വന്‍ഡ്രൂസോവ വണ്ടര്‍, റാങ്കിംഗില്‍ വന്‍ കുതിപ്പ്

വിംബിള്‍ഡണ്‍ - നോവക് ജോകോവിച്ചിനെ തോല്‍പിച്ച് വിംബിള്‍ഡണ്‍ ടെന്നിസ് ചാമ്പ്യനായതോടെ ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് കാര്‍ലോസ് അല്‍കാരസ് തുടരും. അതേസമയം വനിതാ ചാമ്പ്യന്‍ മാര്‍ക്കെറ്റ വന്‍ഡ്രൂസോവക്ക് റാങ്കിംഗില്‍ നല്ല കുതിപ്പുണ്ടാവും. 
തുനീഷ്യയുടെ ഉന്‍സ് ജാബിറിനെ തോല്‍പിച്ച് കിരീടമുയര്‍ത്തിയതോടെ വന്‍ഡ്രൂസോവ 32 സ്ഥാനം മുന്നോട്ടുകയറി. പുതിയ റാങ്കിംഗില്‍ പത്താം സ്ഥാനത്താണ്. വിംബിള്‍ഡണ്‍ സ്വന്തമാക്കുന്ന ആദ്യ സീഡില്ലാ താരമാണ് വന്‍ഡ്രൂസോവ. ഇരുപത്തിനാലുകാരി 6-4, 6-4 നാണ് ഉന്‍സിനെ തോല്‍പിച്ചത്. പ്രസവത്തിനായി വിട്ടുനിന്ന ശേഷം തിരിച്ചുവന്ന് മൂന്നു മാസം പിന്നിടും മുമ്പെ എലീന സ്വിറ്റോലിന 49 സ്ഥാനം മുന്നോട്ടുകയറി. 76ാം സ്ഥാനത്തു നിന്ന് ഇരുപത്തേഴാം സ്ഥാനത്തേക്കു കുതിച്ചു. പുരുഷ വിഭാഗത്തില്‍ ഏറ്റവും വലിയ മുന്നേറ്റം നടത്തിയത് അഞ്ചാം സീഡ് സ്റ്റെഫനോസ് സിറ്റ്‌സിപാസിനെയും പന്ത്രണ്ടാം സീഡ് കാം നോറിയെയും അട്ടിമറിച്ച ക്രിസ് യൂബാങ്ക്‌സാണ്. 12 സ്ഥാനം യൂബാങ്ക്‌സ് മുന്നോട്ടുകയറി. 
1-6, 7-6 (8-6), 6-4, 3-6, 6-4 നാണ് നോവക്കിനെ അല്‍കാരസ് തോല്‍പിച്ചത്. കഴിഞ്ഞ നാല് ഗ്രാന്റ്സ്ലാമുകള്‍ക്കിടയില്‍ മൂന്നാം തവണയാണ് ഫൈനലിലെ പോരാട്ടം പുരുഷ ഒന്നാം നമ്പറിനെ നിശ്ചയിക്കുന്നത്. യു.എസ് ഓപണില്‍ കാസ്പര്‍ റൂഡിനെ തോല്‍പിച്ചതോടെ ലോക ഒന്നാം നമ്പറാവുന്ന പ്രായം കുറഞ്ഞ കളിക്കാരനായി അല്‍കാരസ്. ഓസ്‌ട്രേലിയന്‍ ഓപണില്‍ നോവക് ജോകോവിച് ഒന്നാമതെത്തി. 
ഈദ ഷ്വിയോന്‍ടെക്കിന് വനിതാ ഒന്നാം നമ്പര്‍ പദവി നഷ്ടപ്പെടേണ്ടതായിരുന്നു. എന്നാല്‍ രണ്ടാം സീഡ് അരീന സബലെങ്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റതോടെ ഈഗ രക്ഷപ്പെട്ടു. വനിതാ റാങ്കിംഗില്‍ ആദ്യ ഏഴു സ്ഥാനങ്ങളില്‍ മാറ്റമില്ല. എലേന റിബാകീന, ജെസിക്ക പുഗോല, കരൊലൈന്‍ ഗാര്‍സിയ, ഉന്‍സ്, കോക്കൊ ഗഫ് തുടങ്ങിയവരാണ് ഈഗക്കും സബലെങ്കക്കും പിന്നില്‍.  

Latest News