ഹരാരെ - ബസ് ഡി ലീഡിന്റെ മിന്നുന്ന ഓള്‍റൗണ്ട് പ്രകടനത്തിലേറി നെതര്‍ലാന്റ്‌സ് ലോകകപ്പിനായി ഇന്ത്യയിലേക്ക്. സ്‌കോട്‌ലന്റിനെ മറികടന്ന് നെതര്‍ലാന്റ്‌സ് അവസാന ബെര്‍ത്ത് സ്വന്തമാക്കിയതോടെ ഒക്ടോബറില്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ചിത്രം തെളിഞ്ഞു. സിംബാബ്‌വെയില്‍ നടക്കുന്ന യോഗ്യതാ ടൂര്‍ണമെന്റിലൂടെ രണ്ട് ടീമുകളാണ് ലോകകപ്പ് ടിക്കറ്റുറപ്പിച്ചത്. ശ്രീലങ്ക നേരത്തെ ബെര്‍ത്ത് നേടിയിരുന്നു. സിംബാബ്‌വെ പുറത്തായതോടെ ഡച്ച്-സ്‌കോട് മത്സരത്തിലെ വിജയികള്‍ക്ക് വാതില്‍ തുറന്നു. ഡി ലീഡിന്റെ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനമാണ് സ്‌കോട്‌ലന്റിനെ തരിപ്പണമാക്കാന്‍ ഡച്ചിനെ സഹായിച്ചത്. 52 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത ഓള്‍റൗണ്ടര്‍ പിന്നീട് 95 പന്തില്‍ 130 റണ്‍സടിച്ചു. 2011 നു ശേഷം ആദ്യമായാണ് നെതര്‍ലാന്റ്‌സ് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കുക. ലോകകപ്പില്‍ 10 ടീമുകളായിച്ചുരുക്കിയ ശേഷം പങ്കെടുക്കുന്ന ആദ്യ അസോസിയേറ്റ് ടീമുമാവും അവര്‍.
നാടകീയമായിരുന്നു ഡച്ച് മുന്നേറ്റം. മികച്ച റണ്‍റെയ്റ്റുണ്ടായിരുന്ന സ്‌കോട്‌ലന്റിനെ വന്‍ മാര്‍ജിനില്‍ തോല്‍പിച്ചാലേ ഡച്ചിന് മുന്നേറാന്‍ സാധിക്കുമായിരുന്നുള്ളൂ. ബ്രാന്റന്‍ മക്മ്യൂലന്റെ സെഞ്ചുറിയോടെ ഒമ്പതിന് 277 റണ്‍സടിച്ച സ്‌കോട്‌ലന്റിനെ 44 ഓവറില്‍ ഡച്ച് മറികടക്കണമായിരുന്നു. 42.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ അത് സാധിച്ചെടുത്തു. 40 ഓവര്‍ പിന്നിട്ടപ്പോള്‍ 45 റണ്‍സ് വേണമായിരുന്നു ഡച്ചിന് ജയിക്കാന്‍. അടുത്ത രണ്ടോവറില്‍ ഡി ലീഡിന്റെ നാലെണ്ണമുള്‍പ്പെടെ അഞ്ച് സിക്‌സറുകള്‍ ഗാലറിയിലെത്തി. 44 ഓവര്‍ പൂര്‍ത്തിയാവാന്‍ ഏഴ് പന്ത് ശേഷിക്കെ അവര്‍ വിജയം പൂര്‍ത്തിയാക്കി.
വെസ്റ്റിന്‍ഡീസിന്റെയും സിംബാബ്‌വെയുടെയും ലോകകപ്പ് വഴി മുടക്കിയ സ്‌കോട്‌ലന്റിന് തുല്യനാണയത്തില്‍ നെതര്‍ലാന്റ്‌സില്‍ നിന്ന് തിരിച്ചടി കിട്ടി. യോഗ്യതാ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഞായറാഴ്ച നെതര്‍ലാന്റ്‌സും ശ്രീലങ്കയും ഏറ്റുമുട്ടും.
ലോകകപ്പില്‍ നെതര്‍ലാന്റ്‌സിന്റെ ആദ്യ മത്സരം പാക്കിസ്ഥാനുമായാണ്. ശ്രീലങ്ക ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. രണ്ട് ടീമുകളുമായും ഇന്ത്യക്ക് തിരുവനന്തപുരത്ത് സന്നാഹ മത്സരങ്ങളുണ്ട്.






