യാവുണ്ടെ - ഫ്രഞ്ച് ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ കീലിയന്‍ എംബാപ്പെ ആദ്യമായി പിതാവിന്റെ നാടായ കാമറൂണിലെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഇരുപത്തിനാലുകാരനെ കാണാന്‍ വിമാനത്താവളത്തില്‍ ആരാധകര്‍ തടിച്ചുകൂടി. കാമറൂണ്‍ പ്രസിഡന്റ് ജോസഫ് ഡിയോണ്‍ എന്ഗൂതെ താരത്തെ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ചു.
മുന്‍ എന്‍.ബി.എ താരം ജോകിം നോഹിനൊപ്പം ബാസ്കറ്റ്ബോള്‍ കളി, കാമറൂണ്‍ സെക്കന്റ് ഡിവിഷന് ടീമിനെതിരെ ഫുട്ബോള്‍ മത്സരം തുടങ്ങി തിരക്കിട്ട പരിപാടികളാണ് എംബാപ്പെക്ക്.
പിതാവിന്റെ ഗ്രാമം സ്ഥിതി ചെയ്യുന്ന ദുവാല എംബാപ്പെ ഇന്ന് സന്ദര്‍ശിക്കും. ഫുട്ബോള്‍ കോച്ചായ പിതാവ് വില്ഫ്രീഡാണ് ഇപ്പോള്‍ എംബാപ്പെയുടെ ഏജന്റ്. എംബാപ്പെയുടെ സാമ്പത്തിക സഹായം കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്കൂളുകളും സന്ദര്‍ശിക്കും. അതിലൊന്ന് കേള്‍വിപരിമിതിയുള്ള കുട്ടികളുടേതാണ്. കൂടുതല്‍ യൂത്ത് പ്രോജക്ടുകള്‍ ഉദ്ദേശിക്കുന്നതായി എംബാപ്പെ വെളിപ്പെടുത്തി.
അള്‍ജീരിയക്കാരിയാണ് എംബാപ്പെയുടെ മാതാവ്. പാരിസിന്റെ വടക്കുകിഴക്കന്‍ പ്രദേശത്താണ് താരം വളര്‍ന്നത്. 2017 ല്‍ അക്കാലത്തെ ഏറ്റവും വിലയേറിയ രണ്ടാമത്തെ കരാറിലാണ് മോണകോയില്‍ നിന്ന് എംബാപ്പെ പി.എസ്.ജിയിലെത്തിയത്. ഇപ്പോള്‍ പി.എസ്.ജിയിലെ ഭാവി അനിശ്വിതത്വത്തിലാണ്.






