കടലില്‍ മഹാദ്ഭുതം തീര്‍ക്കാന്‍ പാരിസ് ഒളിംപിക്‌സ് സംഘാടകര്‍

പാരിസ് - ഒളിംപിക്‌സിന് ഒരു വര്‍ഷം ശേഷിക്കെ പുതുമയുള്ള ഉദ്ഘാടനച്ചടങ്ങിനായി സിന്‍ നദിയില്‍ 40 ബോട്ടുകളുമായി റിഹേഴ്‌സല്‍. സിന്‍ നദിയിലാണ് അത്‌ലറ്റുകളുടെ പരേഡ് സംഘടിപ്പിക്കുന്നത്. നദിയിലൂടെ 100 ബോട്ടുകളില്‍ അത്‌ലറ്റുകള്‍ ആറു കിലോമീറ്റര്‍ സഞ്ചരിക്കും. അത്‌ലറ്റുകളും ടി.വി സംഘവും എമര്‍ജന്‍സി സര്‍വീസ് ബോട്ടുകളുമായിരിക്കും ആ സമയത്ത് നദിയിലൂടെ സഞ്ചരിക്കുക. അതേ രീതിയിലാണ് 40 ബോട്ടുകള്‍ ഇന്നലെ റിഹേഴ്‌സല്‍ നടത്തിയത്. എമര്‍ജന്‍സി സര്‍വീസുകളും സംഘാടകരുടെ പ്രതിനിധികളും ടി.വി ചാനല്‍ സംഘവുമായി 18 ബോട്ടുകള്‍ കൂടി റിഹേഴ്‌സലില്‍ പങ്കെടുത്തു. 
മുഖ്യ മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടനച്ചടങ്ങ് നടക്കുന്നത് ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായായിരിക്കും. നദിയിലൂടെ സഞ്ചരിക്കുന്ന അത്‌ലറ്റുകളുടെയും കരയില്‍ ചടങ്ങ് വീക്ഷിക്കുന്ന ആയിരങ്ങളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുക വലിയ വെല്ലുവിളിയായിരിക്കും. നാല്‍പത്തൊന്നുകാരനായ ഫ്രഞ്ച് തിയേറ്റര്‍ ഡയരക്ടര്‍ തോമസ് ജോളിയാണ് ഉദ്ഘാടനച്ചടങ്ങ് ഒരുക്കുന്നത്. ചടങ്ങിന്റെ വിശദാംശങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. 
സീന്‍ നദിയുടെ കരയിലെ ഒരു ലക്ഷത്തോളം പ്രധാന കേന്ദ്രങ്ങളിലെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് സൗജന്യമായി ചടങ്ങ് വീക്ഷിക്കാം. 80 ദിവസത്തോളം ദീപശിഖാ റാലിയുണ്ടാവും. അതും സംഭവമാക്കാനാണ് നീക്കം. ഗ്രീസില്‍ നിന്ന് കടല്‍ മാര്‍ഗം മാഴ്‌സെയുടെ തെക്കന്‍ പോര്‍ടിലെത്തുന്ന ദീപശിഖ പ്രധാന കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. 2024 ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയായിരിക്കും ഒളിംപിക്‌സ്. 

Latest News