കച്ചവടം തന്നെ ഹോബി; തൊട്ടതെല്ലാം പൊന്നാക്കിയ യുസഫലിയുടെ ജീവിതകഥ

ലുലു ഗ്രൂപ്പിന്റെ 150-ാമത്തെ 
ഹൈപ്പർമാർക്കറ്റ് 18 ന് ബുധനാഴ്ച 
റിയാദ് യർമുഖിൽ തുറക്കുന്നു. 
ഉപഭോക്തൃമേഖലയിൽ വിപ്ലവം രചിച്ച ലുലു, 
സ്വദേശികളും വിദേശികളുമായ ലക്ഷക്കണക്കിന് 
കുടുംബങ്ങളുടെ ഉപജീവനത്തിന്റെ പര്യായം കൂടിയാണ്. 
ലുലുവിന്റെ സാരഥി, ഏറ്റവും വലിയ സമ്പന്നനായ 
കേരളീയൻ, പത്മശ്രീ എം.എ യൂസഫലിയുടെ
മനോഗതങ്ങളിലൂടെ...


അപാരമായ അനുഗ്രഹങ്ങളുടെ സുകൃതാമൃതം പെയ്തിറങ്ങിയ ലൈലത്തുൽഖദ്‌റിന്റെ നാളുകളിൽ പുണ്യഭൂമിയിലായിരുന്നു എം.എ യൂസഫലിയും ഭാര്യ സാബിറയും. കഴിഞ്ഞ 27 വർഷമായി റമദാന്റെ അവസാന പത്ത് ദിവസങ്ങളിൽ പരിശുദ്ധ ഹറമിൽ ചെലവഴിക്കാനെത്താറുള്ള അദ്ദേഹം ഇത്തവണയും പതിവ് തെറ്റിച്ചില്ല. മക്ക ഇന്റർകോണ്ടിനെന്റൽ ഹോട്ടലിന്റെ 613 -ം നമ്പർ സ്യൂട്ടിന്റെ വിശാലതയിലിരുന്നാൽ കഅ്ബാലയത്തിന്റെ ഭക്തിസാന്ദ്രമായ കാഴ്ച. ജനലക്ഷങ്ങളുടെ ത്വവാഫ്. മണ്ണും വിണ്ണും ഉപവാസത്തിന്റെ ഉത്തുംഗതയിലമർന്നു.
സാധാരണക്കാരനായ ഒരു യു.എ.ഇ പൗരന്റെ ലളിത വേഷത്തിലാണ് അന്നേരം യൂസഫലി. 'ഖന്തൂറ' ധരിച്ച്, ബിസിനസ് ചിന്തകൾക്കൊക്കെ താൽക്കാലികമായി അവധി കൊടുത്ത്, ഭക്തിയിൽ മുഴുകിയ ആത്മീയ അന്തരീക്ഷത്തിലാണ്, വിനയപൂർവമായ എന്റെ അപേക്ഷയ്ക്ക് വഴങ്ങി അദ്ദേഹം ഒരു മണിക്കൂറോളം തന്റെ ചൈതന്യധന്യമായ ജീവിതത്തിലേക്ക് തിരിഞ്ഞുനടന്നത്. 
ആ ഓർമകളിൽ നിറയെ കണ്ണീരും കിനാവും നിറഞ്ഞു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ എല്ലാ വലിയ സ്വപ്‌നങ്ങളും എത്തിപ്പിടിക്കാനായതിന്റെ ത്രിൽ ജീവിത കഥയുടെ ഓരോ ഏടിലും തിളങ്ങി നിൽപുണ്ട്. തൊട്ടതെല്ലാം പൊന്നാക്കിയ മിദാസ് ചക്രവർത്തിയെപ്പോലെയാണ് യൂസഫലി. 65000 കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ള ഈ മനുഷ്യസ്‌നേഹി, നാട്ടുകാരുടേയും ജീവനക്കാരുടേയും സുഹൃത്തുക്കളുടേയും വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടേയും സ്വന്തം 'യൂസുഫ്ഭായി'യാണ്.
1973 ഡിസംബർ 31 നാണ് ഇരുപതാമത്തെ വയസ്സിൽ തൃശൂർ നാട്ടികയിലെ മുസ്ല്യാംവീട്ടിൽ അബ്ദുൽഖാദർ ഹാജിയുടേയും സഫിയ ഹജുമ്മയുടേയും ഈ മകൻ ഭാഗ്യാന്വേഷിയായി, അക്കാലത്തെ ശരാശരി മലയാളി യുവാക്കളെപ്പോലെ കടൽ കടക്കുന്നത്. ദുംറ എന്ന കപ്പലിൽ പതിമൂന്ന് ദിവസത്തെ യാത്രയ്ക്കു ശേഷം ദുബായ് മദീനാ സഈദ് തുറമുഖത്തിറങ്ങുമ്പോൾ പിതൃസഹോദരൻ  കൊച്ചാപ്പ -   എം.കെ അബ്ദുല്ല - കാത്തിരിപ്പുണ്ടായിരുന്നു. അദ്ദേഹമാണ് ജീവിതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചത്. ചെറിയൊരു ബഖാലയിൽ (ഗ്രോസറി) നിന്നായിരുന്നു തുടക്കം. അത് പിന്നീട് മിനിമാർക്കറ്റായി, സൂപ്പർമാർക്കറ്റായി വളർന്നു. കൂടുതൽ ശാഖകളുണ്ടായി. അവിടേക്ക് വരുന്ന സാധനങ്ങളുടെ കാർട്ടണുകൾ ചുമന്ന് യൂസഫലിയുടെ ചുമലുകൾ വേദനിച്ചു. അധ്വാനഭാരത്തിന്റെ അടയാളം പോലെ പിന്നീട് പിൻകഴുത്തിൽ തഴമ്പ് വന്നു. നിറഞ്ഞ ഇച്ഛാശക്തി, കഠിനാധ്വാനം.. അതിന്റെ കാലമായിരുന്നു തുടർന്നങ്ങോട്ട്. വളർച്ചയുടെ പുതിയ പടവുകളിലേക്ക്.. സൂപ്പർമാർക്കറ്റ് ശൃംഖലകൾ വിപുലമായി. അബുദാബിയിലും അൽഐനിലും ശാഖകളുണ്ടായി. ട്രേഡിംഗ്, കോൾ സ്‌റ്റോറേജ് രംഗങ്ങളിലേക്ക് ബിസിനസ് വ്യാപിച്ചു. ലുലു എന്നാൽ മുത്ത്. അറബ് സംസ്‌കാരത്തിന്റേയും ആദിമ ജീവിതത്തിന്റേയും അഭേദ്യഭാഗമാണ് മുത്തും പവിഴവും. സൂപ്പർമാർക്കറ്റ് വിപ്ലവത്തിന് തുടക്കമിടുമ്പോൾ ലുലു എന്ന പേര് മനസ്സിലെത്തിയത് അങ്ങനെയാണ്. ഗുണനിലവാരം, മികച്ച സേവനം, മിതമായ വില, ഉപഭോക്താക്കളിലുള്ള വിശ്വാസം.. ഇതാണ് ബിസിനസിൽ തന്റെ എക്കാലത്തേയും വിജയമന്ത്രമെന്ന് യൂസഫലി പറയുന്നു. ഈ നിലപാടിൽ നിന്ന് ഒരിക്കലും പിറകോട്ട് പോകില്ല. കച്ചവടത്തിൽ സത്യസന്ധത പുലർത്തണമെന്ന റസൂലിന്റെ മൊഴിലൂന്നിയാണ് തന്റെ ഓരോ കാൽവെപ്പുമെന്നും അദ്ദേഹം അടിവരയിടുന്നു. 


ദാനശീലം, ജീവകാരുണ്യം, സഹജീവി സ്‌നേഹം.. നന്മ നിറഞ്ഞ ഈ അനുശീലനത്തിന്റെ അടിത്തറയിലാണ് ലുലു ശൃംഖല കെട്ടിപ്പടുത്തത്. യു.എ.ഇയിൽ രാജകുടുംബമല്ലാത്ത ഏറ്റവും സ്വാധീനമുള്ള പത്ത് പ്രമുഖ വ്യക്തികളിലൊരാളായി ദ വാൾ സ്ട്രീറ്റ് ജേണൽ തെരഞ്ഞെടുത്തത് യൂസഫലിയെയാണ്. അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ഡയരക്ടർ ബോർഡംഗം, എയർ ഇന്ത്യയുടേയും നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റേയും ഡയരക്ടർ ബോർഡംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. അറബ് ഭരണാധികാരികളുമായുള്ള അകം നിറഞ്ഞ അടുപ്പം, ലോക രാഷ്ട്രത്തലവന്മാരുമായുള്ള ബന്ധം എന്നിവയെല്ലാം യൂസഫലിയെ വിദേശരാജ്യങ്ങളിലെ അനൗദ്യോഗിക അംബാസഡറുടെ പദവിയിലേക്കുയർത്തുന്നു. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാന്റ്, വിയറ്റ്‌നാം, ശ്രീലങ്ക, തുർക്കി, ബെർമിംഗ്ഹാം, നെയ്‌റോബി, ഡാർ എസ് സലാം, കേപ്ടൗൺ എന്നിവിടങ്ങളിലൊക്കെ ലുലു ഹൈപ്പർമാർക്കറ്റുകൾ വ്യാപിച്ചു കിടക്കുന്നു. കൊച്ചി ലുലു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായി ഉയർന്നു. തൃശൂർ ലുലു കൺവെൻഷൻ സെന്ററും നഗരപ്രൗഢിയ്ക്ക് മകുടം ചാർത്തുന്നു. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ഡൽഹി, മുംബൈ, ഹൈദരബാദ്, വിശാഖപട്ടണം, ചെന്നൈ, ലഖ്‌നോ എന്നീ പട്ടണങ്ങളിലും ലുലു വൈകാതെ യാഥാർഥ്യമാകും. കൊച്ചിയിലെ മാരിയോട്ട്, ഗ്രാന്റ് ഹയാത്ത് ഹോട്ടലുകളുടേയും ബോൾഗാട്ടിയിലെ അതിവിശാലമായ കൺവെൻഷൻ സെന്ററിന്റേയും ഉടമയും യൂസഫലി തന്നെ. മാറുന്ന കാലത്തോടൊപ്പം സഞ്ചരിക്കുന്ന ഈ ബിസിനസുകാരൻ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആസ്ഥാനമായ ലണ്ടൻ ലിയാണ്ടർ ഹാൾ തെരുവിലെ പ്രൗഢമന്ദിരവും ലോക പ്രസിദ്ധമായ സ്‌കോട്ട്‌ലാന്റ് യാർഡും സ്വന്തമാക്കി. ലുലു മണി എക്‌സ്‌ച്ചേഞ്ച് ഇന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ ധന ഇടപാട് സ്ഥാപനങ്ങളിലൊന്നാണ്. മരുമകൻ അദീബിനാണ് ഇതിന്റെ ചുമതല. മറ്റൊരു മരുമകൻ ഡോ. ഷംഷീർ വയലിൽ മെഡിക്കൽ സേവനരംഗത്തെ അതിപ്രശസ്തനും ജീവകാരുണ്യ രംഗത്ത് വലിയ സംഭാവന അർപ്പിച്ച് കൊണ്ടിരിക്കുന്ന വ്യക്തിയുമാണ്. മകൾ ഷഫീനാ യൂസഫലി യു.എ.ഇയിൽ ബിസിനസ് രംഗത്ത് സജീവമാണ്. സൗദി അറേബ്യയുടെ ബഹുമുഖമായ വികസനത്തോടൊപ്പം ആവിഷ്‌കൃതമായ വിഷൻ 2030 മുന്നോട്ടുവെച്ച പദ്ധതികളുമായി ലുലു സഹകരിക്കുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വികസന കാഴ്ചപ്പാട് സൗദി അറേബ്യയെ വളരെ വേഗം ലോകഭൂപടത്തിൽ മുൻനിരയിലെത്തിക്കുമെന്നും യൂസഫലി പറഞ്ഞു. കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റിയിൽ ഒരു ലക്ഷം ചതുരശ്ര മീറ്റർ സ്ഥലം ലുലുവിന് അനുവദിച്ചു കിട്ടി. ലോജിസ്റ്റിക്‌സ് രംഗത്ത് പുതുവിപ്ലവത്തിനുള്ള സാധ്യത ലുലു പരമാവധി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദിയിൽ കൂടുതൽ നഗരങ്ങളിലേക്ക് ലുലു ഹൈപ്പർമാർക്കറ്റുകൾ വ്യാപിപ്പിക്കും. സ്ത്രീകളുൾപ്പെടെ നൂറുക്കണക്കിന് സൗദികൾക്ക് ജോലി നൽകും. 2020 ആകുന്നതോടെ സൗദിയിൽ ലുലു ശൃംഖലകളുടെ എണ്ണം 30 ആയി ഉയർത്തുമെന്നും പതിനായിരത്തിലധികം സൗദികൾക്ക് ജോലി സാധ്യതകൾ സൃഷ്ടിക്കുമെന്നും യൂസഫലി പറഞ്ഞു.  
*** *** ***
ലോകത്തിന്റെ ഏത് ഭാഗത്തായാലും, എത്ര വൈകിയുറങ്ങിയാലും (ചെവികൾ മൂടുന്ന തൊപ്പി വെച്ചാണ് എല്ലാ ദിവസവും ഉറക്കം) അതിരാവിലെ ഉറക്കമുണരുന്ന യൂസഫലി സുബ്ഹി നമസ്‌കാരശേഷം ഒരു മണിക്കൂറോളം വ്യായാമം ചെയ്യുന്നു. പുട്ടും പഴവുമാണ് ഇഷ്ടപ്പെട്ട പ്രാതൽ. എല്ലാ ദിവസവും ഇത് തന്നെയായാലും കുഴപ്പമില്ലെന്ന് യൂസഫലി. ഉച്ചയ്ക്ക് ചോറും മീൻകറിയും. ഗുരുവായൂർ പപ്പടം നിർബന്ധം. വെജിറ്റബിൾ അല്ലെങ്കിൽ മട്ടൻ കറിക്കൊപ്പം രാത്രി ചപ്പാത്തി. യാത്രകളുടെ ഇടവേളകളിൽ മാസികകളും പുസ്തകങ്ങളും വായിക്കുന്നു. വാർത്ത കാണാൻ ടി.വി തുറക്കും. അപൂർവമായി മാത്രം സിനിമ കാണും. സമയം ലാഭിക്കാനും പോകേണ്ട സ്ഥലങ്ങളിൽ വേഗമെത്താനും 420 കോടി രൂപ ചെലവിൽ വാങ്ങിയ അമേരിക്കൻ നിർമിത ഗൾഫ് സ്ട്രീം -ജി 550 വിമാനത്തിൽ 19 പേർക്കിരിക്കാം. ഇന്ത്യയിലേക്കും ഗൾഫിലേക്കും അമേരിക്കയിലേക്കുമൊക്കെ സ്വന്തം വിമാനത്തിൽതന്നെയാണ് യാത്ര. ഫ്രഞ്ചുകാരൻ ഒലിവർ ക്യാപ്റ്റനും സ്വിസ്സുകാരൻ ഡേവിഡ് സഹ ക്യാപ്റ്റനുമാണ്. ഒരു എയർ ഹോസ്റ്റസുമുണ്ട്. അ 6 ഥങഅ എന്ന സ്വന്തം പേരിൽ തന്നെയാണ് വിമാനത്തിന്റെ റജിസ്‌ട്രേഷൻ. പ്രൈവറ്റ് സെക്രട്ടറി ഷാഹിദാണ് സ്ഥിരമായി യൂസഫലിയുടെ സഹയാത്രികൻ. ഭക്ഷണ കാര്യത്തിൽ മലപ്പുറത്തുകാരൻ സക്കീറും ഔദ്യോഗിക കാര്യങ്ങളിൽ വിനോദ്, പ്രവീൺ എന്നിവരും സദാ ഒപ്പമുണ്ടാകും. ബിജു കൊട്ടാരത്തിൽ, നന്ദകുമാർ എന്നിവരാണ് ഷാഹിദിനൊപ്പം പേഴ്‌സണൽ അസിസ്റ്റന്റുമാരുടെ കൃത്യം നിർവഹിക്കുന്നവർ. ലണ്ടനിലുൾപ്പെടെയുള്ള വിഖ്യാതമായ ബിസിനസ് സ്‌കൂൾ, യൂണിവേഴ്‌സിറ്റികൾ എന്നിവിടങ്ങളിലൊക്കെ യൂസഫലി ബിസിനസ് പ്രഭാഷണങ്ങൾ നിർവഹിക്കുന്നു. 


ബാപ്പയും ഉമ്മയും യു.എ.ഇയിൽ കാറപകടത്തിൽ മരണപ്പെട്ടത് യൂസഫലിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായി. അവരെക്കുറിച്ച് പറയുമ്പോൾ ഇപ്പോഴും കണ്ണുകൾ ഈറനാകും. ഉദാരമതിയായ ആ ഉമ്മയെക്കുറിച്ച് നാട്ടികയിലും പരിസരങ്ങളിലുമുള്ള ഓരോ മനുഷ്യർക്കും പറയാൻ കഥകളേറെയുണ്ട്. മകളുടെ കല്യാണാവശ്യത്തിന് സഹായം ചോദിച്ചു ചെന്ന ഒരമ്മയോട് മുതലാളി ഇവിടെയില്ല, അദ്ദേഹമുള്ളപ്പോൾ വന്നോളൂ എന്ന് പറഞ്ഞ് വീട്ടിലെ കാവൽക്കാർ മടക്കി അയക്കുന്നത് കണ്ട യൂസഫലിയുടെ ഉമ്മ സഫിയ ഹജ്ജുമ്മ, ആ സ്ത്രീയെ മടക്കി വിളിക്കുകയും ആവശ്യം ചോദിച്ചറിയുകയും ചെയ്തു. കൈയിൽ കിടന്ന സ്വർണവള ഊരി അവർക്ക് നൽകുകയും മകൻ വരുമ്പോൾ ഇക്കാര്യം പറയേണ്ടെന്നും അവനോട് വേറെ സഹായം ചോദിച്ചോളൂ എന്നുമാണ് ഉമ്മ പറഞ്ഞത്. സഫിയ ഹജുമ്മയുടെ അപകടമരണം കേട്ട് പൊട്ടിക്കരഞ്ഞ നാട്ടികയിലെ ആ സ്ത്രീയാണ് ഇക്കാര്യം യൂസഫലിയോട് പറഞ്ഞത്. മാസത്തിലൊരിക്കൽ ഉമ്മയുടേയും ഉപ്പയുടേയും ഖബറുകൾ സന്ദർശിക്കാൻ യൂസഫലി സമയം കണ്ടെത്തുന്നു. ദുബായിലേക്ക് കപ്പൽ കയറുമ്പോൾ അഹമ്മദാബാദിൽ കച്ചവടം ചെയ്തിരുന്ന വല്യുപ്പ തന്ന അഞ്ചു രൂപയുടെ നോട്ടും ഹൃദയം നിറഞ്ഞ പ്രാർഥനയും തനിക്ക് മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 
- എന്താണ് താങ്കളുടെ ഹോബി?
കച്ചവടം.. അതാണ് എന്റെ ഹോബി!
അതിസമ്പന്നതയിലും വിനയമധുരമായ പെരുമാറ്റം കൊണ്ട് മനുഷ്യ മനസ്സുകളെ കീഴടക്കുന്ന യൂസുഫ്ഭായി ചിരി തൂകി. അന്നേരം പരിശുദ്ധ ഹറമിൽനിന്ന് അസർ നമസ്‌കാരത്തിനുള്ള ബാങ്ക് വിളി മുഴങ്ങി.

Latest News