ചിരിവീട് ഓർമയാകുമ്പോൾ

വയലാറും തകഴിയും മാത്രമല്ല, 
ബഷീറും വി.കെ. എന്നും 
എസ്.കെ. പൊറ്റെക്കാടും 
കടമ്മനിട്ടയും എൻ.പി. 
മുഹമ്മദും പത്മരാജനും 
ഒ.വി. വിജയനും എം.ടിയും 
കാക്കനാടനും മലയാറ്റൂർ 
രാമകൃഷ്ണനും പുനത്തിലും 
മുകുന്ദനും അഴീക്കോടും 
അടൂരും തിക്കോടിയനും 
സുരാസുവും പുനലൂർ 
ബാലനും തുടങ്ങി എത്രയെത്ര 
മഹാപ്രതിഭകൾ. ഇവർക്കെല്ലാം 
ആതിഥ്യമരുളി അവരുടെ 
കളിയും ചിരിയും തമാശകളുമെല്ലാം 
ഉയർന്നുകേട്ട മുറികളാണ് 
ഓർമത്താളിലേയ്ക്ക് മായുന്നത്.


കോഴിക്കോടൻ പാരമ്പര്യത്തിന്റെ ഒരു ഈടുവയ്പ് കൂടി നഷ്ടമാവുന്നു. സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമെല്ലാം അത്താണിയായിരുന്ന നീലഗിരി ലോഡ്ജാണ് മഴക്കാലം കഴിയുന്നതോടെ ഓർമ്മകളിലേയ്ക്കു മറയുന്നത്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് എതിർവശത്തായി ആനിഹാൾ റോഡിലാണ് നീലഗിരി ലോഡ്ജിന്റെ സ്ഥാനം. കാലപ്പഴക്കംകൊണ്ട് ജീർണിച്ചുതുടങ്ങിയ ഈ കെട്ടിടം തകർന്നുവീഴുമോ എന്ന ഭയംകൊണ്ടാണ് പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയാൻ ഉടമകൾ തീരുമാനിച്ചിരിക്കുന്നത്.
ടെമ്പിൾ അറ്റാച്ച്ഡ് മിസറബിൾ സ്‌റ്റേ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ഈ താമസകേന്ദ്രത്തിന് പറയാൻ ഒരുപാട് കഥകളുണ്ട്. എഴുത്തുകാരുടെയും കവികളുടെയും രാഷ്ട്രീയക്കാരുടെയുമെല്ലാം സംഗമസ്ഥലം കൂടിയായിരുന്നു നീലഗിരി ലോഡ്ജ്. ഉടമയായിരുന്ന രാമദാസ് വൈദ്യരാകട്ടെ ഇവരുടെയെല്ലാം പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു.
കവി വയലാർ രാമവർമയിൽനിന്നും തുടങ്ങാം. പണിതീരാത്ത വീട് എന്ന ചിത്രത്തിലെ 'നീലഗിരിയുടെ സഖികളേ... ജ്വാലാമുഖികളേ...' എന്നഗാനം അദ്ദേഹം രചിച്ചത് ഈ ലോഡ്ജ് മുറികളിലൊന്നിൽ വച്ചായിരുന്നു. മാത്രമല്ല, തകഴിയുടെയും പ്രിയപ്പെട്ട വാസസ്ഥലമായിരുന്നു ഈ ലോഡ്ജ്. അക്കാലത്ത് അദ്ദേഹം സമ്മാനിച്ച പത്തുരൂപ നോട്ട് ഇപ്പോഴും ചില്ലിട്ടു സൂക്ഷിച്ചിട്ടുണ്ടിവിടെ. ലുബ്ധനായ തകഴി നൽകിയ പണം ഇങ്ങനെയല്ലാതെ എങ്ങനെയാണ് സൂക്ഷിക്കുക എന്ന് രാമദാസ് വൈദ്യർ ചോദിച്ചിട്ടുണ്ട്.
വയലാറും തകഴിയും മാത്രമല്ല, ബഷീറും വി.കെ. എന്നും എസ്.കെ. പൊറ്റെക്കാടും കടമ്മനിട്ടയും എൻ.പി. മുഹമ്മദും പത്മരാജനും ഒ.വി. വിജയനും എം.ടിയും കാക്കനാടനും മലയാറ്റൂർ രാമകൃഷ്ണനും പുനത്തിലും മുകുന്ദനും അഴീക്കോടും അടൂരും തിക്കോടിയനും സുരാസുവും പുനലൂർ ബാലനും തുടങ്ങി എത്രയെത്ര മഹാപ്രതിഭകൾ. ഇവർക്കെല്ലാം ആതിഥ്യമരുളി അവരുടെ കളിയും ചിരിയും തമാശകളുമെല്ലാം ഉയർന്നുകേട്ട മുറികളാണ് ഓർമത്താളിലേയ്ക്ക് മായുന്നത്.
രാമദാസ് വൈദ്യരുടെ പിതാവ് കാളൂർ നീലകണ്ഠൻ വൈദ്യരാണ് ഈ കെട്ടിടം വാങ്ങിയത്. ക്ഷേത്രത്തിനോടു ചേർന്ന കെട്ടിടമായതിനാലാണ് ടെമ്പിൾ അറ്റാച്ച്ഡ് എന്ന് തമാശയായി രാമദാസ് വൈദ്യർ ചേർത്തത്. ഹോട്ടലുകളിൽ ബാർ അറ്റാച്ച്ഡ് എന്നു ചേർക്കുന്ന പൊങ്ങച്ചത്തിന് നൽകിയ താക്കീതായിരുന്നു ഈ നാമകരണം.


വൃദ്ധദമ്പതിമാർക്ക് താമസിക്കാനായാണ് നീലഗിരി ലോഡ്ജ് ആരംഭിച്ചത്. യുവദമ്പതികൾക്കുവേണ്ടി കല്യാൺഗിരി എന്നൊരു ഭാഗവും പിന്നീട് പണിതു. ചെറിയ ചെലവിൽ നഗരത്തിൽ താമസിക്കാൻ ഒരിടം എന്ന ഖ്യാതിയായിരുന്നു നീലഗിരി ലോഡ്ജിനെ മറ്റുള്ള ലോഡ്ജുകളിൽനിന്നും വ്യത്യസ്തമാക്കിയത്.
മൺമറഞ്ഞിട്ട് രണ്ടു പതിറ്റാണ്ടായെങ്കിലും രാമദാസ് വൈദ്യർ എന്ന പേരു കേൾക്കുമ്പോൾതന്നെ കോഴിക്കോട്ടുകാരുടെ ചുണ്ടിൽ ചിരി വിടരും. 'ആളുകളെല്ലാം ഇസ്തിരി കുട്ടപ്പന്മാരായി അച്ചടിവടിവിൽ അംഗ്രേസി പറഞ്ഞും മസിലു പിടിച്ചും മാന്യത ചോരാതെ നടക്കുമ്പോൾ നേരമ്പോക്കും പൊട്ടിച്ചിരിയുമായി ജീവിതത്തെ ഇത്തിരി തമാശയോടെയായിരുന്നു വൈദ്യർ നോക്കിക്കണ്ടത്. 
സമൂഹമനസ്സിനേറ്റ പുഴുക്കുത്തുകൾ ഭേദമാക്കാൻ മരുന്നും മന്ത്രവുമല്ല, ആക്ഷേപഹാസ്യമാണ് യഥാർത്ഥ മരുന്നെന്ന് കെണ്ടത്തുകയായിരുന്നു ഈ ഭിഷഗ്വരൻ. ലോകചരിത്രത്തിൽ ആദ്യമായി വൈരൂപ്യ മത്സരം നടത്തിയും അലക്കുകല്ലിനെ ആദരിച്ചും (അലക്കുകല്ലിന് പൊന്നാട)  
തെങ്ങുകയറ്റ കോളേജ് സ്ഥാപിച്ചും പരദൂഷണത്തിന് നാരദൻ പുരസ്‌കാരം സമ്മാനിച്ചുമെല്ലാം സമൂഹത്തിന്റെ ദുഷ്‌ചെയ്തികൾക്കെതിരെ അദ്ദേഹം നർമഭാസുരമായി പ്രതികരിച്ചു.  231 പുരുഷന്മാരും 171 സ്ത്രീകളും പങ്കെടുത്ത വൈരൂപ്യ മത്സരം റിപ്പോർട്ട് ചെയ്യാൻ ബി.ബി.സിയും വോയ്‌സ് ഓഫ് അമേരിക്കയും ന്യൂയോർക്ക് ടൈംസും ജപ്പാൻ ടി.വിയുമെല്ലാമെത്തിയിരുന്നു.
നഗരത്തിലെ ഏതു സാംസ്‌കാരിക പരിപാടിക്കും ഒരു തോർത്തുമുണ്ടും തോളിലിട്ട് മുണ്ടും മടക്കിക്കുത്തി ചിരിച്ചെത്തുന്ന വൈദ്യർക്ക് ചുറ്റും എപ്പോഴും കേൾവിക്കാരുണ്ടാകും. തമാശകൾ പൊതിഞ്ഞ കഥകൾ അവർക്കെമ്പാടും നൽകാൻ വൈദ്യരുടെ പക്കൽ സ്‌റ്റോക്ക് റെഡിയായിരുന്നു.
വയലാറും തിക്കോടിയനും പൊറ്റെക്കാടുമെല്ലാം വൈദ്യരെക്കുറിച്ചെഴുതി. ഏതു സാഹിത്യകാരനും നഗരത്തിലെത്തിയാൽപിന്നെ വൈദ്യരുടെ അതിഥിയാണ്. എന്തുകൊണ്ടാണിങ്ങനെ എന്നു ചോദിച്ചാൽ വൈദ്യർക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നു: 'എനിക്ക് വിവരമില്ലാത്തതുകൊണ്ട്, അതിന്റെ രഹസ്യമറിയാൻ വിവരമുള്ളവർ എത്തുന്നു. അത്രതന്നെ.'
കോഴിക്കോട്ടെത്തുന്ന സാംസ്‌കാരിക നായകരുടെ താവളം കല്ലായ് റോഡിലെ ആര്യവൈദ്യ വിലാസിനി വൈദ്യശാലയോ അല്ലെങ്കിൽ ആനിഹാൾ റോഡിലെ നീലഗിരി ലോഡ്‌ജോ ആയിരിക്കും. എവിടെയായാലും ആഗതന് കുശാൽ. താമസവും ഭക്ഷണവുമെല്ലാം സൗജന്യം. സ്‌നേഹിക്കുന്നവനെ കൈവെടിയാൻ ഈ മനുഷ്യസ്‌നേഹിക്ക് കഴിഞ്ഞിരുന്നില്ല.
കോഴിക്കോട് ആസ്ഥാനമായ ഹാസ്യവേദിയുടെ മുഖ്യസംഘാടകനായിരുന്നു വൈദ്യർ. സൗന്ദര്യമത്സരം മുറയ്ക്ക് നടത്തി സായൂജ്യമടഞ്ഞവർക്കുള്ള ഇരുട്ടടിയായിരുന്നു വൈദ്യരുടെ വിരൂപറാണി മത്സരം. പിന്നീട് കോഴിക്കോട്ട് സൗന്ദര്യമത്സരം അരങ്ങേറിയിട്ടില്ല എന്നതാണ് സത്യം. കൂടാതെ വിവിധ രാഷ്ട്രീയക്കാർ മുതലക്കണ്ണീർ വാർത്ത മണ്ണാണ് മുതലക്കുളം. പൊള്ളയായ വാഗ്ദാനങ്ങൾ വായുവിൽ ലയിച്ച മണ്ണ്. വിഴുപ്പലക്കൽ കേട്ടുമടുത്ത അവിടത്തെ ഒരു അലക്കുകല്ലിനെ പൊന്നാട അണിയിക്കുക വഴി രാഷ്ട്രീയക്കാരുടെ പൊള്ളത്തരം തുറന്നുകാട്ടുകയായിരുന്നു.
തെങ്ങുകയറ്റത്തിനുള്ള സ്വാശ്രയ കോളേജ് എന്ന ആശയം ആദ്യമായി ലോകത്ത് അവതരിപ്പിച്ചത് രാമദാസ് വൈദ്യരായിരുന്നു. അന്നത്തെ കലക്ടറായിരുന്ന യു.കെ.എസ്. ചൗഹാനായിരുന്നു കോളേജിന്റെ ഉദ്ഘാടകൻ. തെങ്ങിൽ കയറിക്കൊണ്ട് ഉദ്ഘാടനത്തിനു മുതിർന്ന അദ്ദേഹത്തിന്റെ കാലിൽ പിടിച്ചുവലിച്ച് പിന്തിരിപ്പിച്ചത്  ഭാര്യയായിരുന്നു. അല്ലായിരുന്നെങ്കിൽ അദ്ദേഹം തെങ്ങിന്റെ മണ്ടയിലെത്തുമായിരുന്നു എന്ന് തമാശയായി വൈദ്യർ പറഞ്ഞിരുന്നു.
മഴ പെയ്യാൻവേണ്ടി നടത്തുന്ന യജ്ഞത്തെ കളിയാക്കി കുക്കുടാണ്ഡ യജ്ഞം സംഘടിപ്പിച്ച വ്യക്തിയാണ് വൈദ്യർ. കോഴിബിരിയാണിയുണ്ടാക്കി നാട്ടുകാർക്ക് നൽകിക്കൊണ്ടായിരുന്നു ഈ യജ്ഞം. കൂടാതെ ഏഷണിക്കാർക്ക് മറുമരുന്നായി പരദൂഷണ മത്സരവും സംഘടിപ്പിച്ചു.

 
മികച്ച പരദൂഷണക്കാരനും പരദൂഷണക്കാരിക്കും നാരദർ പുരസ്‌കാരം നൽകിയാണ് അനുമോദിച്ചത്.
ചികിത്സയേക്കാൾ കലാ-സാഹിത്യാദി മേഖലകളിൽ തല്പരനായിരുന്ന രാമദാസ് വൈദ്യർ ജനങ്ങളെ ചിരിപ്പിക്കുന്നതിലും ചിന്തിപ്പിക്കുന്നതിലുമാണ് ശ്രദ്ധ വെച്ചത്. സാംസ്‌കാരിക മേഖലകളിൽ നിലയുറപ്പിച്ച അദ്ദേഹത്തിന്റെ കാലത്ത് വൈദ്യശാലയ്ക്ക് വേണ്ടത്ര വളർച്ചയുണ്ടായില്ല. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ആവിർഭാവവും അലോപ്പതി ചികിത്സയുടെ വ്യാപനവും ആയുർവേദത്തെ ജനങ്ങളിൽനിന്നും അകറ്റിനിർത്തി. കലാ സാംസ്‌കാരികവേദികളിൽ നിറഞ്ഞുനിൽക്കവേ പൊടുന്നനെയായിരുന്നു വൈദ്യരുടെ മരണം. 1998 ഒക്‌ടോബർ 22ന് അദ്ദേഹത്തിന്റെ ചിരി നിലച്ചു.
ഇപ്പോഴും ഈ ലോഡ്ജ് മുറികളിൽ താമസക്കാരുണ്ട്. എഴുപത്തഞ്ചു രൂപ മുതൽ ഇരുനൂറു രൂപവരെ വാടകയുള്ള മുറികളുണ്ട്. നഗരമധ്യത്തിൽ ഇത്രയും ചുരുങ്ങിയ ചെലവിൽ വേറെ എവിടെ താമസിക്കും?
മാത്രമല്ല, പ്രതിഭകളായ ഒട്ടേറെ പേരുടെ സാന്നിധ്യംകൊണ്ട് സമ്പന്നമായ ഈ ലോഡ്ജ് മുറികൾ  കാണാനും അവിടെ താമസിക്കാനുമെത്തുന്നവർ ഏറെയാണ്. പന്തീരാങ്കാവ് സ്വദേശികളായ വിശ്വനാഥനും മധുസൂദനനുമാണ് ലോഡ്ജിലെ ദൈനംദിന കാര്യങ്ങൾ നോക്കിനടത്തുന്നത്. ജോലിക്കാരിയായി പ്രേമവല്ലിയും.
ഭാര്യമാരെ അടുക്കളക്കാരികളായി മാത്രം കാണുന്ന പുരുഷന്മാർക്കുള്ള പ്രഹരമെന്ന നിലയ്ക്കായിരുന്നു ഭാര്യ നിർമ്മലയ്ക്ക് പെൻഷൻ നൽകിക്കൊണ്ട് പദ്ധതി അദ്ദേഹം ആവിഷ്‌കരിച്ചത്.
സമൂഹത്തിനു നേർക്ക് ചാട്ടുളി ഉയർത്തിപ്പിടിച്ച ആ ആക്ഷേപഹാസ്യകാരന്റെ കർമ്മമണ്ഡലം പൊളിച്ചുമാറ്റുമ്പോഴും അച്ഛന്റെ ഓർമ്മകൾ അതേപടി നിലനിർത്തുമെന്നാണ് വൈദ്യരുടെ മകനായ ഡോ. മനോജ് കാളൂർ പറയുന്നത്. ലോഡ്ജ് ഇല്ലാതായാലും പഴയ സ്മരണകളെല്ലാം നിലനിർത്തുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു.

Latest News