ലോകകപ്പ്: പാക് പങ്കാളിത്തം ഹൈപവര്‍ കമ്മിറ്റിക്ക് വിട്ടു

ലാഹോര്‍ - ഇന്ത്യയില്‍ ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കണമോയെന്ന് തീരുമാനിക്കാന്‍ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് ഹൈപവര്‍ കമ്മിറ്റിക്ക് രൂപം നല്‍കി. വിദേശകാര്യ മന്ത്രി ബിലാവര്‍ ഭൂട്ടൊ സര്‍ദാരിയാണ കമ്മിറ്റിയുടെ അധ്യക്ഷന്‍. കമ്മിറ്റിയുടെ പ്രധാന ദൗത്യം പാക്കിസ്ഥാന്‍ ടീമിന്റെ ഇന്ത്യയിലേക്കുള്ള യാത്രാ പദ്ധതികളാണെന്നാണ് സൂചന. ഇതനുസരിച്ചായിരിക്കും പ്രധാനമന്ത്രി തീരുമാനമെടുക്കുക. ലോകകപ്പില്‍ പങ്കെടുക്കണമോയെന്ന സംബന്ധിച്ച് തീരുമാനം അറിയിക്കണമെന്ന് കഴിഞ്ഞയാഴ്ച പാക് ക്രിക്കറ്റ് ബോര്‍ഡ് സര്‍ക്കാരിന് എഴുതിയിരുന്നു. അഞ്ച് വേദികളിലാണ് പാക്കിസ്ഥാന്റെ ലോകകപ്പ് മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിലേതെങ്കിലും വേദി സംബന്ധിച്ച് ആശങ്കയുണ്ടോയന്നും പി.സി.ബി ആരാഞ്ഞിരുന്നു. 
കമ്മിറ്റി ചര്‍ച്ച ചെയ്യുന്ന പ്രധാന കാര്യം ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരമാണ്. ഒക്ടോബര്‍ 15 ന് അഹമ്മദാബാദിലാണ് ഈ കളി നിശ്ചയിച്ചിരിക്കുന്നത്. നെതര്‍ലാന്റ്‌സും ശ്രീലങ്കയുമായി ഹൈദരാബാദിലും ഓസ്‌ട്രേലിയയും ന്യൂസിലാന്റിലുമായി ബംഗളൂരുവിലും ബംഗ്ലാദേശും ഇംഗ്ലണ്ടുമായി കൊല്‍ക്കത്തയിലും അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയുമായി ചെന്നൈയിലുമാണ് പാക്കിസ്ഥാന്‍ കളിക്കുക. 
ആഭ്യന്തര മന്ത്രി റാണ സനാഉല്ല, നിയമ മന്ത്രി അസം നസീര്‍ തരാര്‍ എന്നിവരും രഹസ്യാന്വേഷണ ഏജന്‍സി തലവന്മാരും വിദേശകാര്യ സെക്രട്ടറിമാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കമ്മിറ്റിയിലുണ്ട്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലാവധി 34 ദിവസം കൂടിയേയുള്ളൂ. ഭരണം മാറിയാല്‍ തീരുമാനം മാറ്റുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പെടുത്തുന്നത്. 
ആദ്യമായാണ് ഒരു ക്രിക്കറ്റ് പര്യടനം തീരുമാനിക്കാന്‍ സര്‍ക്കാര്‍ ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കുന്നത്. 

Latest News