ലോകം കീഴടക്കാന്‍ പെണ്‍പട, വീണ്ടും ലോകകപ്പ് ഹരം

മെല്‍ബണ്‍ - കൂടുതല്‍ ടീമുകളും കൂടുതല്‍ കളിക്കാരും അണിനിരക്കുന്ന വനിതാ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശപ്പൂരത്തിലേക്ക് ലോകം ഉണരുന്നു. ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലുമായി വ്യാഴാഴ്ച ലോകകപ്പ് ആരംഭിക്കും. ഒരു മാസത്തോളം നീളുന്ന ടൂര്‍ണമെന്റ് ഓഗസ്റ്റ് 20 ന് സിഡ്‌നിയിലെ ഫൈനലോടെയാണ് തിരശ്ശീല വീഴുക. ചരിത്രത്തിലാദ്യമായി 32 ടീമുകള്‍ ഏറ്റുമുട്ടുന്ന ലോകകപ്പാണ് ഇത്. കഴിഞ്ഞ രണ്ടു തവണയും ചാമ്പ്യന്മാരായ ടീമെന്ന നിലയില്‍ അമേരിക്കയാണ് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നിര. ചരിത്രത്തിലാദ്യമായി ഹാട്രിക് കിരീടം നേടാനൊരുങ്ങുകയാണ് അവര്‍. ജര്‍മനി (2003, 2007), ജപ്പാന്‍ (2011), നോര്‍വെ (1995) തുടങ്ങിയ മുന്‍ ചാമ്പ്യന്മാരും ഇത്തവണ കിരീടമോഹവുമായി എത്തുന്നുണ്ട്. 
പോര്‍ചുഗല്‍ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയതും സാംബിയ ജര്‍മനിയെ അട്ടിമറിച്ചതുമൊക്കെ പരിഗണിക്കുമ്പോള്‍ സമീപകാലത്തെ ഏറ്റവും തുറന്ന ടൂര്‍ണമെന്റായിരിക്കും ഇത്തവണത്തേത്. അമേരിക്ക കഴിഞ്ഞ രണ്ടു തവണ ചാമ്പ്യന്മാരായെങ്കിലും ഏറെ മാറ്റങ്ങളുമായാണ് അവരെത്തുന്നത്. യുവത്വത്തിനാണ് കോച്ച് വ്‌ലാറ്റ്‌കൊ ആന്‍ഡനോവ്‌സ്‌കി മുന്‍തൂക്കം നല്‍കിയത്. നവോമി ഗിര്‍മ പ്രതിരോധത്തിനും സോഫിയ സ്മിത്ത് ആക്രമണത്തിനും ചുക്കാന്‍ പിടിക്കും. നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഉള്‍പ്പെടെ നിരവധി ടീമുകള്‍ക്ക് അവരെ പിടിച്ചുകെട്ടാനാവും. ബെത് മെഡിനും ലിയ വില്യംസനും പരിക്കേറ്റതും ഫ്രാന്‍ കിര്‍ബി വിട്ടുനില്‍ക്കുന്നതും ഇംഗ്ലണ്ടിന് ക്ഷീണമാണ്. 
നിലവിലെ ഒളിംപിക് ചാമ്പ്യന്മാരായ കാനഡയാണ് വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കുന്ന മറ്റൊരു ടീം. ഒളിംപിക്‌സില്‍ അവരെ കിരീടത്തിലേക്ക് നയിച്ച ജെസി ഫ്‌ളെമിംഗ് ഫോമില്‍ തുടരുന്നുണ്ട്. വനിതാ ഫുട്‌ബോളില്‍ ഗോളടി റെക്കോര്‍ഡിനുടമയായ ക്രിസ്റ്റിന്‍ സിന്‍ക്ലയറും അവര്‍ക്ക് കരുത്തു പകരും. 190 ഗോളുണ്ട് ക്രിസ്റ്റീന്റെ പേരില്‍. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെക്കാളും മുന്നിലാണ്. 
നിലവിലെ യൂറോ റണ്ണറപ്പാണ് ജര്‍മനി. വിയറ്റ്‌നാം, സാംബിയ, ഹയ്തി, മൊറോക്കൊ, പാനമ, ഫിലിപ്പൈന്‍സ്, പോര്‍ചുഗല്‍, അയര്‍ലന്റ് ടീമുകള്‍ക്ക് അരങ്ങേറ്റമാണ്. വിരമിക്കുന്ന മാര്‍ത്തക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രസീല്‍ ബൂട്ട് കെട്ടുന്നത്. അരങ്ങേറ്റക്കാരാണെങ്കിലും സാംബിയ കറുത്ത കുതിരകളായേക്കും. ബാര്‍ബാറ ബാന്‍ഡ ഒളിംപിക്‌സില്‍ തുടര്‍ച്ചയായ കളികളില്‍ ഹാട്രിക് നേടിയിരുന്നു. അതിലൊന്ന് നെതര്‍ലാന്റ്‌സിനെതിരെയായിരുന്നു. ഫിലിപ്പൈന്‍സ്, ആതിഥേയരായ ഓസ്‌ട്രേലിയ ടീമുകളും ഒന്നിനൊന്ന് മെച്ചമാണ്. 

Latest News