ഇന്ത്യന്‍ സ്പിന്നില്‍  വിന്‍ഡീസിന് കാലിടറുന്നു

റൂസൊ - ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് തകരുന്നു. പെയ്‌സിന് ഒട്ടും സഹായം ലഭിക്കാത്ത പിച്ചില്‍ ഒരറ്റത്ത് തുടര്‍ച്ചയായി പത്തോവര്‍ എറിഞ്ഞ് 25 റണ്‍സ് മാത്രം വഴങ്ങിയ ആര്‍. അശ്വിന്‍ രണ്ട് വിക്കറ്റെടുത്തതോടെ ആദ്യ ദിനം 100 പിന്നിടും മുമ്പെ ആതിഥേയര്‍ക്ക് അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ടു. ലഞ്ചിന് മുമ്പുള്ള അവസാന പന്തില്‍ രവീന്ദ്ര ജദേജയെ ഉയര്‍ത്താന്‍ ശ്രമിച്ച ജര്‍മയ്ന്‍ ബ്ലാക്‌വുഡിനെ (14) മിഡോഫില്‍ മുഹമ്മദ് സിറാജ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. ലഞ്ച് കഴിഞ്ഞയുടനെ ജോഷ്വ ഡാസില്‍വയെയും (2) ജദേജ മടക്കി . അഞ്ചിന് 100ല്‍ വന്‍ തകര്‍ച്ച അഭിമുഖീകരിക്കുകയാണ് വെസ്റ്റിന്‍ഡീസ്. ഹോം ഗ്രൗണ്ടില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ അലിക് അതനാസെയിലാണ് പ്രതീക്ഷ. ടെസ്റ്റില്‍ ഇന്ത്യയെ അവസാനം വെസ്റ്റിന്‍ഡീസ് തോല്‍പിച്ചത് 21 വര്‍ഷം മുമ്പാണ്. 
സിറാജും ജയ്‌ദേവ് ഉനാദ്കത്തും തുടക്കം മുതല്‍ വിന്‍ഡീസ് ഓപണര്‍മാരെ പരീക്ഷിച്ചു. 40 മിനിറ്റാവുമ്പോഴേക്കും അശ്വിനെ ക്യാപ്റ്റന്‍ ബൗളിംഗിന് വിളിച്ചു. അശ്വിന്റെ മാന്ത്രിക ബോള്‍ ചെറുതായി തിരിഞ്ഞ് തേജ്‌നാരായണ്‍ ചാന്ദര്‍പോളിന്റെ (12) ബാറ്റിന് ഉമ്മ നല്‍കിയ ശേഷം സ്റ്റമ്പ് തെറിപ്പിച്ചു. അശ്വിനെ മിഡ് വിക്കറ്റിലൂടെ ഉയര്‍ത്താന്‍ ശ്രമിച്ചാണ് ക്രയ്ഗ് ബ്രാതവൈറ്റ് (20) വിക്കറ്റ് വലിച്ചെറിഞ്ഞത്. തന്റെ ആദ്യ ഓവറില്‍ ശാര്‍ദുല്‍ താക്കൂറിന് വിക്കറ്റ് ലഭിച്ചു. ഇശാന് ആദ്യ ക്യാച്ച് സമ്മാനിച്ചാണ് റയ്മണ്‍ റീഫര്‍ (2) പുറത്തായത്. ബ്ലാകേവുഡിനെ അശ്വിന്റെ പന്തില്‍ പുറത്താക്കാനുള്ള അവസരം നേരത്തെ ഇശാന്‍ പാഴാക്കിയിരുന്നു. 
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് 209 റണ്‍സിന് തോറ്റതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ കരീബിയയിലെത്തിയത്. ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറായിട്ടും ആ കളിയില്‍ അശ്വിനെ ഇന്ത്യ കളിപ്പിച്ചിരുന്നില്ല. ഇന്ത്യ രണ്ട് പുതുമുഖങ്ങള്‍ക്ക് ടീമില്‍ അവസരം നല്‍കി. ഇരുപത്തൊന്നുകാരന്‍ യശസ്വി ജയ്‌സ്വാള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്‌സ് ഓപണ്‍ ചെയ്യും. ശുഭ്മന്‍ ഗില്‍ വണ്‍ ഡൗണായി വരും. വിക്കറ്റ്കീപ്പര്‍ ശ്രീകര്‍ ഭരതിനു പകരം ഇശാന്‍ കിഷനും അരങ്ങേറി. അടുത്ത ചൊവ്വാഴ്ച ഇരുപത്തഞ്ചാം ജന്മദിനമാഘോഷിക്കുന്ന ഇശാന് ഇത് നേരത്തെ ലഭിച്ച സമ്മാനമായി. ഇരു ടീമുകളും തമ്മിലുള്ള തൊണ്ണൂറ്റൊമ്പതാം ടെസ്റ്റാണ് ഇത്. 2025 ല്‍ അവസാനിക്കുന്ന പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ചക്രത്തിലെ ആദ്യ പരമ്പരയും.
 

Latest News