വിംബിള്‍ഡണ്‍ ക്ലാസിക്; ഈഗ, സ്വിറ്റോലിന ജയിച്ചു

ലണ്ടന്‍ - വിംബിള്‍ഡണ്‍ ക്ലാസിക്കുകളെന്ന് വിശേഷിപ്പിക്കാവുന്ന രണ്ട് പോരാട്ടങ്ങളില്‍ ടോപ് സീഡ് ഈഗ ഷ്വിയോന്‍ടെക്കും ഉക്രൈന്‍കാരി എലീന സ്വിറ്റോലിനയും ജയിച്ചു. രണ്ട് മാച്ച് പോയന്റുകള്‍ അതിജീവിച്ച ഈഗ ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ ഒളിംപിക് ചാമ്പ്യന്‍ ബെലിന്‍ഡ ബെന്‍സിച്ചിനെ 6-7 (4/7), 7-6 (7/2), 6-3 ന് തോല്‍പിച്ചു. രാഷ്ട്രീയപ്പോരാട്ടമായി ഗാലറി ഏറ്റെടുത്ത ചൂടേറിയ മത്സരത്തില്‍ ബെലാറൂസുകാരി വിക്ടോറിയ അസരെങ്കയെ ഉക്രൈന്‍കാരി സ്വിറ്റോലി 2-6, 6-4, 7-6 (11/9) ന് കീഴടക്കി. ഈഗയും സ്വിറ്റോലിനയും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. 
അസരെങ്കയെ ഹസ്തദാനം ചെയ്യാന്‍ സ്വിറ്റോലിന തയാറായില്ല. കാണികള്‍ അസരെങ്കയെ കൂവുകയും ചെയ്തു. ഇത് നീതിയല്ലെന്ന് അസരെങ്ക പറഞ്ഞു. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. കാണികള്‍ക്ക് വസ്തുതകള്‍ വ്യക്തമായി അറിയുമെന്നും തോന്നുന്നില്ല. എന്തു ചെയ്യാം. എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലല്ലോ -അസരെങ്ക ചോദിച്ചു. ഉക്രൈന്‍ കളിക്കാരുടെ മാനസികാവസ്ഥ ടെന്നിസ് അധികൃതര്‍ വ്യക്തമാക്കുകയാണെങ്കില്‍ കൂവല്‍ ഒഴിവാക്കാമെന്ന് സ്വിറ്റോലിന അഭിപ്രായപ്പെട്ടു. ഫ്രഞ്ച് ടെന്നിസ് താരം ഗെയ്ല്‍ മോണ്‍ഫില്‍സിന്റെ ഭാര്യയായ സ്വിറ്റോലിന പെണ്‍കുഞ്ഞിനെ പ്രസവിച്ച ശേഷമാണ് ടെന്നസില്‍ തിരിച്ചെത്തിയത്.
പുരുഷ പ്രി ക്വാര്‍ട്ടറില്‍ ഹ്യൂബര്‍ട് ഹുര്‍കാസിനെതിരെ ടൈബ്രേക്കറിലേക്ക് നീണ്ട രണ്ട് സെറ്റില്‍ നോവക് ജോകോവിച്ച് 2-0 ന് ലീഡ് ചെയ്യവെ രാത്രി വൈകിയതിനാല്‍ കളി നിര്‍ത്തി. വിംബിള്‍ഡണില്‍ നോവക്കിന്റെ നൂറാം മത്സരമാണ് ഇത്. സ്‌കോര്‍: 7-6 (8/6), 7-6 (8/6)
 

Latest News