ലണ്ടന്‍ - ആഷസ് പരമ്പരയിലെ നിര്‍ണായകമായ ഹെഡിംഗ്‌ലി ടെസ്റ്റില്‍ മാര്‍ക്ക് വുഡിന്റെയും (5-34) ക്രിസ് വോക്‌സിന്റെയും (3-73) ഓസ്‌ട്രേലിയ തകര്‍ന്നു. അവസാന നിമിഷം ടീമിലെത്തിയ മിച്ചല്‍ മാര്‍ഷാണ് മിന്നും സെഞ്ചുറിയോടെ ഓസീസിനെ രക്ഷിച്ചത്. 263 ന് സന്ദര്‍ശകര്‍ ഓളൗട്ടായി. ഇംഗ്ലണ്ടിന് ഓപണര്‍ ബെന്‍ ഡക്കറ്റിനെ (2) തുടക്കത്തിലേ നഷ്ടപ്പെട്ടു.
നേരിയ പരിക്കു കാരണം വിട്ടുനില്‍ക്കേണ്ടി വന്ന കാമറൂണ്‍ ഗ്രീനിന് പകരം ടീമിലെത്തിയ മിച്ചല്‍ 102 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. നാലിന് 85 ല്‍ കൈകോര്‍ത്ത മിച്ചലും (118 പന്തില്‍ 118) ട്രാവിസ് ഹെഡും (39) അഞ്ചാം വിക്കറ്റിലെടുത്ത 155 റണ്‍സാണ് ഓസീസിനെ കരകയറ്റിയത്. 12 ലുള്ളപ്പോള്‍ സ്ലിപ്പില്‍ ജോ റൂട്ട് കൈവിട്ടതിനു ശേഷം മിച്ചല്‍ ആഞ്ഞടിച്ചു. സ്പിന്നര്‍ മുഈന്‍അലിയെ ബൗണ്ടറിക്കും സിക്‌സറിനുമുയര്‍ത്തി 99 ലെത്തിയ മിച്ചല്‍ അടുത്ത പന്തില്‍ സിംഗിളെടുത്ത് സെഞ്ചുറി പൂര്‍ത്തിയാക്കി. മിച്ചല്‍ പുറത്തായതിന് പിന്നാലെ 14 പന്തില്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ട് ഓസീസ് ഓളൗട്ടായി.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് സന്ദര്‍ശകരുടെ മുന്‍നിര തകര്‍ത്തിരുന്നു. ഡേവിഡ് വാണറെ (4) ആദ്യ ഓവറില്‍ സ്റ്റുവാര്‍ട് ബ്രോഡ് പുറത്താക്കി. ഉസ്മാന്‍ ഖ്വാജയുടെ (13) സ്റ്റമ്പുകള്‍ മാര്‍ക്ക് വുഡ് തെറിപ്പിച്ചു. മാര്‍നസ് ലാബുഷൈനെ (21) ക്രിസ് വോക്‌സ് മടക്കി. നൂറാം ടെസ്റ്റ് കളിക്കുന്ന സ്റ്റീവ് സ്മിത്ത് (22) ബ്രോഡിന് വിക്കറ്റ് സമ്മാനിച്ചു.






