മിലാന് - പുതിയ ക്ലബ്ബ് ഫുട്ബോള്‍ സീസണിന് മുമ്പ് ചെല്‍സിയില്‍ നിന്നുള്ള ഒഴുക്ക് തുടരുന്നു. അമേരിക്കന്‍ ഫോര്‍വേഡ് ക്രിസ്റ്റിയന്‍ പുലിസിക് എ.സി മിലാനില്‍ ചേര്‍ന്നു. ഇരുപത്തിനാലുകാരന് ചെല്‍സിയില്‍ ഒരു വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ടായിരുന്നു. മിലാന് കളിക്കുന്ന മൂന്നാമത്തെ അമേരിക്കന്‍ താരമാവും ഇരുപത്തിനാലുകാരന്. ഒഗൂചി ഒന്യേവു, സെര്ജിനൊ ഡെസ്റ്റ് എന്നിവരാണ് മറ്റുള്ളവര്‍. അമേരിക്കന്‍ കമ്പനി റെഡ്ബേഡിന്റെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ എ.സി. മിലാന്.
2019 ല്‍ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് ചെല്‍സി പുലിസിക്കിനെ സ്വന്തമാക്കിയത് നാല് കോടിയിലേറെ യൂറോക്കാണ്. ട്രാന്‍സ്ഫര്‍ ഫീയായി ഇപ്പോള്‍ ലഭിക്കുന്നത് അതിന്റെ പകുതിയില്‍ താഴെയാണ്. ചെല്‍സിക്കൊപ്പം ചാമ്പ്യന്‍സ് ലീഗും യൂറോപ്യന്‍ സൂപ്പര്‍ കപ്പും ക്ലബ് ലോകകപ്പും നേടിയെങ്കിലും പ്രതീക്ഷക്കൊത്തുകയരാന് അമേരിക്കന്‍ താരത്തിന് സാധിച്ചില്ല. അമേരിക്കക്കു വേണ്ടി പുലിസിക് 60 തവണ കളിച്ചിട്ടുണ്ട്.






