ഏഷ്യന്‍ അത്‌ലറ്റിക്‌സ്:  അഞ്ജുവിന്റെ ശിഷ്യക്ക് വെള്ളി

ബാങ്കോക്ക് - ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ട് സ്വര്‍ണം കൂടി നേടി. ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ തൂര്‍ സ്വര്‍ണം നിലനിര്‍ത്തിയപ്പോള്‍ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ പരുള്‍ ചൗധരി ഒന്നാമതെത്തി. വനിതാ ലോംഗ്ജമ്പില്‍ അഞ്ജു ബോബി ജോര്‍ജിന്റെ ശിഷ്യ ശയ്‌ലി സിംഗ് വെള്ളി നേടി. മലയാളി താരം ആന്‍സി സോജന്‍ നാലാമതായി. ഏഴിനങ്ങളുള്ള ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബര്‍മന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. വനിതകളുടെ സ്റ്റീപ്പിള്‍ചെയ്‌സില്‍ പ്രീതിയും പുരുഷന്മാരുടെ സ്റ്റീപ്പിള്‍ചെയ്‌സില്‍ ബാല്‍കിഷനും നാലാം സ്ഥാനത്തായി.  അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ജപ്പാനും (11-8-5) ചൈനയുമാണ് (5-7-3) ആദ്യ സ്ഥാനങ്ങളില്‍. 
തേജീന്ദര്‍ 20.23 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണമുറപ്പാക്കിയതിനു പിന്നാലെ പരിക്കേറ്റ് മടങ്ങിയത് ഇന്ത്യക്ക് നിരാശയായി. ലോക ചാമ്പ്യന്‍ഷിപ്പിന് ഒരു മാസം ശേഷിക്കെ തൂറിന്റെ പരിക്ക് ആശങ്കയുയര്‍ത്തി. ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് തൂര്‍ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. 2022 ലെ ലോക ചാമ്പ്യന്‍ഷിപ്പിലും പരിക്ക് കാരണം തൂര്‍ പങ്കെടുത്തിരുന്നില്ല. ടോക്കിയൊ ഒളിംപിക്‌സിനു ശേഷം ത്രോ ചെയ്യുന്ന കൈയില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 
ഇറാന്റെ സാബിര്‍ മെഹ്ദിയും (19.98 മീ.) കസാഖിസ്ഥാന്റെ ഇവാന്‍ ഇവാനോവും (19.87 മീ.) വെള്ളിയും വെങ്കലവും കരസ്ഥമാക്കി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മുമ്പ് രണ്ട് പേര്‍ മാത്രമേ ഷോട്ട്പുട്ടില്‍ സ്വര്‍ണം നിലനിര്‍ത്തിയിട്ടുള്ളൂ. ഖത്തറിന്റെ ബിലാല്‍ സഅദ് മുബാറക് രണ്ടു തവണ ഈ നേട്ടം കൈവരിച്ചു, 1995 ലും 1998 ലും പിന്നീട് 2002 ലും 2003 ലും. കുവൈത്തിന്റെ മുഹമ്മദ് ഗരീബ് അല്‍സിങ്കാവി 1979, 1981, 1983 വര്‍ഷങ്ങളില്‍ ചാമ്പ്യനായിരുന്നു. 
മുന്‍ അണ്ടര്‍-20 ലോക ചാമ്പ്യന്‍ഷിപ് വെള്ളി മെഡലുകാരിയായ ശയ്‌ലി സീനിയര്‍ തലത്തില്‍ ആദ്യമായാണ് മെഡല്‍ നേടുന്നത്. പത്തൊമ്പതുകാരി 6.54 മീറ്റര്‍ ചാടി. ജപ്പാന്റെ സുമീറെ ഹതക്കാണ് (6.97 മീ.) സ്വര്‍ണം. ആന്‍സി 6.41 മീറ്റര്‍ പിന്നിട്ടു. 
രണ്ടാം ദിനം വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യാരാജിയും പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ അബ്ദുല്ല അബൂബക്കറും 1500 മീറ്ററില്‍ അജയ്കുമാര്‍ സരോജും സ്വര്‍ണം നേടിയിരുന്നു. 

Latest News