ജോഹന്നസ്ബര്‍ഗ് - ഖത്തറില്‍ അര്‍ജന്റീന കിരീടമുയര്‍ത്തിയതിന്റെ ആഘോഷങ്ങള്‍ കെട്ടടങ്ങും മുമ്പെ ആഫ്രിക്കയില്‍ അടുത്ത ഫുട്ബോള്‍ ലോകകപ്പിന് തിരശ്ശീല ഉയരുന്നു. 2026 ലെ ലോകകപ്പിനുള്ള ആഫ്രിക്കയിലെ 54 രാജ്യങ്ങളുടെ യോഗ്യതാ മത്സരങ്ങളുടെ ക്രമം നാളെ നിശ്ചയിക്കും. നവംബറിലാണ് മത്സരങ്ങള്‍ തുടങ്ങുക. ഖത്തര്‍ ലോകകപ്പില്‍ ആഫ്രിക്കയുടെ ആവേശമായി മൊറോക്കൊ സെമിഫൈനലിലെത്തിയിരുന്നു.
54 രാജ്യങ്ങളെ ആറ് ടീമുകള്‍ വീതമുള്ള ഒമ്പത് ഗ്രൂപ്പുകളായാണ് തിരിക്കുക. ഒമ്പത് ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാര്‍ ലോകകപ്പിന് യോഗ്യത നേടും. മികച്ച നാല് രണ്ടാം സ്ഥാനക്കാര്‍ക്ക് പ്ലേഓഫ് സാധ്യതയുണ്ട്. ആ പ്ലേഓഫിലും കടന്നു കൂടുകയാണെങ്കില്‍ 10 ആഫ്രിക്കന്‍ ടീമുകളായിരിക്കും 2026 ലെ ലോകകപ്പില്‍ മത്സരിക്കുക. ഖത്തര്‍ ലോകകപ്പില്‍ അഞ്ച് ആഫ്രിക്കന്‍ ടീമുകളുണ്ടായിരുന്നു. മൊറോക്കോക്കു പുറമെ കാമറൂണ്‍, സെനഗാല്‍, തുനീഷ്യ, ഘാന ടീമുകള്‍. കഴിഞ്ഞ ലോകകപ്പില്‍ സെനഗാല്‍ പ്രി ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കുകയായിരുന്നു.
മൊറോക്കോ ഖത്തറില്‍ ക്രൊയേഷ്യ, ബെല്‍ജിയം ടീമുകളുള്‍പ്പെട്ട ഗ്രൂപ്പില്‍ ഒന്നാമതെത്തി. ക്രൊയേഷ്യ 2018 ലെ ഫൈനലിസ്റ്റും ബെല്‍ജിയം സമീപകാലം വരെ ലോക ഒന്നാം നമ്പറുമായിരുന്നു. പ്രി ക്വാര്‍ട്ടറില്‍ സ്പെയിനിനെയും ക്വാര്‍ട്ടറില്‍ പോര്‍ചുഗലിനെയും അട്ടിമറിച്ചു. സെമിയില്‍ ഫ്രാന്‍സാണ് ആ കുതിപ്പിന് തടയിട്ടത്.






