കല്‍പറ്റ-മിര്‍പുരില്‍ ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരം തുടങ്ങി മിനിറ്റുകള്‍ പിന്നിടുമ്പോഴേക്കും വയനാട്ടിലെ മാനന്തവാടി എടപ്പെടി ചോയിമൂല കൈപ്പാട്ട് മാവുംകണ്ടി വീട്ടില്‍ ആഹ്ലാദം അണപൊട്ടി. തന്റെ ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ ഓപണര്‍ ഷമീമ സുല്‍ത്താനയെ മിന്നു മണി പവലിയനിലേക്കു പറഞ്ഞയച്ചപ്പോള്‍ ഹര്‍ഷാരവത്തില്‍ കുലുങ്ങിയത് മാവുംകണ്ടി വീടാണ്. കുറിച്യത്തറവാട്ടില്‍നിന്നുള്ള പെണ്‍തരിയാണ് വയനാടിനാകെ അഭിമാനമായി മാറിയ മിന്നു. മാവുംകണ്ടി സി.കെ. മണി-വസന്ത ദമ്പതികളുടെ മൂത്ത മകളാണ്.
രാവിലെ വീട്ടിലേക്കു വിളിച്ച മിന്നു 'കളിക്കാന്‍ സാധ്യത കുറവാണെന്നാണ് അറിയിച്ചത്. കുറച്ചുകഴിഞ്ഞു വീണ്ടും വിളിച്ചപ്പോള്‍ കളിക്കുന്നുണ്ടെന്നും കാണണമെന്നും വീട്ടുകാരോടു പറഞ്ഞു. മത്സരം 'കേബിളില്‍' ലഭ്യമല്ലാത്തതിനാല്‍ മൊബൈല്‍ ഫോണിലാണ് കുടുംബാംഗങ്ങള്‍ കളി കണ്ടത്. കളി കണ്ടും മാധ്യമങ്ങളിലൂടെ അറിഞ്ഞും വയനാടന്‍ ജനതും ആഹഌദത്തില്‍ പങ്കുചേര്‍ന്നു.
മിന്നുവിന്റെ കന്നി അന്താരാഷ്ട്ര വിക്കറ്റില്‍ അതിരറ്റ സന്തോഷം ഉണ്ടെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു. മകള്‍ ഉള്‍പ്പെടുന്ന ദേശീയ ടീമിന്റെ പ്രകടനം നേരില്‍ കാണാന്‍ കഴിയാത്തതിലെ 'ദുഃഖവും' അവര്‍ പങ്കുവച്ചു. ദാരിദ്ര്യത്തോടും പരിമിതികളോടും പൊരുതിയാണ് മിന്നു ദേശീയ ടീമിന്റെ ഭാഗമായത്. തറവാട്ടിലെ ആണ്‍കുട്ടികള്‍ക്കൊപ്പം ഓടിയും ചാടിയും പാടത്ത് ഫുട്‌ബോള്‍ തട്ടിയുമാണ് മിന്നു ക്രിക്കറ്റ് ലോകത്ത് എത്തിയത്. അധ്യാപകരുടെയും പരിശീലകരുടെയും ശാസനയും വാത്സല്യവും മേളിച്ച പ്രോത്സാഹനമാണ് മിന്നുവിലെ ക്രിക്കറ്റ് കളിക്കാരിയെ ഉരച്ചുമിനുക്കിയതെന്നും വീട്ടുകാര്‍ പറഞ്ഞു.






