മീഠി പതാകയണിഞ്ഞ് ജീക്‌സന്‍, ഇന്ത്യന്‍ വിജയാഘോഷം വിവാദത്തില്‍

ബംഗളൂരു - സാഫ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ശേഷം ഇന്ത്യന്‍ താരം ജീക്‌സന്‍ സിംഗ് മണിപ്പൂരിലെ മീഠി വിഭാഗത്തിന്റെ പതാകയണിഞ്ഞ് വിജയമാഘോഷിച്ചത് വിവാദത്തില്‍. മണിപ്പൂരില്‍ മീഠി, കുകി സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് വംശീയകലാപമായി കത്തിപ്പടരുന്നത്. മണിപ്പൂരിലെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധയാകര്‍ഷിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ആരെയെങ്കിലും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിജയം എല്ലാ ഇന്ത്യക്കാര്‍ക്കും സമര്‍പ്പിക്കുന്നുവെന്നും പിന്നീട് ജീക്‌സന്‍ വിശദീകരിച്ചു. ജീക്‌സന്‍ മീഠി സമുദായാംഗമാണ്. 
അണ്ടര്‍-17 ലോകകപ്പില്‍ ഗോളടിച്ച പ്രഥമ ഇന്ത്യക്കാരനാണ് ജീക്‌സന്‍. 2017 ല്‍ ഇന്ത്യ വേദിയൊരുക്കിയ ലോകകപ്പിലായിരുന്നു ഇത്. 
മണിപ്പൂരിലെ കലാപം രണ്ടു മാസമായി തുടരുകയാണെന്നും സമാധാനം പുലരണമെന്ന് മാത്രമായിരുന്നു ആഗ്രഹമെന്നും ജീക്‌സന്‍ പറഞ്ഞു. എന്റെ കുടുംബം സുരക്ഷിതമാണ്. എന്നാല്‍ ഒരുപാട് കുടുംബങ്ങള്‍ ദുരിതത്തിലാണ്. എല്ലാം എത്രയും വേഗം സാധാരണ നിലയിലെത്തണമെന്നാണ് ആഗ്രഹം -താരം പറഞ്ഞു. 
രാഷ്ട്രീയ, മത, വ്യക്തിഗത സന്ദേശങ്ങള്‍ കളിക്കളങ്ങളില്‍ പാടില്ലെന്നാണ് ഫിഫ ചട്ടം. ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ എ.ഐ.എഫ്.എഫ് അധ്യക്ഷന്‍ കല്യാണ്‍ ചൗബെ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
 

Latest News