ടെസ്റ്റ് പരമ്പര തുടങ്ങുന്നു, ജയ്‌സ്വാള്‍ അരങ്ങേറും

ഇന്ത്യ-വെസ്റ്റിന്‍ഡീസ്
ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്
12 വൈകു; 5.00

റൂസോ - പുതിയ ടെസ്റ്റ് ചക്രത്തിലെ ആദ്യ പരമ്പരയില്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും 12ന്ന് മുതല്‍ കൊമ്പുകോര്‍ക്കും. മാറ്റത്തിന്റെ പാതയിലുള്ള ഇന്ത്യന്‍ ടീമിന് സ്വന്തം മണ്ണില്‍ വെസ്റ്റിന്‍ഡീസ് വലിയ വെല്ലുവിളിയായിരിക്കും. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടാനാവാതിരുന്നതിന്റെ ക്ഷീണത്തിലാണ് കരീബിയന്‍ ടീം. 21 വര്‍ഷം മുമ്പാണ് ടെസ്റ്റില്‍ ഇന്ത്യയെ വെസ്റ്റിന്‍ഡീസ് അവസാനമായി തോല്‍പിച്ചത്. രണ്ട് ടെസ്റ്റും നടക്കുന്ന പിച്ചുകള്‍ പരമ്പരാഗതമായി പെയ്‌സനുകൂലമല്ല. അതിനാല്‍ ഇന്ത്യക്ക് തന്നെയാണ് മേല്‍ക്കൈ. 
അവസാനമായി കളിച്ച ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് 209 റണ്‍സിന് തോറ്റിരുന്നു ഇന്ത്യ. ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന ഏക ടെസ്റ്റ് പരമ്പരയുമാണ് ഇത്. യുവ മുന്‍നിര ബാറ്റര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരിലൊരാള്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറും. രോഹിത് ശര്‍മക്കൊപ്പം ശുഭ്മന്‍ ഗില്‍ ഓപണ്‍ ചെയ്യും. വൈസ് ക്യാപ്റ്റനായി വീണ്ടും അവരോധിക്കപ്പെട്ട അജിന്‍ക്യ രഹാനെയാണ് വിരാട് കോലിക്കൊപ്പം മധ്യനിരക്ക് ചുക്കാന്‍ പിടിക്കുക. രവീന്ദ്ര ജദേജ, ആര്‍. അശ്വിന്‍ എന്നിവര്‍ക്കായിരിക്കും സ്പിന്‍ ബൗളിംഗ് ചുമതല.
മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് ഒഴികെ പെയ്‌സര്‍മാരെല്ലാം പരിചയസമ്പത്തില്ലാത്തവരാണ്. ശാര്‍ദുല്‍ താക്കൂറായിരിക്കും സിറാജിനൊപ്പം ബൗളിംഗ് തുടങ്ങുക. ജയ്‌ദേവ് ഉനാദ്കത്, നവദീപ് സയ്‌നി, മുകേഷ്‌കുമാര്‍ എന്നിവരിലൊരാളും കൂടെയുണ്ടാവും. 12 വര്‍ഷത്തെ ഇടവേളക്കു ശേഷം ബംഗ്ലാദേശിനെതിരെ 2022 ഡിസംബറില്‍ ഉനാദ്കത് തന്റെ രണ്ടാം ടെസ്റ്റ് കളിച്ചിരുന്നു. സയ്‌നി 2021 ലെ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ടീമിലുണ്ടായിരുന്നു. 
ടെസ്റ്റില്‍ ഹോം മത്സരങ്ങളില്‍ വിന്‍ഡീസ് കരുത്തരാണ്. കെമാര്‍ റോച്ചും ഷാനന്‍ ഗബ്രിയേലും ജെയ്‌സന്‍ ഹോള്‍ഡറും അള്‍സാരി ജോസഫും ഒിനൊന്ന് മികച്ച പെയ്‌സര്‍മാരാണ്. ഡൊമിനിക്കക്കാരനായ അലിക് അതനാസെ ഹോം ടെസ്റ്റില്‍ അരങ്ങേറുമെന്ന വിശ്വാസത്തിലാണ് ആതിഥേയ കാണികള്‍. 

Latest News