മെസ്സി ബെസ്റ്റ്, ആര്‍ക്കും മറികടക്കാനാവില്ല -എമി

കൊല്‍ക്കത്ത - ലിയണല്‍ മെസ്സിയാണ് എക്കാലത്തെയും മികച്ച കളിക്കാരനെന്നും ആര്‍ക്കും മെസ്സിയെ മറികടക്കാനാവില്ലെന്നും കൊല്‍ക്കത്ത സന്ദര്‍ശിക്കുന്ന അര്‍ജന്റീനയുടെ ലോകകപ്പ് ചാമ്പ്യന്‍ ഗോള്‍കീപ്പര്‍ എമിലിയാനൊ മാര്‍ടിനേസ്. അന്യഗ്രഹ ജീവിയാണ് മെസ്സി, മെസ്സിയുമായി ആരെയും താരതമ്യം ചെയ്യാനാവില്ല. ലോകകപ്പ് ഫൈനലില്‍ ഷൂട്ടൗട്ടിനിടെ മെസ്സി തന്റെ അരികില്‍ വരികയും ടീമിനെ രക്ഷിക്കാന്‍ തനിക്ക് സാധിക്കുമെന്ന് പറഞ്ഞ് ആത്മവിശ്വാസം പകരുകയും ചെയ്തു -ഒരു ടോക് ഷോയില്‍ പങ്കെടുക്കവെ മാര്‍ടിനേസ് പറഞ്ഞു. 
സൗദി അറേബ്യയോട് ലോകകപ്പില്‍ തോറ്റതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് അര്‍ജന്റീന ജഴ്‌സിയില്‍ തന്റെ ആദ്യ തോല്‍വിയായിരുന്നുവെന്ന് മാര്‍ടിനേസ് മറുപടി നല്‍കി. എങ്കിലും ലോകത്തെ മികച്ച കളിക്കാരന്‍ തങ്ങളുടെ നിരയിലായതിനാല്‍ തിരിച്ചുവരാനാവുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ഓരോ കളിക്കു മുമ്പും മെസ്സി ടീമിനെ പ്രചോദിപ്പിച്ചിരുന്നു. ഫൈനലിന് മുമ്പ് മനക്കരുത്ത് നേടാന്‍ താന്‍ പ്രത്യേക ശ്രമം നടത്തിയിരുന്നതായി മാര്‍ടിനേസ് വെളിപ്പെടുത്തി. 
കുട്ടിക്കാലത്ത് താന്‍ ദാരിദ്ര്യത്തിലാണ് ജീവിച്ചിരുന്നതെന്നും എങ്കിലും ഫുട്‌ബോള്‍ ഭ്രാന്തായി കൊണ്ടുനടന്നിരുന്നുവെന്നും ഗോള്‍കീപ്പര്‍ പറഞ്ഞു. 
ഫ്രാന്‍സ് സ്‌ട്രൈക്കര്‍ കീലിയന്‍ എംബാപ്പെയെ പരിഹസിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കാതെ, എംബാപ്പെ മികച്ച കളിക്കാരനാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. അര്‍ജന്റീന ടീമിനോട് കാണിക്കുന്ന സ്‌നേഹം അദ്ഭുതപ്പെടുത്തുന്നുവെന്നും ടീമിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുവെന്നും ഇന്ത്യ സന്ദര്‍ശിക്കാനായതില്‍ അഭിമാനമുണ്ടെന്നും മാര്‍ടിനേസ് പറഞ്ഞു. 


 

Latest News