ഇംഗ്ലണ്ടിന് ജയമൊരുക്കി 2 ഡബ്ല്യൂസ്

ലണ്ടന്‍ - തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനത്തോടെ മാര്‍ക്ക് വുഡും ക്രിസ് വോക്‌സും നിര്‍ണായകമായ മൂന്നാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയമൊരുക്കി. വിജയസാധ്യത മാറിമറിഞ്ഞ മത്സരത്തില്‍ ഒന്നര ദിവസം ശേഷിക്കെ മൂന്നു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മധ്യനിരയില്‍ ഹാരി ബ്രൂക് കടിഞ്ഞാണേറ്റെടുത്തതോടെ ഇംഗ്ലണ്ട് വിജയത്തിലേക്ക് നീങ്ങിയെങ്കിലും അവസാനം വരെ ഓസീസ് പൊരുതി. ആദ്യ രണ്ട് ടെസ്റ്റും ഓസ്‌ട്രേലിയയായിരുന്നു ജയിച്ചത്. മൂന്നാം ടെസ്റ്റും ആരും ജയിക്കാമെന്ന അവസ്ഥയിലായിരുന്നു. ഒരറ്റത്ത് പൊരുതിയ ഹാരി ബ്രൂക്ക് (75) ലക്ഷ്യത്തിന് 21 റണ്‍സ് അരികില്‍ പുറത്തായതോടെ ഇംഗ്ലണ്ടിന് അവസാന നിമിഷങ്ങള്‍ ആശങ്കാജനകമായി. എങ്കിലും പെയ്‌സ്ബൗളര്‍മാരായ ക്രിസ് വോക്‌സും (35 നോട്ടൗട്ട്) മാര്‍ക്ക് വുഡും (10 നോട്ടൗട്ട്) ടീമിനെ വിജയതീരത്തെത്തിച്ചു. അഞ്ച് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് അവസാനം വരെ ഓസീസിന്റെ പ്രതീക്ഷ നിലനിര്‍ത്തി. എന്നാല്‍ പാറ്റ് കമിന്‍സിനെ സിക്‌സറിനും സ്റ്റാര്‍ക്കിനെ ബൗണ്ടറിക്കുമുയര്‍ത്തി വുഡ് കളി ഇംഗ്ലണ്ടിന്റെ വഴിയിലേക്ക് തിരിച്ചു. സ്‌കോര്‍: ഓസ്‌ട്രേലിയ 263, 224, ഇംഗ്ലണ്ട് 237, ഏഴിന് 252.
ഇംഗ്ലണ്ടിന്റെ ഇരട്ട ഡബ്ല്യൂസായിരുന്ന വോക്‌സും വുഡും ഒന്നാന്തരം ഓള്‍റൗണ്ട് പ്രകടനമാണ് കാഴ്ചവെച്ചത്. ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ട ഇരുവരും മത്സരത്തില്‍ 13 വിക്കറ്റ് പങ്കുവെച്ചു. രണ്ട് ഇന്നിംഗ്‌സിലും വാലറ്റത്ത് നിര്‍ണായക റണ്‍സുകള്‍ സംഭാവന ചെയ്തു. 
251 ചെയ്‌സ് ചെയ്യവെ ഇംഗ്ലണ്ട് ആറിന് 171 ലേക്ക് തകര്‍ന്നിരുന്നു. എന്നാല്‍ ബ്രൂക്കും വുഡും ഏഴാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ബ്രൂക്കിനെ സ്റ്റാര്‍ക്ക് പുറത്താക്കുമ്പോള്‍ ഇംഗ്ലണ്ടിന് 21 റണ്‍സ് വേണമായിരുന്നു ജയിക്കാന്‍. ലഞ്ചിനു ശേഷം ബെന്‍ സ്‌റ്റോക്‌സിനെയും (13) ജോണി ബെയര്‍സ്‌റ്റോയെയും (5) പുറത്താക്കി ഓസീസ് മത്സരത്തിലേക്ക് വന്നതായിരുന്നു. സ്റ്റാര്‍ക്ക് 78 റണ്‍സിന് അഞ്ചു വിക്കറ്റെടുത്തു. 

Latest News