38 പോയന്റ് ടൈബ്രേക്ക്.. 20-18 ന് വിജയം

ലണ്ടന്‍ - വനിതാ ഗ്രാന്റ്സ്ലാം ടെന്നിസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടൈബ്രേക്കര്‍ പിന്നിട്ട് ഉക്രൈന്‍കാരി ലിസ സുരെങ്കൊ വിംബിള്‍ഡണ്‍ മൂന്നാം റൗണ്ടിലെത്തി. 38 പോയന്റ് ടൈബ്രേക്കറിനൊടുവില്‍ 20-18 നാണ് മുപ്പത്തിനാലുകാരി 4-6, 6-3, 7-6 (20-18) ന് റുമാനിയയുടെ അന ബോഗ്ദാനെ തോല്‍പിച്ചത്. അഞ്ച് മാച്ച് പോയന്റുകള്‍ അതിജീവിച്ച സുരെങ്കൊ ആറ് മാച്ച് പോയന്റുകള്‍ നഷ്ടപ്പെടുത്തിയ ശേഷമാണ് വിജയിച്ചത്. മൂന്നു മണിക്കൂറും 40 മിനിറ്റും കളി നീണ്ടു. 
ലോക അഞ്ചാം നമ്പര്‍ സ്റ്റെഫനോസ് സിറ്റ്‌സിപാസിനെ വിറപ്പിച്ചുവിട്ട ശേഷം മുന്‍ ചാമ്പ്യന്‍ ആന്‍ഡി മറെ രണ്ടാം റൗണ്ടില്‍ കീഴടങ്ങി. സിറ്റ്‌സിപാസിന്റെ കാമുകി പൗള ബഡോസ രണ്ടാം റൗണ്ടില്‍ പരിക്കേറ്റ് പിന്മാറി. 
മുപ്പത്താറുകാരന്‍ മറെ പഴയ പ്രതാപത്തെ അനുസ്മരിപ്പിക്കുന്ന കളിയാണ് കാഴ്ചവെച്ചത്. മറ്റൊരു വെറ്ററന്‍ താരം സ്റ്റാന്‍ വാവ്‌റിങ്ക ഇരുപത്തൊമ്പതാം സീഡ് തോമസ് മാര്‍ടിന്‍ എച്ചെവറിയെ നാലു സെറ്റില്‍ തോല്‍പിച്ചു. നിലവിലെ ചാമ്പ്യന്‍ നോവക് ജോകോവിച്ചിനെയാണ് വാവ്‌റിങ്ക മൂന്നാം റൗണ്ടില്‍ നേരിടുക. 
അമ്മയായ ശേഷം കോര്‍ടില്‍ തിരിച്ചെത്തിയ എലീന സ്വിറ്റോലിന ഇരുപത്തെട്ടാം സീഡ് എലിസ് മെര്‍ടന്‍സിനെ മുട്ടുകുത്തിച്ചു. നിലവിലെ വനിതാ ചാമ്പ്യന്‍ എലീന റിബാകിനയും രണ്ടാം റൗണ്ട് പിന്നിട്ടു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ടൂര്‍ണമെന്റില്‍ അവസരം കിട്ടിയ ബ്രിട്ടിഷ് താരം ലിയാം ബ്രോഡി നാലാം സീഡ് കാസ്പര്‍ റൂഡിനെ കെട്ടുകെട്ടിട്ടു (6-4, 3-6, 4-6, 6-3, 6-0). അവസാന അഞ്ച് ഗ്രാന്റ്സ്ലാമുകളില്‍ മൂന്നിലും റൂഡ് ഫൈനലിലെത്തിയിരുന്നു. ഫ്രഞ്ച് ഓപണ്‍ ഫൈനലില്‍ നോവക്കിനോട് തോല്‍ക്കുകയായിരുന്നു. അതേസമയം പത്തു വര്‍ഷമായി കളി തുടരുന്ന ബ്രോഡിക്ക് ഇതുവരെ റാങ്കിംഗില്‍ ആദ്യ നൂറില്‍ പ്രവേശിക്കാനായിട്ടില്ല. 
 

Latest News