യോസു - പി.വി സിന്ധുവും കിഡംബി ശ്രീകാന്തും കൊറിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. മലയാളി താരം എച്ച്.എസ് പ്രണോയ് രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
സിന്ധുവിനെ 21-18, 10-21, 21-13 ന് ചൈനയുടെ പായ് യു പോയാണ് തോല്പിച്ചത്. ലോക റാങ്കിംഗില്‍ പതിനേഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ സിന്ധു പുതിയ കോച്ചായി ഇന്തോനേഷ്യന്‍ താരം മുഹമ്മദ് ഹാഫിസ് ഹാശിമിനെ നിയമിച്ചിരുന്നു. അദ്ദേഹത്തിന് കീഴില്‍ സിന്ധുവിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ഈ വര്‍ഷം കളിച്ച 12 ടൂര്‍ണമെന്റുകളില്‍ ആറാം തവണയാണ് സിന്ധു ആദ്യ റൗണ്ടില്‍ പുറത്താവുന്നത്. മാളവിക ബന്‍സോദ്, അഷ്മിത ചാലിഹ, ആകര്‍ഷി കശ്യപ് എന്നിവരും ആദ്യ റൗണ്ട് കടന്നില്ല.
ശ്രീകാന്തിനെ ജപ്പാന്റെ കെന്ഡൊ മൊമോതയാണ് 21-12, 22-24, 17-21 ന് തോല്പിച്ചത്. പ്രണോയ് 21-13, 21-17 ന് ബെല്‍ജിയത്തിന്റെ ജൂലിയന്‍ കരാഗിയെ കീഴടക്കി. കിരണ്‍ ജോര്‍ജ്, മിഥുന് മഞ്ജുനാഥ് എന്നിവരും ആദ്യ റൗണ്ടില്‍ വീണു.






