യുവാവിനെ മര്‍ദിച്ച ശേഷം കാല്‍ നക്കിച്ചു; രണ്ടുപേർ അറസ്റ്റിൽ

ഭോപ്പാല്‍- മുഖത്തേക്ക് മൂത്രം ഒഴിച്ച സംഭവത്തിനു പിന്നാലെ  മധ്യപ്രദേശില്‍ നികൃഷ്ടവും മനുഷ്യത്വരഹിതവുമായ നടപടി വീണ്ടും. ഗ്വാളിയോര്‍ ജില്ലയില്‍ യുവാവിനെ മര്‍ദിക്കുകയും ഒരാളുടെ കാല്‍ നക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ഓടുന്ന വാഹനത്തിനുള്ളില്‍ രണ്ട് പേര്‍ യുവാവിന് നേരെ ചീത്ത വിളിക്കുന്നതും കേള്‍ക്കാം.
ദാബ്ര പ്രദേശത്താണ് സംഭവം, ഇരയായ യുവാവ് ന്യൂനപക്ഷ സമുദായത്തില്‍ പെട്ടയാളാണ്.  പഴയ തര്‍ക്കം പരിഹരിക്കുന്നതിനായി പ്രതികള്‍ ഗ്വാളിയോര്‍ കലക്ടറുടെ ഓഫീസിന് സമീപം തങ്ങളെ കാണാന്‍ യുവാവിനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം.
അവിടെയെത്തിയ യുവാവിനോട് വാഹനത്തിനുള്ളില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷം ദബ്രയിലേക്ക് ഓടിച്ചു പോകുകയായിരുന്നു.യുവാവിനെ മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത രണ്ട് പേരെ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
ഓടുന്ന വാഹനത്തില്‍ വെച്ച് ഒരാളെ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്ത രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് അവര്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടും- മിശ്ര  പറഞ്ഞു.

 

Latest News