വിക്ടോറിയ പിന്മാറി, കോമ. ഗെയിംസ് മരണ മണി

മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ സ്‌റ്റെയ്റ്റായ വിക്ടോറിയ പിന്മാറിയതോടെ 2026 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അനിശ്ചിതത്വത്തിലായി. ചെലവ് കുത്തനെ ഉയര്‍ന്നതാണ് പിന്മാറ്റത്തിന് കാരണം. 200 കോടി ഓസ്‌ട്രേലിയന്‍ ഡോളറില്‍ ഗെയിംസ് നടത്താമെന്നായിരുന്നു കരുതിയതെന്നും അത് 700 കോടി ഡോളര്‍ വരെയാവാമെന്നാണ് പുതിയ നിഗമനമെന്നും വിക്ടോറിയ പ്രധാനമന്ത്രി ഡാനിയേല്‍ ആന്‍ഡ്രൂസ് പറഞ്ഞു. അത്രയും തുക സ്‌പോര്‍ട്‌സിനായി ഒഴുക്കുന്നത് ആലോചിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. 
കോമണ്‍വെല്‍ത്ത് ഗെയിംസ് എന്ന ആശയം തന്നെ അവസാനിച്ചേക്കാവുന്നതാണ് വിക്ടോറിയയുടെ തീരുമാനം. അതിവേഗം പ്രസക്തി നഷ്ടപ്പെടുന്ന ഗെയിംസ് ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവരുന്നില്ല. 2022 ലെ ഗെയിംസ് ആതിഥേയരായ ദക്ഷിണാഫ്രിക്കയിലെ ദര്‍ബനെ സമയക്രമം പാലിക്കാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നു. ഇംഗ്ലണ്ടിലെ ബേമിംഗ്ഹാമിലാണ് ഒടുവില്‍ ഗെയിംസ് അരങ്ങേറിയത്. 
ബ്രിട്ടിഷ് സാമ്രാജ്യത്തിലെ അംഗങ്ങളായിരുന്ന 54 രാജ്യങ്ങളില്‍ നിന്ന് നാലായിരത്തിലേറെ അത്‌ലറ്റുകളാണ് ഗെയിംസില്‍ പങ്കെടുത്തിരുന്നത്. 2026 ലെ ഗെയിംസ് വിക്ടോറിയയിലെ അഞ്ച് പ്രദേശങ്ങളില്‍ സംഘടിപ്പിക്കാനും ഓരോ പ്രദേശത്തും അത്‌ലറ്റ് ഗ്രാമം സ്ഥാപിക്കാനുമായിരുന്നു നീക്കം. 
കരാര്‍ റദ്ദാക്കുമ്പോള്‍ എത്ര തുക നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് വ്യക്തമല്ല. വിക്ടോറിയയുടെ തീരുമാനം തീര്‍ത്തും നിരാശാജനകമാണെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ വിലയിരുത്തി.
 

Latest News