മഡ്രീഡ് - തുര്‍ക്കിയുടെ പതിനെട്ടുകാരന് ആദ്ര ഗുലര്‍ റയല്‍ മഡ്രീഡീന്റെ താരനിരയില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം സ്പാനിഷ് ലീഗ്, യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ കൈവിട്ട റയല്‍ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഗുലെറിന്റെ ഫുട്ബോള്‍ മായാജാലം വെളിപ്പെടുത്തുന്ന വീഡിയൊ ക്ലബ്ബ് പുറത്തുവിട്ടു. ആറു വര്‍ഷത്തേക്കാണ് കരാര്‍. പ്രസന്റേഷന് ചടങ്ങില്‍ ഗുലേറിന് വാച്ചും സാന്റിയാഗൊ ബെര്‍ണബാവു സ്റ്റേഡിയത്തിന്റെ രൂപവും ഇരുപത്തിനാലാം നമ്പര്‍ ജഴ്സിയും റയല്‍ പ്രസിഡന്റ് ഫ്ളോറന്റീനൊ പെരസ് സമ്മാനിച്ചു.
റയല്‍ മഡ്രീഡില്‍ ചേരുകയെന്ന വലിയ സ്വപ്നമാണ് പതിനെട്ടാം വയസ്സില്‍ ഗുലേര്‍ സാക്ഷാല്‍ക്കരിച്ചതെന്ന് പെരസ് പറഞ്ഞു. കരീം ബെന്‍സീമ, ഈഡന് ഹസാഡ് തുടങ്ങി നിരവധി കളിക്കാര്‍ കഴിഞ്ഞ സീസണിനൊടുവില്‍ റയലിനോട് വിട പറഞ്ഞിരുന്നു.
ആല്‍ഫ്രഡൊ ഡി സ്റ്റെഫാനോയെ പോലെ റയലിന്റെ ഇതിഹാസ താരമാവുകയാണ് തന്റെ സ്വപ്നമെന്ന് ഗുലേര്‍ പ്രഖ്യാപിച്ചു. ആങ്കറയിലെ അല്ടിന്ദാഗ് മുനിസിപ്പാലിറ്റിയില്‍ 2005 ഫെബ്രുവരിയില്‍ ജനിച്ച ഗുലേര്‍ ആങ്കറയിലെ ജെന്ക്ലര്ബിര്ലിജി എസ്.കെയിലാണ് 2014 ല്‍ പ്രൊഫഷനല്‍ കരിയര്‍ തുടങ്ങിയത്. 2019 ല്‍ ഫെനര്‍ബാച്ചെയുടെ യൂത്ത് ടീമിലെത്തി. 2021 മുതല്‍ അവരുടെ സീനിയര്‍ ടീമില്‍ കളിക്കുന്നുണ്ട്. 32 കളികളില്‍ ഏഴ് ഗോളടിച്ചു. കഴിഞ്ഞ സീസണില്‍ തുര്‍ക്കിഷ് കപ്പ് നേടി.






