക്കറ്റ് വലിച്ചെറിഞ്ഞ വിന്‍ഡീസ് 255 ന് ഓളൗട്ടായി. ഇന്ത്യക്ക് 183 റണ്‍സ് ലീഡ്. ഇതോടെ ഇന്ത്യക്ക് വിജയത്തിന് ശ്രമിക്കാന്‍ അവസരം ലഭിച്ചു. പുതിയ പന്ത് എടുത്തതോടെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ആധിപത്യം നേടിയത്.
അഞ്ചിന് 229 ലാണ് വിന്‍ഡീസ് ഇന്നിംഗ്‌സ് പുനരാരംഭിച്ചത്. അലിക് അതനാസെയും ജെയ്‌സന്‍ ഹോള്‍ഡറും ചെറുത്തുനില്‍ക്കുകയായിരുന്നു. തലേന്നത്തെ 37 നോട് ഒരു റണ്‍ പോലും ചേര്‍ക്കും മുമ്പെ അതനാസെയെ മുകേഷ്‌കുമാര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. നാല് റണ്‍സ് കൂടി നേടിയ ഹോള്‍ഡറെ (15) മുഹമ്മദ് സിറാജ് വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ചു. അല്‍സാരി ജോസഫ് (4), കെമാര്‍ റോച്ച് (4), ഷാനന്‍ ഗബ്രിയേല്‍ (0) എന്നിവരെയും സിറാജ് പുറത്താക്കി. 60 റണ്‍സിനാണ് സിറാജിന് അഞ്ച് വിക്കറ്റ്.






