മൂന്നു പന്തിൽ ഒരു റണ്ണെടുക്കാൻ കഴിഞ്ഞില്ല, ഇന്ത്യ വിജയം തുലച്ചു

മീര്‍പൂര്‍ - ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം ത്രസിപ്പിക്കുന്ന ടൈയില്‍ അവസാനിച്ചു. ബംഗ്ലാദേശിന്റെ നാലിന് 225 പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 225 ന് ഓളൗട്ടായി. അവസാന മൂന്ന് പന്തില്‍ ഒരു വിക്കറ്റ് ശേഷിക്കെ ഒരു റണ്‍ മതിയായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍. എന്നാല്‍ മേഘന സിംഗിനെ മഅറൂഫ അഖ്തര്‍ പുറത്താക്കി. ഇന്ത്യന്‍ വാലറ്റവുമായി പൊരുതിയ ജെമീമ റോഡ്രിഗസിന് (33 നോട്ടൗട്ട്) നിസ്സഹായയായി മടങ്ങേണ്ടി വന്നു. ആദ്യ മത്സരം ബംഗ്ലാദേശ് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ തിരിച്ചടിച്ചിരുന്നു. 
42ാം ഓവറില്‍ നാലിന് 191 ലെത്തിയ ഇന്ത്യ അനായാസം ജയിക്കേണ്ടതായിരുന്നു. ഹര്‍ലീന്‍ ദിയോള്‍ (77) ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് വലിച്ചെറിഞ്ഞതോടെയാണ് കളി തിരിഞ്ഞത്. 34 റണ്‍സിന് അവസാന അഞ്ച് വിക്കറ്റ് ഇന്ത്യക്ക് നഷ്ടപ്പെട്ടു. സൂപ്പര്‍ ഓവര്‍ ഇല്ലാത്തതിനാല്‍ പരമ്പര സമനിലയില്‍ അവസാനിച്ചു. 
നേരത്തെ ഫര്‍ഗാന സുല്‍ത്താനയുടെ സെഞ്ചുറിയാണ് (107) ആതിഥേയരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. വനിതാ ഏകദിനത്തില്‍ ബംഗ്ലാദേശിന്റെ ആദ്യ സെഞ്ചുറിയാണ് ഇത്. ഫര്‍ഗാനയും ശമീമ സുല്‍ത്താനയും (52) ഓപണിംഗ് വിക്കറ്റില്‍ 93 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 
ഇന്ത്യയെ തുടക്കത്തിലേ ഭാഗ്യം കനിഞ്ഞു. സ്മൃതി മന്ദാന (59) നല്‍കിയ അവസരം നിഗാര്‍ സുല്‍ത്താന പാഴാക്കി. ശഫാലി വര്‍മയും (4) യാസ്തിക ഭാടിയയും (5) അഞ്ചോവര്‍ പിന്നിടും മുമ്പെ പവിലയനില്‍ തിരിച്ചെത്തി. ഹാര്‍ലീനും ജെമീമയുമാണ് ഇന്ത്യന്‍ പ്രതീക്ഷ നിലനിര്‍ത്തിയത്.
 

Latest News