ഇറാനില്‍ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ കാണാന്‍ സ്ത്രീകള്‍ക്കും അനുമതി

ടെഹ്‌റാന്‍- സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ മത്സരം കാണുന്നത് അപൂര്‍വമായ ഇറാനില്‍ അവര്‍ക്ക് സ്‌റ്റേഡിയങ്ങളില്‍ പ്രവേശനം നല്‍കുമെന്ന് രാജ്യത്തെ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്റെ പ്രഖ്യാപനം.  വരുന്ന സീസണില്‍ സ്ത്രീകളെ സ്‌റ്റേഡിയങ്ങളില്‍ പ്രവേശിപ്പിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി (ഇര്‍ന) റിപ്പോര്‍ട്ട് ചെയ്തു.
സ്‌റ്റേഡിയങ്ങളില്‍ സ്ത്രീകളെ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ അനുവദിക്കാന്‍ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ (എസ്എന്‍എസ്സി) തീരുമാനിച്ചതായി ഇറാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി മെഹ്ദി താജ് പറഞ്ഞു.
സ്ത്രീകള്‍ക്ക് സ്‌റ്റേഡിയങ്ങളിലേക്ക് വരാന്‍ കഴിയും. സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഇത്തരമൊരു തീരുമാനമെടുത്തിട്ടുണ്ട്- താജ് പറഞ്ഞു.
തീരുമാനം നടപ്പിലാക്കുന്നതിന് വര്‍ക്കിംഗ് ഗ്രൂപ്പിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര മന്ത്രാലയം, കായിക, യുവജന നയ മന്ത്രാലയം, ഫുട്‌ബോള്‍ ഫെഡറേഷന്‍, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ രണ്ട് സ്ഥാപനങ്ങള്‍ എന്നിവ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
1979 ലെ വിപ്ലവത്തിന് ശേഷം 2006ല്‍ ആദ്യമായി സ്ത്രീകളെ മത്സരം കാണാന്‍ അനുവദിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News