സിന്ധുവിന് എന്തു പറ്റി? പതിറ്റാണ്ടിലെ മോശം റാങ്ക്

ന്യൂദല്‍ഹി - മുന്‍ ലോക ചാമ്പ്യനും ഇരട്ട ഒളിംപിക് മെഡലുകാരിയുമായ പി.വി സിന്ധു സ്ഥിരത പുലര്‍ത്താന്‍ പ്രയാസപ്പെടുന്നു. പരിക്കു കാരണം അഞ്ച് മാസത്തോളം വിട്ടുനിന്ന ഹൈദരാബാദുകാരിക്ക് പഴയ താളം വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ഈ സീസണില്‍ ഒരു കിരീടം പോലും ഉയര്‍ത്താനാവാതിരുന്ന സിന്ധു ലോക റാങ്കിംഗില്‍ പതിനേഴാം സ്ഥാനത്തേക്കു പോയി. ഒരു പതിറ്റാണ്ടിലെ ഏറ്റവും മോശം റാങ്കിംഗ്. പുതിയ റാങ്കിംഗില്‍ അഞ്ച് സ്ഥാനമാണ് താഴേക്കു പോയത്. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കു വരെ സിന്ധു ഉയര്‍ന്നിരുന്നു. 2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കിരീടത്തിലേക്കുള്ള മുന്നേറ്റത്തിനിടയിലാണ് സിന്ധുവിന് പരിക്കേറ്റത്. 
2016 ഏപ്രിലില്‍ ലോക രണ്ടാം നമ്പറായ ശേഷം ആദ്യ പത്തില്‍ സിന്ധു ഉണ്ടായിരുന്നു. ഇത് ഒളിംപിക്‌സിന്റെ യോഗ്യതാ പീരീയഡായതിനാല്‍ മുന്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യനായ ഇന്തോനേഷ്യന്‍ കോച്ച് മുഹമ്മദ് ഹഫീസ് ഹാശിമിനെ സിന്ധു പരിശീലകനായി നിയമിച്ചിട്ടുണ്ട്. 
ഈ വര്‍ഷം സിന്ധുവിന്റെ മികച്ച പ്രകടനം മഡ്രീഡ് മാസ്റ്റേഴ്‌സില്‍ ഫൈനലിലെത്തിയതാണ്. മലേഷ്യ മാസ്റ്റേഴ്‌സിലും കാനഡ ഓപണിലും സെമി ഫൈനലിലെത്തി. 
മലയാളി താരം എച്ച്.എസ് പ്രണോയ് ഒരു സ്ഥാനം പിന്നോട്ടുപോയെങ്കിലും (10) ഇന്ത്യയില്‍ ഒന്നാം നമ്പറായി തുടരുന്നു. സയ്‌ന നേവാള്‍ മുപ്പത്താറാം സ്ഥാനത്താണ്. ഡബ്ള്‍സില്‍ സത്വിക് സായരാജ്-ചിരാഗ് ഷെട്ടി സഖ്യം മൂന്നാം സ്ഥാനത്തുണ്ട്. വനിതാ ഡബ്ള്‍സില്‍ മികച്ച ഇന്ത്യന്‍ ടീം മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യമാണ്. പത്തൊമ്പതാം സ്ഥാനത്ത്. മിക്‌സഡ് ഡബ്ള്‍സില്‍ ആദ്യ ഇരുപത്തഞ്ചില്‍ ഒരു ഇ്ന്ത്യന്‍ ജോഡിയുമില്ല. 

Latest News