സൂറിക് - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലെസ്റ്ററുമായുള്ള തര്‍ക്കം അവസാനിച്ചാല്‍ സൗദി പ്രൊഫഷനല്‍ ക്ലബ്ബ് അന്നസ്‌റിന്റെ ട്രാന്‍സ്ഫര്‍ വിലക്ക് നീക്കുമെന്ന് ഫിഫ വ്യക്തമാക്കി. ലെസ്റ്ററിന് 4.6 ലക്ഷം രൂപയും അഞ്ച് ശതമാനം വാര്‍ഷിക പലിശയും നല്‍കാന്‍ 2021 ഒക്ടോബറില്‍ ഫിഫ ചുമതലപ്പെടുത്തിയ ജഡ്ജി വിധിച്ചിരുന്നു. 2018 ല്‍ നൈജീരിയന്‍ ഫോര്‍വേഡ് അഹമദ് മൂസയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് 2021 ഏപ്രിലിലാണ് ലെസ്റ്റര്‍ പരാതി നല്‍കിയത്. ഇപ്പോഴും അന്നസ്‌റിന് കളിക്കാരെ സ്വന്തമാക്കുന്നതിന് വിലക്കില്ല. എന്നാല്‍ അവരെ രജിസ്റ്റര്‍ ചെയ്യുകയും കളിപ്പിക്കുകയും ചെയ്യണമെങ്കില്‍ തര്‍ക്കം അവസാനിക്കണം. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ക്ലബ്ബ്. അന്നസ്ര്‍ കഴിഞ്ഞ ജനുവരിയില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയെ സ്വന്തമാക്കിയതോടെയാണ് സൗദിയില്‍ ഫുട്‌ബോളില്‍ കാതലായ മാറ്റങ്ങള്‍ക്ക് തുടക്കമായത്. ഇപ്പോള്‍ നാല് പ്രമുഖ ക്ലബ്ബുകള്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ കീഴിലാണ്.
അന്നസ്ര്‍ കഴിഞ്ഞയാഴ്ച ഇന്റര്‍ മിലാനില്‍ നിന്ന് ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ മാഴ്‌സെലൊ ബ്രോസവിച്ചിനെ 1.8 കോടി യൂറോക്ക് സ്വന്തമാക്കിയിരുന്നു. അന്നസര്‍ ടീം ഇപ്പോള്‍ പോര്‍ചുഗലില്‍ പ്രി സീസണ്‍ ട്രയ്‌നിംഗിലാണ്. ഓഗസ്റ്റ് 22 ന് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് പ്ലേഓഫിലാണ് ടീം ആദ്യം ഇറങ്ങുക. യു.എ.ഇയിലെ ശബാബ് അല്‍ അഹലിയെയോ ജോര്‍ദാനിലെ അല്‍വഹ്ദത്തിനെയോ ടീം നേരിടും. 2020 ല്‍ അന്നസര്‍ വിട്ട അഹമദ് മൂസ ഇപ്പോള്‍ തുര്‍ക്കിയില്‍ സിവാസ്‌പോറിലാണ്.






