ഹരാരെ - ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ ടൂര്‍ണമെന്റില്‍ ശ്രീലങ്ക ചാമ്പ്യന്മാര്. ലോകകപ്പിന് യോഗ്യത നേടിയ രണ്ട് ടീമുകള്‍ തമ്മിലുള്ള ഫൈനലില്‍ ശ്രീലങ്ക 128 റണ്‍സിന് നെതര്‍ലാന്റ്സിനെ തകര്‍ത്തു. എല്ലാ കളികളും ജയിച്ചാണ് ശ്രീലങ്ക ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കിയത്. 48 ഓവര്‍ പൂര്‍ത്തിയാവും മുമ്പെ ശ്രീലങ്കയെ 233 ന് ഓളൗട്ടാക്കി നെതര്‍ലാന്റ്സ് മറ്റൊരു അട്ടിമറിയുടെ സാധ്യതയുയര്ത്തിയെങ്കിലും അവരുടെ മറുപടി ഇരുപത്തിമൂന്നോവറില് 105 ല്‍ അവസാനിച്ചു.
മാന്‍ ഓഫ് ദ മാച്ച് ദില്ഷന് മധുശങ്ക മൂന്നു വിക്കറ്റെടുത്തതോടെ മൂന്നിന് 39 ലേക്ക് തകര്‍ന്ന നെതര്‍ലാന്റ്സ് പിന്നീട് കരകയറിയില്ല. ടൂര്‍ണമെന്റിലെ മികച്ച പ്രകടനം ലോകകപ്പില്‍ ശ്രീലങ്കക്ക് ആവേശം പകരുമെന്ന് കോച്ച് ക്രിസ് സില്‍വര്‍വുഡ് പറഞ്ഞു. ഒക്ടോബര്‍ അഞ്ചിനാണ് ഇന്ത്യയില്‍ ലോകകപ്പ് ആരംഭിക്കുന്നത്.
സ്കോട്ലന്റിനെതിരായ നിര്‍ണായക മത്സരത്തിലെ ഹീറോ ബാസ് ഡി ലീഡ് വിട്ടുനിന്നതോടെ ഡച്ച് നിരയുടെ കരുത്ത് ചോര്‍ന്നിരുന്നു. കഴിഞ്ഞ രണ്ട് കളിയിലും സെഞ്ചുറിയടിച്ച പാത്തും നിസങ്കയെ (23) പുറത്താക്കി വിക്രംജിത് സിംഗ് ശ്രീലങ്കയുടെ മുന്നേറ്റം തടഞ്ഞു. സഹാന് അരാചിഗെ (57), കുശാല്‍ മെന്‍ഡിസ് (43), ചരിത അസലങ്ക (36) എന്നിവരാണ് സ്കോര്‍ 200 കടത്തിയത്.






