അഞ്ചാം ദിവസവും സിറ്റ്‌സിപാസ് കോര്‍ടില്‍

ലണ്ടന്‍ - വിംബിള്‍ഡണില്‍ ആദ്യ അഞ്ചു ദിവസവും സ്‌റ്റെഫനോസ് സിറ്റ്‌സിപാസിന് കോര്‍ടില്‍ ഇറങ്ങേണ്ടി വന്നു. അതിനിടയില്‍ ഗ്രാന്റ്സ്ലാം ചാമ്പ്യന്മാരായ ഡൊമിനിക് തിയേമിനെയും ആന്‍ഡി മറെയെയും തോല്‍പിക്കുകയും ചെയ്തു. രണ്ട് തവണ ഗ്രാന്റ്സ്ലാം ഫൈനലിലെത്തിയ സിറ്റ്‌സിപാസ് ലോക അഞ്ചാം നമ്പറാണ്. 
തിയേമിനെതിരായ കളി മഴ കാരണം ചൊവ്വ, ബുധന്‍ ദിവസങ്ങളിലായാണ് പൂര്‍ത്തിയായത്. വ്യാഴാഴ്ച മറെക്കെതിരായ മത്സരം രാത്രി വൈകിയതിനാല്‍ നിര്‍ത്തിവെക്കേണ്ടി വന്നു. വെള്ളിയാഴ്ചയാണ് പൂര്‍ത്തിയാക്കിയത്. അതിനിടയില്‍ സഹോദരന്‍ പെട്രോസിനൊപ്പം വെള്ളിയാഴ്ച ഡബ്ള്‍സും കളിച്ചു. അതും പൂര്‍ത്തിയായില്ല. 
2015 ലെ ഫ്രഞ്ച് ഓപണ്‍ ഫൈനലിലും 2016 ലെ യു.എസ് ഓപണ്‍ ഫൈനലിലും തന്നെ കീഴടക്കിയ സ്റ്റാന്‍ വാവ്‌റിങ്കയെ തോല്‍പിച്ച് നിലവിലെ പുരുഷ ചാമ്പ്യന്‍ നോവക് ജോകോവിച് പ്രി ക്വാര്‍ട്ടറിലെത്തി. വനിതാ ഒന്നാം നമ്പര്‍ ഈഗ ഷ്വിയോന്‍ടെക്, നാലാം നമ്പര്‍ ജെസിക്ക പെഗൂല എന്നിവരും പ്രി ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചു. എന്നാല്‍ അഞ്ചാം സീഡ് കരൊലൈന്‍ ഗാര്‍സിയയെ മുപ്പത്തിരണ്ടാം സീഡ് മേരി ബൂസ്‌കോവ അട്ടിമറിച്ചു. സ്‌കോര്‍: 7-6 (7-0), 4-6, 7-5. ചൈനയുടെ ബായ് ഷൂസുവാനെ 6-1, 6-1 ന് തകര്‍ത്ത തുനീഷ്യക്കാരി ഉന്‍സ് ജാബിര്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 
 

Latest News