മുംബൈ - ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം വീണ്ടെടുക്കാന്‍ വല്ലാതെ വിയര്‍ക്കേണ്ടി വരും. ഗ്രൂപ്പ് ഘട്ടത്തിലെ 34 ദിവസത്തിനിടെ ഇന്ത്യന്‍ ടീം യാത്ര ചെയ്യുക 8400 കിലോമീറ്ററാണ്. 10 നഗരങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. ഇതില്‍ ഹൈദരാബാദ് ഒഴികെ എല്ലാ നഗരങ്ങളിലും ഇന്ത്യന്‍ ടീം കളിക്കും. കൂടാതെ ഗുവാഹത്തിയിലും തിരുവനന്തപുരത്തും സന്നാഹ മത്സരം കളിക്കാനുമെത്തും.
സാധാരണഗതിയില്‍ ആതിഥേയ ടീമിനാണ് കൂടുതല്‍ ഇളവ് ലഭിക്കേണ്ടത്. എന്നാല്‍ മറ്റൊരു ടീമിനും ഇത്രയേറെ ചെയ്യേണ്ടി വരില്ല. മറ്റു ടീമുകള്‍ ഒരു വേദിയില്‍ ഒന്നിലേറെ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. പാക്കിസ്ഥാന് അഞ്ച് നഗരങ്ങളിലേ കളിക്കുന്നുള്ളൂ.
ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ മത്സരം കളിച്ച ശേഷം അഫ്ഗാനിസ്ഥാനെ നേരിടാന്‍ ദല്‍ഹിയിലേക്ക് പോവണം. 1761 കിലോമീറ്ററാണ് ഇതിനായി സഞ്ചരിക്കേണ്ടത്. ബംഗ്ലാദേശിനും ന്യൂസിലാന്റിനുമെതിരായ കളികള്‍ക്കിടയില്‍ മൂന്നു ദിവസത്തെ ഇടവേളയേ ഉള്ളൂ. എന്നാല്‍ പൂനെയില്‍ ബംഗ്ലാദേശിനെ നേരിട്ട ശേഷം ന്യൂസിലാന്റുമായി കളിക്കാന്‍ ധര്മശാലയിലെത്താന് സഞ്ചരിക്കേണ്ടത് 1936 കിലോമീറ്ററാണ്. അവസാന ഘട്ടമാവുമ്പോഴേക്കും യാത്രയും കടുപ്പമാവും. അവസാന മൂന്നു കളികള്‍ക്കായി മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കും അവിടെ നിന്ന് മടങ്ങി ബംഗളൂരുവിലുമെത്തണം. മൊത്തം 3100 കിലോമീറ്റര്‍.
അതേസമയം പല ടീമുകള്‍ക്കും ഒരാഴ്ചയോളം ഒരു നഗരത്തില്‍ കഴിയാം. യാത്രയേ വേണ്ടി വരില്ല. യാത്രാ ക്ഷീണമുണ്ടാവില്ലെന്നതിനു പുറമെ വ്യത്യസ്ത കാലാവസ്ഥയില്‍ കളിക്കേണ്ടി വരികയുമില്ല.
പാക്കിസ്ഥാന് ടീം ബംഗളൂരുവിലും ചെന്നൈയിലും ഹൈദരാബാദിലും കൊല്‍ക്കത്തയിലും രണ്ടു വീതം മത്സരങ്ങള്‍ കളിക്കും. ആദ്യ ആഴ്ച ഹൈദരാബാദിലും മറ്റൊരാഴ്ച ചെന്നൈയിലും ചെലവിടും. 6800 കിലോമീറ്ററാണ് അവര്‍ക്ക് സഞ്ചരിക്കേണ്ടി വരിക. ഇന്ത്യന്‍ ടീം കഴിഞ്ഞാല്‍ കൂടുതല്‍ സഞ്ചരിക്കേണ്ടി വരിക ഓസ്ട്രേലിയക്കാണ്. ഓസ്ട്രേലിയന്‍ ടീം എട്ട് നഗരങ്ങളില്‍ കളിക്കും. 8100 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടി വരിക.






