ലില്‍ - ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കും ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ മാഴ്സെലൊ ബ്രോസവിച്ചിനും കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഓസ്പിനക്കും പിന്നാലെ മറ്റൊരു പ്രമുഖ കളിക്കാരന് കൂടി സൗദി പ്രൊ ലീഗ് ക്ലബ്ബ് അന്നസ്റില്‍ ചേര്‍ന്നു. ഫ്രഞ്ച് ക്ലബ്ബ് ലെന്‍സിന്റെ നായകനായിരുന്ന സെകൊ ഫൊഫാനയാണ് അന്നസ്റിന്റെ ക്ഷണം സ്വീകരിച്ചത്. ഐവറികോസ്റ്റ് മിഡ്ഫീല്‍ഡറായ ഇരുപത്തെട്ടുകാരന് ലെന്സിനു വേണ്ടി 112 കളികളില്‍ 21 ഗോളടിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പാണ് ലെന്‍സില്‍ ചേര്‍ന്നത്. 21 വര്‍ഷത്തെ ഇടവേളക്കു ശേഷം ലെന്‍സ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനൊരുങ്ങുമ്പോഴാണ് ഫൊഫാന ക്ലബ്ബ് വിട്ടത്. ഇത്തവണ ഫ്രഞ്ച് ലീഗില്‍ ലെന്‍സ് മിന്നുന്ന പ്രകടനം കാഴ്ചവെക്കുകയും ചാമ്പ്യന്മാരായ പി.എസ്.ജിക്ക് ഒരു പോയന്റ് പിന്നിലെത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഫ്രഞ്ച് ലീഗ് സീസണിലെ മികച്ച കളിക്കാരിലൊരാളായിരുന്നു ഫൊഫാന. 72 തവണ ലെന്‍സിനെ നയിച്ചിട്ടുണ്ട്. കീലിയന്‍ എംബാപ്പെ, ലിയണല്‍ മെസ്സി എന്നീ നാല് സ്ട്രൈക്കര്‍മാര്‍ക്കൊപ്പം പ്ലയര്‍ ഓഫ് ദ ഇയറിനുള്ള ചുരുക്കപ്പട്ടികയില്‍ സ്ഥാനം പിടിച്ച ഏക മിഡ്ഫീല്‍ഡറായിരുന്നു. വൈകാതെ ഫൊഫാന ലെന്‍സ് ഓഹരിയുടമയാവുമെന്ന് ക്ലബ്ബ് അറിയിച്ചു.
പാരിസ് എഫ്.സിയിലാണ് ഫൊഫാന കരിയര്‍ തുടങ്ങിയത്. ലോറിയന്റിലും ചെലവിട്ട ശേഷം 2014 ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേര്‍ന്നു. എന്നാല്‍ അവര്‍ക്കു വേണ്ടി ഒരു മത്സരം പോലും കളിച്ചില്ല. ഫുള്ഹമിലേക്കും ബാസ്റ്റിയയിലേക്കും ലോണായി കൈമാറ്റം ചെയ്യപ്പെട്ടു. നാലു വര്‍ഷം യൂഡിനീസെയിലും ചെലവിട്ട ശേഷമാണ് ലെന്സിലെത്തിയത്. 2020 ല്‍ ലെന്‍സ് ഫ്രഞ്ച് ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടിയിട്ടേയുണ്ടായിരുന്നുള്ളൂ അപ്പോള്‍.






