പതിനേഴാം തവണയും  വാണര്‍ ബി ബ്രോഡ്

ലണ്ടന്‍ - ടെസ്റ്റ് കരിയറില്‍ പതിനേഴാം തവണയും ഓസ്‌ട്രേലിയന്‍ ഓപണര്‍ ഡേവിഡ് വാണറെ ഇംഗ്ലണ്ട് പെയ്‌സ്ബൗളര്‍ സ്റ്റുവാര്‍ട് ബ്രോഡ് പുറത്താക്കി. ഹെഡിംഗ്‌ലി ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും ബ്രോഡിന് മുന്നിലാണ് വാണര്‍ക്ക് വിക്കറ്റ് നഷ്ടപ്പെട്ടത്. ആദ്യ ഇന്നിംഗ്‌സില്‍ നാലും രണ്ടാം ഇന്നിംഗ്‌സില്‍ ഒന്നുമാണ് വാണറുടെ സമ്പാദ്യം. ഇംഗ്ലണ്ടിനെ 237 റണ്‍സിന് പുറത്താക്കി 26 റണ്‍സിന്റെ ഇന്നിംഗ്‌സ് ലീഡ് സമ്പാദിച്ച ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ വാണറുടെ നഷ്ടത്തില്‍ 50 റണ്‍സെടുത്തു. 
ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് 91 റണ്‍സിന് ആറു വിക്കറ്റെടുത്ത് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് (80) ടോപ്‌സ്‌കോററായി. സ്‌റ്റോക്‌സിനെ സ്റ്റീവ് സ്മിത്ത് പിടിച്ചതോടെയാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് അവസാനിച്ചത്. കഴിഞ്ഞ ദിവസം അഞ്ചു വിക്കറ്റെടുത്ത മാര്‍ക്ക് വുഡ് എട്ട് പന്തില്‍ 24 റണ്‍സടിച്ച് ക്യാപ്റ്റന് പിന്തുണ നല്‍കി. സ്റ്റോക്‌സും ഒല്ലി റോബിന്‍സനും (5 നോട്ടൗട്ട്) അവസാന വിക്കറ്റില്‍ 38 റണ്‍സ് ചേര്‍ത്തു. 
രാവിലെ രണ്ടാമത്തെ പന്തില്‍ തന്നെ ജോ റൂട്ടിനെ (19) ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടു. ജോണി ബെയര്‍സ്‌റ്റൊ (12), മുഈന്‍അലി (21) എന്നിവര്‍ക്കും അധികം തുടരാനായില്ല. 

Latest News