ദുബായ് - അജ്മാനിലെ ഗോള്‍ഡ് സൂഖില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ നിന്ന് 11 ലക്ഷം ദിര്‍ഹം വിലവരുന്ന ആഭരണങ്ങളും 40,000 ദിര്‍ഹമും കവര്‍ന്ന അറബ് വംശജരായ മൂന്നംഗ സംഘത്തെ 12 മണിക്കൂറിനകം അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ചയെ കുറിച്ച് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുകയായിരുന്നെന്ന് അജ്മാന്‍ പോലീസിലെ കുറ്റാന്വേഷണ വകുപ്പ് മേധാവി ലെഫ്. കേണല്‍ അഹ്മദ് അല്‍നുഅയ്മി പറഞ്ഞു.
കവര്‍ച്ച നടന്ന സ്ഥലം പരിശോധിച്ചതില്‍ നിന്ന് സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ച അലാറം സ്ഥാപന ഉടമ പ്രവര്‍ത്തിപ്പിച്ചിരുന്നില്ലെന്ന് വ്യക്തമായി. ഇത് കവര്‍ച്ചക്കേസ് കണ്ടെത്തുന്നതിനും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും കാലതാമസമുണ്ടാക്കി. ഉടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍, തിരിച്ചറിയപ്പെടാതിരിക്കുന്നതിന് പ്രതികള്‍ മുഖംമൂടികള്‍ ധരിച്ചും വസ്ത്രങ്ങള്‍ പലതവണ മാറ്റിയും പല അടവും പയറ്റിയതായി വ്യക്തമായി. എങ്കിലും പ്രതികളെ തിരിച്ചറിയുന്നതില്‍ അന്വേഷണ സംഘം വിജയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഒന്നാം പ്രതി ഷാര്‍ജയില്‍ ഒളിച്ചുകഴിയുന്നതായി കണ്ടെത്തി. ഷാര്‍ജ പോലീസുമായി ഏകോപനം നടത്തി ഈ പ്രതിയെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയെ അജ്മാനിലെ അല്‍റുമൈല ഏരിയയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതിയെ അജ്മാനിലെ ന്യൂ സനാഇയ്യയില്‍ നിന്നും പിന്നീട് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതിയാണ് കവര്‍ച്ച ആസൂത്രണം ചെയ്തതും മോഷണത്തിന് നേതൃത്വം നല്‍കിയതെന്നും വ്യക്തമായി. സംഭവത്തിനു ശേഷം മോഷണ വസ്തുക്കള്‍ പ്രതികള്‍ പരസ്പരം വീതിച്ചെടുക്കുകയായിരുന്നു. കവര്‍ച്ച മുതലുകള്‍ പൂര്‍ണമായും പ്രതികളില്‍ നിന്ന് വീണ്ടെടുത്തതായും ലെഫ്. കേണല്‍ അഹ്മദ് അല്‍നുഅയ്മി പറഞ്ഞു.






