നമ്മൾ നന്നാകുവാനെന്തുനല്ലൂ...
മനസ്സിൽ നല്ലൊരു ചൂലു നല്ലൂ...
നമ്മൾ നന്നായി വളരാൻ എന്തു ചെയ്യണം എന്ന് ഒരു കൂട്ടുകാരന്റെ കത്തിന് കുട്ടേട്ടൻ എന്ന കുഞ്ഞുണ്ണിമാഷ് പറഞ്ഞ കവിതാ മറുപടിയാണിത്. പണ്ട് ഒരു ബാലമാസികയിൽ 'കുഞ്ഞുണ്ണിമാഷും കുട്ട്യോളും' എന്നൊരു പംക്തിയും മാഷ് കൈകാര്യം ചെയ്തിരുന്നു. വിദ്യാർത്ഥിച്ചങ്ങാതിമാരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും സരസമായാണ് മാഷ് ഉത്തരം പറഞ്ഞിരുന്നത്. ഇന്നത്തെ പ്രശസ്തരായ മിക്ക എഴുത്തുകാർക്കും കുട്ടിക്കാലത്ത് കുഞ്ഞുണ്ണിമാഷിന്റെ ഒരു കത്തെങ്കിലും കിട്ടാത്തതായി ഉണ്ടാകില്ല.
മലയാളസാഹിത്യലോകത്ത് കുട്ടിക്കവിതകളും കഥകളും എഴുതി പ്രശസ്തി നേടിയ കുഞ്ഞുണ്ണി എന്ന കുട്ടേട്ടൻ 1927 മേയ് 10 ന് തൃശൂർ ജില്ലയിൽ ചാവക്കാട്ടിനടുത്ത്, പള്ളിപ്രം എന്ന ഗ്രാമത്തിൽ ജനിച്ചു. തൃപ്രയാർ യു.പി. സ്കൂളിലും വലപ്പാട് സെന്റ് സെബാസ്റ്റിയൻ ഹൈസ്കൂളിലും വിദ്യാഭ്യാസം നടത്തി പാലക്കാട്ട് നിന്ന് അധ്യാപകപരിശീലനം കഴിച്ച് 1949 ൽ മലപ്പുറം ജില്ലയിലെ ചേളാരി ഹൈസ്കൂളിൽ അധ്യാപകനായി. പിന്നീട് രാമനാട്ടുകര ഹൈസ്കൂളിൽ ജോലി നോക്കി. അധ്യാപകനായിരിക്കെത്തന്നെ വിദ്വാൻ പരീക്ഷ പാസായി. 1953 മുതൽ 82 വരെ കോഴിക്കോട് രാമകൃഷ്ണ മിഷൻ ഹൈസ്കൂളിൽ സേവനമനുഷ്ഠിച്ചു. വലപ്പാട്ടെ തറവാടിൽ 2006 മാർച്ച് 26 നു അന്തരിച്ചു. അവിവാഹിതനായിരുന്നു മാഷ്.
കുഞ്ഞുണ്ണിമാഷും കുട്ട്യോളും
കുഞ്ഞുണ്ണി മാഷ് ഏറ്റവുമധികം കാലം പംക്തിയെഴുത്ത് നടത്തിയത് മലർവാടി എന്ന കുട്ടികളുടെ മാസികയിലായിരുന്നു.ഇപ്പോൾ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന മലർവാടിയുടെ സ്ഥാപക പത്രാധിപരായിരുന്ന പ്രശസ്ത ബാലസാഹിത്യകാരൻ ഇ.വി.അബ്ദുവാണ് അദ്ദേഹത്തെ മലർവാടിയുമായി ബന്ധിപ്പിച്ചത്. 1981 ജനുവരി മാസം മുതൽ അദ്ദേഹം മലർവാടിയിൽ കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന പംക്തി എഴുതിത്തുടങ്ങി. കേരളത്തിലെ അനേകം കുട്ടികളെ സാഹിത്യകാരന്മാരാക്കി വളർത്തിയ പ്രശസ്തമായ പംക്തിയായി അത് മാറി. 1998 ജനുവരി വരെ നീണ്ട 17 വർഷം ആ പംക്തി തുടർന്നു.(ഈ പംക്തിയിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും പുസ്തകമായി ഇന്ന് ലഭ്യമാണ്.) ആ പംക്തി നിർത്തിയ ശേഷം 2002 വരെ കുഞ്ഞുണ്ണി മാഷുടെ പേജ് എന്ന പേരിൽ മറ്റൊരു പംക്തിയിലൂടെ 5 വർഷം കൂടി കുഞ്ഞുണ്ണി മാഷ് മലർവാടിയിൽ ഉണ്ടായിരുന്നു.
ഞാൻ എന്ന കുഞ്ഞുണ്ണി - സാഹിത്യജീവിതം
രണ്ടാം ലോകമഹായുദ്ധം നടന്നിരുന്ന കാലത്ത് അരി, തുണി മുതലായവയ്ക്ക് ഉണ്ടായിരുന്ന റേഷനിങ്ങിനെപ്പറ്റി അന്ന് ആറാംക്ലാസ് വിദ്യാർഥിയായിരുന്ന കുഞ്ഞുണ്ണി ഒരു ഓട്ടൻതുള്ളൽ രചിച്ച് അരങ്ങത്ത് തുള്ളിയവതരിപ്പിച്ചു. അതാണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ സാഹിത്യരചന.
നമ്മൾ എഴുതുന്ന കവിത നന്നാകാൻ എന്തു വേണമെന്ന് ചോദിച്ചാൽ മാഷ് ഇങ്ങനെയായിരിക്കും മറുപടി തരുന്നത്.
'കവിതയിലൊരു വിതയുണ്ട്
വിത നന്നായാൽ കവിത നന്നായി'
ഇനി മാഷുടെ കവിതയെക്കുറിച്ച്
ചോദിച്ചാൽ ഇങ്ങനെപാടും, കുട്ടേട്ടൻ.
എന്റെ കവിതക്കിറച്ചിയില്ല.
അതിനാൽ തോലുമില്ല
സൂക്ഷിച്ചു നോക്കിയപ്പോൾ
എല്ലുമില്ലെന്നറിഞ്ഞു
ഉള്ളതൊരു തുള്ളി മജ്ജ മാത്രം.
കത്തുകളിലൂടെയും പ്രോത്സാഹനങ്ങളിലൂടെയുമൊക്കെ നിറയുന്ന കുഞ്ഞുണ്ണി ഒരു വലിയ സംഭവം തന്നെയാണ് എന്ന് ചിലരെങ്കിലും ധരിച്ചുവശരായിട്ടുണ്ടെങ്കിൽ തന്നെക്കുറിച്ച് കവി അറിയിക്കുന്നതൊന്നു കേൾക്കൂ..
എനിക്കു പൊക്കം കുറവാ...
ണെന്നെ പ്പൊക്കാതിരിക്കുവിൻ
എനിക്കു ഭാരം കുറവാ
ണെന്നെ താങ്ങാതിരിക്കുവിൻ
ഏതൊരു കവിയെയും ബാല്യത്തിന്റെ ആഹ്ലാദ നിമിഷങ്ങൾ ഓർത്തെടുക്കാൻ പര്യാപ്തമാണല്ലോ കുന്നിക്കുരുമണികൾ. കുന്നിക്കുരുക്കളെക്കുറിച്ച് മാഷ് ചുരുക്കം വാക്കുകളിലൂടെ വാചാലനായത് നോക്കൂ..
ഇത്തറ ചെറിയൊരു
കുന്നിക്കുരുവി
നെത്തറ നല്ല നിറം
കാൽകറുപ്പും മുക്കാൽ ചോപ്പും
കാണാനെന്തു രസം
മധുരമെൻ മലയാളം
തന്റെ പെറ്റമ്മയായ മലയാളത്തെ വല്ലാതെ സ്നേഹിച്ചിരുന്നു മാഷ്. വർത്തമാനം ശുദ്ധ നാട്ടിൻപുറത്തുകാരന്റെതായിരിക്കും. പെറ്റമ്മയെ മറക്കുന്നത് മാഷ്ക്ക് സഹിക്കാവുന്ന കാര്യമല്ലായിരുന്നു.
ഭാഷയെക്കുറിച്ച് മാഷ് വാചാലനാകുന്നത് നോക്കൂ.
അമ്പത്താറക്ഷരമല്ല,
അമ്പത്തൊന്നക്ഷരമല്ല.
എന്റെ മലയാളം
മലയാളമെന്ന നാലക്ഷരവുമല്ല
അമ്മ ഒരൊറ്റക്ഷരമാണ്.
മണ്ണ് എന്ന ഒരൊറ്റക്ഷരമാണ്
എന്റെ മലയാളം.
പെറ്റമ്മയെ പിൻകാലുകൊണ്ടു ചവിട്ടി പോറ്റമ്മമാരെയും ധാത്രിമാരെയും തേടിപ്പോകുന്ന പുതുതലമുറയെ മാഷ് കണക്കിനു പരിഹസിക്കാറുണ്ട്. ഒരു സാമ്പിൾ ഇതാ...
'ഇരിക്കും നിമിഷം തൊട്ടെൻ
മകൻ ഇംഗ്ലീഷ് പഠിക്കണം.
അതിനാൽ ഭാര്യതൻ പേറ-
ങ്ങിംഗ്ലണ്ടിൽ തന്നെയാക്കി ഞാൻ.
കവിതയെഴുതുന്നതിനുള്ള സൂത്രവിദ്യകൾ കവിതകളിലൂടെത്തന്നെ മാഷ് പറയുന്നതു കേൾക്കൂ.
കവിത വരുന്നൂ കവിതവരുന്നൂ
കടലാസെവിടെ പെന്നെവിടെ
ഏകാഗ്രതയാണ് മാഷെ സംബന്ധിച്ചിടത്തോളം കവിതവരാനുള്ള സൂത്രം. അത് കവിതയിലൂടെ മാഷ് കോറിയിട്ടിട്ടുണ്ട്.
കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോൾ
ഞാനില്ലാതാകുന്നു.
കവിത ആദ്യമായെഴുതേണ്ടത് കടലാസിലല്ല. മനസ്സിലാണ് എന്നാണ് മാഷിന്റെ മതം.
കവിത പേനക്കൊണ്ടെഴുതരുത്
മനസ്സുകൊണ്ട് മനസ്സിലെഴുതണം
ആദ്യമെഴ്
പിന്നെയെത്ത്
പിന്നെമതിയെഴുത്ത്
ഓരോ വാക്കും ഓരോ
ആകാശമാണ്
കുറഞ്ഞ വാക്കുകൾ. പഴഞ്ചൊല്ലുകൾ കവിതയിലേക്കു സന്നിവേശിച്ചിരിക്കുന്നു. ഇത്തരം കവിതകൾ ഏതൊരാൾക്കും പെട്ടെന്നെഴുതാമെന്നതാണ് രസകരം. പക്ഷേ അവിടെയും ഭാവനയും തന്റെ ഐഡന്റിറ്റിയും കാത്തു സൂക്ഷിക്കണമെന്നു സാരം. ഇത്തിരിയുള്ള തനിക്ക് കവിത കുറിക്കാനും ഇത്തിരി മാത്രമേ വാക്കുകൾ വേണ്ടതുള്ളുവെന്ന് മാഷ് സൂചിപ്പിക്കുന്നതു നോക്കൂ.
ഇത്തിരിയേയുള്ളു ഞാൻ
എനിക്കു പറയാ
നിത്തിരി വിഷയവുമുള്ളു
അതു പറയാ
നിത്തിരിയേ വാക്കും വേണ്ടൂ...
കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ വാക്കുകളിൽ ആശയം പതിപ്പിക്കുന്നവനാണ് ശക്തിമാൻ എന്നാണ് കുട്ടേട്ടന്റെ അഭിപ്രായം.അതു കൊണ്ടു തന്നെ ഇൻലൻഡ് മാസികകളിലും മറ്റു കുഞ്ഞു മാസികകളിലും മാഷിന്റെ കയ്യൊപ്പ് പതിയുന്നത്.
വാക്കൊതുക്കുന്നവനൂക്കൻ ഇതാണ് മാഷിന്റെ പക്ഷം. കുറഞ്ഞ വാക്കുകളിൽ കൂടുതൽ കാര്യങ്ങൾ പറയുന്നതിന് മാഷ് ഉദാഹരിക്കുന്നത് ആകാശത്തെയാണ്.
ഓരോ വാക്കും ഓരോ ആകാശം.
ചില കുഞ്ഞുണ്ണിക്കവിതകൾ
* കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ.
* സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ
വേണ്ടതേ വാങ്ങാവൂ.
* ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ
വിരസ നിമിഷങ്ങൾ സരസമാക്കുവാ
നിവ ധാരാളമാണെനിക്കെന്നും.
* ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാൽ
* ഉടുത്ത മുണ്ടഴിച്ചിട്ടു
പുതച്ചങ്ങു കിടക്കുകിൽ
മരിച്ചങ്ങു കിടക്കുമ്പോ
ഴുള്ളതാം സുഖമുണ്ടിടാം.
* ഞാനെന്റെ മീശ ചുമന്നതിന്റെ
കൂലിചോദിക്കാൻ
ഞാനെന്നോടു ചെന്നപ്പോൾ
ഞാനെന്നെ തല്ലുവാൻ വന്നു.
* പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം
വൃത്തിയാക്കി വച്ചു.
* എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകലാനിടമില്ലെന്നതുവരെ.
* എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം.
* മഴ മേലോട്ട് പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരു
മണ്ണുള്ള ദിക്കിലുള്ളോർക്കേ
കണ്ണു കീഴോട്ടു കണ്ടിടൂ
* കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോൾ
ഞാനുമില്ലാതാകുന്നു
* പൊക്കമില്ലാത്തതാണെന്റെ പൊക്കം
* മന്ത്രിയായാൽ മന്ദനാകും
മഹാ മാർക്സിസ്റ്റുമീ
മഹാ ഭാരതഭൂമിയിൽ
* മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊരിത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതം എന്നാൽ പരമാനന്ദം
* ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
മടലടർന്നു വീണു
മൂസ മലർന്നു വീണു
മടലടുപ്പിലായി
മൂസ കിടപ്പിലായി!
* ശ്വാസം ഒന്ന് വിശ്വാസം പലത്
* ശ്വാസമാവശ്യം ആശ്വാസമാവശ്യം വിശ്വാസമത്യാവശ്യം
* കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെൻ പരാജയം
* 'ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല'
പുരസ്കാരങ്ങൾ
*അക്ഷരത്തെറ്റ് എന്ന കൃതിക്ക് കേരളസാഹിത്യ അവാർഡ്
*സംസ്ഥാന ബാലസാഹിത്യ അവാർഡ്
*ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച ബാലസാഹിത്യകാരനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം
*വാഴക്കുന്നം അവാർഡ്
*വി.എ.കേശവൻ നായർ അവാർഡ്
*കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ടും ആജീവനാന്ത സംഭാവനകളെ മുൻനിർത്തി 1988 ലും 2002 ലും പുരസ്കാരങ്ങൾ സമ്മാനിച്ചു.