ലണ്ടന്‍ - ഇന്നാരംഭിക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഓസ്ട്രേലിയയുടെ മുന്‍ നായകന് സ്റ്റീവ് സ്മിത്തിന് നൂറാമത്തെ മത്സരം. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ഓസീസ് പരമ്പര വിജയത്തിനടുത്താണ്.
രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയെ വിവാദ രീതിയില്‍ ഓസ്ട്രേലിയന്‍ വിക്കറ്റ്കീപ്പര്‍ അലക്സ് കാരി പുറത്താക്കിയതുമായി ബന്ധപ്പെട്ട ബഹളം തുടരുന്നതിനിടയിലാണ് മൂന്നാം മത്സരം തുടങ്ങുന്നത്. ഓവര്‍ പൂര്‍ത്തിയായെന്ന വിശ്വാസത്തില്‍ ക്രീസ് വിട്ടപ്പോഴാണ് ബെയര്‍സ്റ്റോയെ റണ്ണൗട്ടാക്കിയത്. പ്രധാനമന്ത്രിമാരായ ഋഷി സൂനക്കും ആന്റണി ആല്‍ബനീസും വരെ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഈ ടെസ്റ്റ് ബെയര്‍സ്റ്റോയുടെ ഹോം ഗ്രൗണ്ടിലാണെന്നിരിക്കെ ഓസീസിന് കാണികളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് പ്രതീക്ഷിക്കാം.
22 വര്‍ഷത്തിനിടെ ആദ്യമായി ഇംഗ്ലണ്ടില്‍ പരമ്പര നേടാന്‍ ഓസീസിന് അവസാന മൂന്നു കളിയില്‍ ഒരു ജയം മതി. നാലു വര്‍ഷം മുമ്പ് ഈ ഗ്രൗണ്ടില്‍ ബെന്‍ സ്റ്റോക്സിന്റെ അത്യുജ്വല സെഞ്ചുറി ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് വിജയം സമ്മാനിച്ചിരുന്നു. സ്റ്റോക്സാണ് ഇപ്പോള്‍ നായകന്.






