പി.എസ്.ജി ടീമില്‍ നിന്ന് ഒഴിവാക്കി, എംബാപ്പെ ഉടന്‍ ക്ലബ്ബ് വിട്ടേക്കും

പാരിസ് - പ്രി സീസണ്‍ സന്നാഹത്തിന്റെ ഭാഗമായുള്ള പി.എസ്.ജിയുടെ ഏഷ്യന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് കീലിയന്‍ എംബാപ്പെയെ ഒഴിവാക്കി. എംബാപ്പെ ഉടന്‍ ക്ലബ്ബ് വിടുമെന്നതിന്റെ സൂചനയാണ് ഇതെന്ന് കരുതുന്നു. ജപ്പാനിലേക്കുള്ള യാത്രയില്‍ ക്യാപ്റ്റനെ ഒഴിവാക്കിയതിന് പി.എസ്.ജി കാരണം വ്യക്തമാക്കിയിട്ടില്ല. എംബാപ്പെയുടെ പതിനാറുകാരനായ അനുജന്‍ ഇതാന്‍ എംബാപ്പെയും നെയ്മാറും ടീമിലുണ്ട്. 
പ്രി സീസണ്‍ സന്നാഹങ്ങളില്‍ എംബാപ്പെ പങ്കെടുത്തിരുന്നു. ലെ ഹാര്‍വിനെതിരായ മത്സരത്തില്‍ അര മണിക്കൂര്‍ കളിക്കുകയും ഗോളടിക്കുകയും ചെയ്തിരുന്നു. പി.എസ്.ജിയുമായി കരാര്‍ പുതുക്കില്ലെന്ന് എംബാപ്പെ മേയില്‍ പ്രഖ്യാപിച്ചിരുന്നു. അതോടെ താരത്തെ ഈ സീസണില്‍ വില്‍ക്കേണ്ടത് പി.എസ്.ജിക്ക് അനിവാര്യമായി. കരാര്‍ കാലാവധി പൂര്‍ത്തിയായാല്‍ ക്ലബ്ബിന് ട്രാന്‍സ്ഫര്‍ തുക കിട്ടില്ല. കോടികളാണ് ഇതുവഴി നഷ്ടം വരിക. ലോകത്തിലെ മികച്ച താരത്തെ വെറുതെ കൈവിടില്ലെന്ന് പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ഖിലൈഫി പറഞ്ഞിരുന്നു. പുതിയ കരാറൊപ്പിടാന്‍ രണ്ടാഴ്ച അനുവദിക്കാമെന്നും ഇല്ലെങ്കില്‍ ക്ലബ്ബ് വിടണമെന്നും എംബാപ്പെക്ക് ഖിലൈഫി നിര്‍ദേശം നല്‍കിയിരുന്നു. രണ്ടാഴ്ച പൂര്‍ത്തിയാവുന്ന ഘട്ടത്തിലാണ് ജപ്പാന്‍ പര്യടനം. 
കഴിഞ്ഞ തവണ കരാര്‍ കാലാവധി പൂര്‍ത്തിയായപ്പോള്‍ എംബാപ്പെ റയലില്‍ ചേരുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പി.എസ്.ജിയുമായുള്ള കരാര്‍ പുതുക്കി.
 

Latest News