പ്രണോയിക്ക് പിന്നാലെ ലക്ഷ്യ, കനേഡിയന്‍ ഓപണില്‍ കിരീടം

കാല്‍ഗരി - രണ്ടാം ഗെയിമില്‍ നാല് ഗെയിം പോയന്റുകള്‍ അതിജീവിച്ച ലക്ഷ്യ സെന്‍ കനേഡിയന്‍ ഓപണ്‍ ബാഡ്മിന്റണില്‍ കിരീടം നേടി. നിലവിലെ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ ചൈനയുടെ ഷി ഫെംഗ് ലിയെയാണ് ഇന്ത്യന്‍ താരം 21-18, 22-20 ന് തോല്‍പിച്ചത്. രണ്ട് യുവ താരങ്ങള്‍ ടോപ് ക്ലാസ് പ്രകടനം പുറത്തെടുത്തതോടെ ആവേശകരമായ റാലികള്‍ക്കും മിന്നല്‍ സ്മാഷുകള്‍ക്കുമാണ് കോര്‍ട് സാക്ഷ്യം വഹിച്ചത്. 
സെമിഫൈനലില്‍ നാലാം സീഡ് ജപ്പാന്റെ കെന്‍ഡ നിഷിമോതോയെ തോല്‍പിച്ചിരുന്നു. ഈ സീസണില്‍ ഇരുപത്തൊന്നുകാരന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്. തായ്‌ലന്റ് ഓപണില്‍ മൂന്നാം സ്ഥാനത്തെത്തിയതായിരുന്നു ഇതുവരെ മികച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഫൈനലിലെത്തിയ ശേഷം ലക്ഷ്യ സ്ഥിരത കണ്ടെത്താന്‍ ബുദ്ധിമുട്ടുകയായിരുന്നു. 
ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്തെത്തുകയും ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്തേക്കുയരുകയും ചെയ്ത ലക്ഷ്യ സമീപകാലത്ത് പത്തൊമ്പതാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഈ സീസണില്‍ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ലക്ഷ്യ. മലേഷ്യന്‍ ഓപണില്‍ എച്ച്.എസ് പ്രണോയ് ചാമ്പ്യനായിരുന്നു. 
തായ്‌ലന്റിന്റെ രചനോക് ഇന്തനോണിനെ തോല്‍പിച്ച് ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ അകാനെ യാമാഗുചി വനിതാ ചാമ്പ്യനായി.
 

Latest News