മെല്‍ബണ്‍ - ഏറ്റവും വലിയ വനിതാ ലോകകപ്പ് ഫുട്‌ബോളിന് ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലുമായി വ്യാഴാഴ്ച കിക്കോഫ്. നാലു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഹാട്രിക് കിരീടമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. 2015 ല്‍ കാനഡയിലും 2019 ല്‍ ഫ്രാന്‍സിലും നടന്ന ടൂര്‍ണമെന്റുകളില്‍ അമേരിക്കയാണ് ചാമ്പ്യന്മാരായത്. ഇത്തവണ അവര്‍ കൂടുതല്‍ വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എട്ട് ഗ്രൂപ്പുകളിലായാണ് 32 ടീമുകള്‍ മത്സരിക്കുക. ഓഗസ്റ്റ് മൂന്ന് വരെ ഗ്രൂപ്പ് മത്സരങ്ങള്‍ നീണ്ടുനില്‍ക്കും. ഓഗസ്റ്റ് 11 നും 12 നുമായി ക്വാര്‍ട്ടര്‍ ഫൈനലുകളും ഓഗസ്റ്റ് 15 നും 16 നുമായി സെമി ഫൈനലുകളും നടക്കും. സിഡ്‌നിയിലാണ് ഫൈനല്‍, ഓഗസ്റ്റ് 20 ന്. 2019 ല്‍ ഫൈനല്‍ കളിച്ച അമേരിക്കയും നെതര്‍ലാന്റ്‌സും ഇത്തവണ ഒരു ഗ്രൂപ്പിലാണ്. ഈ ടീമുകള്‍ തമ്മിലുള്ള ഗ്രൂപ്പ് മത്സരം 27 നാണ്.
നിരവധി പ്രമുഖ കളിക്കാരികള്‍ക്ക് ഇത് അവസാന ലോകകപ്പായേക്കും. ബ്രസീലിന്റെ മാര്‍ത്ത ആദ്യമായി ലോകകപ്പ് നേടാനുള്ള പരിശ്രമത്തിലാണ്. ഓസ്‌ട്രേലിയയുടെ സാം കെര്‍, ഫ്രാന്‍സിന്റെ വെന്‍ഡി റെനൊ, അമേരിക്കയുടെ അലക്‌സ് മോര്‍ഗന്‍ എന്നിവരും ഇത്തവണ അവസാനമായി ലോകകപ്പില്‍ ബൂട്ട് കെട്ടും. നാലാം ലോകകപ്പ് കളിക്കുന്ന അമേരിക്കയുടെ മെഗാന്‍ റപീനൊ ഈ വര്‍ഷാവസാനം വിരമിക്കും. കാനഡയുടെ നാല്‍പതുകാരി മാത്യു സിന്‍ക്ലയര്‍ ലോക റെക്കോര്‍ഡായ 190 രാജ്യാന്തര ഗോളുകളിലേക്ക് എണ്ണം കൂട്ടാനുള്ള ശ്രമത്തിലായിരിക്കും.
നിരവധി യുവതാരങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റിയേക്കും. അമേരിക്കയുടെ ഇരുപത്തിരണ്ടുകാരി ഫോര്‍വേഡ് സോഫിയ സ്മിത്ത്, ജമൈക്കയുടെ ഇരുപത്തൊന്നുകാരി ജോഡി ബ്രൗണ്‍, ഹയ്തിയുടെ പത്തൊമ്പതുകാരി മെല്‍ഷി ഡുമോര്‍ണേ, അമേരിക്കയില്‍ ജനിച്ച തെക്കന്‍ കൊറിയയുടെ പതിനാറുകാരി കെയ്‌സി ഫയര്‍ എന്നിവര്‍ താരപ്രഭയിലാണ് ടൂര്‍ണമെന്റിനെത്തുന്നത്.
പരിക്കുകള്‍ അലട്ടുന്നുണ്ടെങ്കിലും അമേരിക്കയാണ് ഫിഫ റാങ്കിംഗില്‍ ഒന്നാമത്. 2003 ലും 2007 ലും ചാമ്പ്യന്മാരായ ജര്‍മനിയാണ് രണ്ടാം സ്ഥാനത്ത്. 2016 ലെ ഒളിംപിക്‌സിന്റെ ക്വാര്‍ട്ടറില്‍ അമേരിക്കയെ അട്ടിമറിച്ച സ്വീഡന്‍ മൂന്നാം സ്ഥാനത്തുണ്ട്. ഏഴാം റാങ്കായ കാനഡയാണ് നിലവിലെ ഒളിംപിക് ചാമ്പ്യന്മാര്‍. ബെത് മെഡ്, ഫ്രാന്‍ കിര്‍ബി, ലിയ വില്യംസണ്‍ എന്നിവരുടെ പരിക്ക് യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ദുര്‍ബലമാക്കിയിട്ടുണ്ട്. കളിക്കാരികളുടെ കലാപത്തെത്തുടര്‍ന്ന് കോച്ചിനെ മാറ്റിയാണ് ഫ്രാന്‍സ് വരുന്നത്. സൗദി അറേബ്യയുടെ പുരുഷ ടീമിനെ ഖത്തര്‍ ലോകകപ്പില്‍ പരിശീലിപ്പിച്ച ഹെര്‍വ് റെനോയാണ് ഫ്രാന്‍സ് കോച്ചായി ചുമതലയേറ്റത്. ഓസ്‌ട്രേലിയ ആതിഥേയര്‍ മാത്രമല്ല, കിരീടസാധ്യതയിലും മുന്നിലുണ്ട്.
സഹ ആതിഥേയരായ വനിതാ ഫുട്‌ബോള്‍ വേരു പിടിച്ചു വരുന്നതേയുള്ളൂ. റഗ്ബിയാണ് അവരുടെ പ്രിയപ്പെട്ട ഗെയിം. എന്നാല്‍ ഗ്രൂപ്പ് എ-യില്‍ മുന്‍ ചാമ്പ്യന്മാരായ നോര്‍വെക്കെതിരെ ഓക്‌ലന്റില്‍ ന്യൂസിലാന്റ് കളി തുടങ്ങുമ്പോള്‍ ആവേശത്തിന് ഒട്ടും കുറവുണ്ടാവില്ല. സിഡ്‌നിയില്‍ അയര്‍ലന്റുമായി ഓസ്‌ട്രേലിയ ഏറ്റുമുട്ടും. ഓക്‌ലന്റിലെ ന്യൂസിലാന്റ്-നോര്‍വെ മത്സരം അര ലക്ഷത്തോളം പേര്‍ വീക്ഷിക്കും. ന്യൂസിലാന്റില്‍ ആദ്യമായാണ് ഇത്രയും പേര്‍ ഫുട്‌ബോള്‍ മത്സരം വീക്ഷിക്കുക. ഓസ്‌ട്രേലിയയുടെ മത്സരം 82,000 പേര്‍ കാണും.






