പോര്‍ട് ഓഫ് സ്‌പെയിന്‍ -ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള നൂറാം ക്രിക്കറ്റ് ടെസ്റ്റ്, തന്റെ അഞ്ഞൂറാം രാജ്യാന്തര മത്സരംവിരാട് കോലി സെഞ്ചുറിയോടെ ആഘോഷിക്കുമോ? ഇരുപത്തൊമ്പതാം ടെസ്റ്റ് സെഞ്ചുറിയോടെ ഡോണ്‍ ബ്രാഡ്മാനൊപ്പമെത്താന്‍ കോലിക്ക് 13 റണ്‍സ് കൂടി മതി. പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം നാലിന് 288 ലാണ് ഇന്ത്യ അവസാനിപ്പിച്ചത്. കോലിക്കൊപ്പം (87 നോട്ടൗട്ട്) രവീന്ദ്ര ജദേജയാണ് (36 നോട്ടൗട്ട്) ക്രീസില്‍. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 106 റണ്‍സ് പിന്നിട്ടു. കോലിയുടെ 111ാം ടെസ്റ്റാണ് ഇത്. 274 ഏകദിനങ്ങളും 115 ട്വന്റി20 കളും കോലി ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്. മൂന്നു രൂപത്തിലുള്ള ക്രിക്കറ്റിലുമായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ചത് സചിന്‍ ടെണ്ടുല്‍ക്കറാണ്, 664. കോലി പത്താമതാണ്.
ഇടങ്കൈയന്‍ സ്പിന്നര്‍ ജോമല്‍ വാരികാനെ ബൗണ്ടറി കടത്തിയാണ് കോലി തന്റെ മുപ്പതാം അര്‍ധ ശതകത്തിലെത്തിയത്. ആദ്യ ദിനം വിക്കറ്റ് പോവാതെ 121 ല്‍ ലഞ്ചിന് പോയ ഇന്ത്യക്ക് തിരിച്ചുവന്ന ശേഷമാണ് തിരിച്ചടിയേറ്റത്. നാല് വിക്കറ്റ് സന്ദര്‍ശകര്‍ക്ക് നഷ്ടപ്പെട്ടു. യശസ്വി ജയ്‌സ്വാളിനെ (57) പുറത്താക്കി 139 റണ്‍സ് ഓപണിംഗ് വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തത് ജെയ്‌സന്‍ ഹോള്‍ഡറാണ്. ശുഭ്മന്‍ ഗില്ലിനെ (10) കെമാര്‍ റോച്ച് പുറത്താക്കി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ (80) വാരികാന്‍ ബൗള്‍ഡാക്കി. ഷാനന്‍ ഗബ്രിയേലിന്റെ ബൗളിംഗില്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെയും (8) കുറ്റി തെറിച്ചു. എന്നാല്‍ ചായക്കു ശേഷം ഇന്ത്യ വീണ്ടും കടിഞ്ഞാണേറ്റെടുത്തു.






