ഫോര്‍ട് ലോഡര്‍ഡെയ്ല്‍ - മേജര്‍ ലീഗ് സോക്കറില്‍ പുതുവിപ്ലവം സൃഷ്ടിക്കാന്‍ ലിയണല്‍ മെസ്സി എത്തി. ഇന്റര്‍ മയാമിയിലെ പുതിയ കരിയറിന് തുടക്കമിടാനെത്തിയ അര്‍ജന്റീനക്കാരനെ ടീം ഉടമയും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനുമായ ഡേവിഡ് ബെക്കാം ആലിംഗിനം ചെയ്ത് സ്വീകരിച്ചു. പത്താം നമ്പര്‍ ജഴ്സിയാണ് മെസ്സി ക്ലബ്ബില്‍ ധരിക്കുക. കൊടും തണുപ്പില്‍ അരങ്ങേറ്റം നീട്ടിവെക്കേണ്ടി വന്നെങ്കിലും കനത്ത മഴ വെക്കാതെ നിറഞ്ഞ സ്റ്റേഡിയമാണ് മെസ്സിയെ സ്വീകരിച്ചത്. എല്ലാവര്ക്കും തന്റെയും കുടുംബത്തിന്റെയും പേരില്‍ മെസ്സി നന്ദി പറഞ്ഞു.
ഫുട്ബോള്‍ തട്ടിയ ഏറ്റവും മികച്ച കളിക്കാരിലൊരാളെ പരമ്പരാഗത മയാമി ആഘോഷത്തോടെ സ്വീകരിക്കുന്നുവെന്ന് ബെക്കാം സ്വാഗതം ചെയ്തു. മെസ്സിയുമായി കരാറൊപ്പിടാനുള്ള ടീമുകളുടെ പട്ടിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ ഇന്റര്‍ മയാമിയും കണ്ടവര്‍ ആദ്യം ചിരിക്കുകയാണ് ചെയ്തത്. മേജര്‍ ലീഗ് സോക്കറിന്റെ മുഖ്യ നടത്തിപ്പുകാരനായ ഡോണ്‍ ഗാര്‍ബര്‍ പോലും അത് വിശ്വസിച്ചില്ല. 11 കളികളിലായി ജയിക്കാത്ത, മേജര്‍ ലീഗില്‍ ഏറ്റവും പോയന്റ് കുറഞ്ഞ ടീമിലേക്കാണ് മെസ്സി വരുന്നത്.
മെസ്സിക്ക് ഇനി തിരക്കേറിയ വാരമാണ്. ചൊവ്വാഴ്ചയാണ് ആദ്യ ഔദ്യോഗിക പരിശീലനം. അത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വീക്ഷിക്കാം. വെള്ളിയാഴ്ച ലീഗ്സ് കപ്പില്‍ മെക്സിക്കോയിലെ ക്രൂസ് അസൂളിനെ നേരിടും. ആ മത്സരത്തില്‍ സെര്‍ജിയൊ ബുസ്ക്വെറ്റ്സും അരങ്ങേറും. മെസ്സിയും ബുസ്ക്വെറ്റ്സും ബാഴ്സലോണയില്‍ സഹതാരങ്ങളായിരുന്നു.
2026 ല്‍ ലോകകപ്പിന് ആതിഥ്യമരുളുന്ന അമേരിക്കയിലെ ഫുട്ബോളിന്റെ പെരുമ വര്‍ധിപ്പിക്കുന്നതായിരിക്കും മെസ്സിയുടെ ആഗമനം. മേജര്‍ ലീഗ് സോക്കറില്‍ പുതിയ അധ്യായമാണ് ആരംഭിക്കുന്നതെന്ന് ബെക്കാം അഭിപ്രായപ്പെട്ടു.






