സാവൊപൗളൊ - ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് ബ്രസീലിന്റെ വനിതാ ഫുട്‌ബോള്‍ രോമാഞ്ചം മാര്‍ത്ത. അഞ്ചു തവണ ലോകകപ്പ് കളിച്ചിട്ടും മുപ്പത്തേഴുകാരിക്ക് ലോക കിരീടമുയര്‍ത്താനായിട്ടില്ല. ജീവിതത്തില്‍ പ്രധാനപ്പെട്ട മറ്റു പല കാര്യങ്ങളുമുണ്ടെന്ന് ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും നടക്കുന്ന ലോകകപ്പിനായി വിമാനം കയറും മുമ്പ് മാര്‍ത്ത പറഞ്ഞു. മാര്‍ത്ത ആറു തവണ ഫിഫ പ്ലയര്‍ ഓഫ് ദ ഇയറായിരുന്നു. ഇടതു കാല്‍മുട്ടില്‍ കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയക്ക് വിധേയയായ മാര്‍ത്ത പൂര്‍ണമായി കായികക്ഷമത നേടിയിട്ടില്ല. 11 മാസത്തിനു ശേഷമാണ് ടീമില്‍ തിരിച്ചുവരുന്നത്. മാര്‍ത്തക്ക് ലോകകപ്പില്‍ ബ്രസീലിന്റെ എല്ലാ മത്സരങ്ങളിലും കളിക്കാനായേക്കില്ലെന്ന് കോച്ച് പിയ സുന്‍ഹാഗെ പറഞ്ഞു. ചിലിക്കെതിരായ അവസാന സന്നാഹ മത്സരത്തില്‍ അല്‍പ സമയമേ മാര്‍ത്ത കളിച്ചുള്ളൂ. ബ്രസീലിനു വേണ്ടി 117 ഗോളടിച്ചിട്ടുണ്ട് മാര്‍ത്ത.
ലോകകപ്പില്‍ 24 ന് അഡ്‌ലയ്ഡില്‍ പാനമക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ കളി. ഫ്രാന്‍സും ജമൈക്കയുമാണ് ഗ്രൂപ്പ് എഫിലെ മറ്റു ടീമുകള്‍. കഴിഞ്ഞ ലോകകപ്പില്‍ ബ്രസീല്‍ പ്രി ക്വാര്‍ട്ടറില്‍ പുറത്താവുകയായിരുന്നു.






