ജിദ്ദ - സൗദി ഫുട്ബോളിലേക്കുള്ള പ്രമുഖ താരങ്ങളുടെ ഒഴുക്ക് തുടരുന്നു. പോര്‍ചുഗീസ് വിംഗര്‍ ജോടയും ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ മാഴ്സെലൊ ബ്രോസവിച്ചും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാഡുമാണ് ഏറ്റവുമൊടുവില്‍ സൗദി സോക്കറിന്റെ ഭാഗമായത്.
സ്കോട്ലന്റിലെ ഗ്ലാസ്ഗൊ സെല്‍റ്റിക്കില്‍ നിന്നാണ് ജോട സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദില്‍ ചേര്‍ന്നത്. ബാലന്‍ഡോര്‍ ജേതാവ് കരീം ബെന്‍സീമ, ഫ്രഞ്ച് ലോകകപ്പ് ചാമ്പ്യന്‍ എന്‍ഗോളൊ കാണ്ടെ തുടങ്ങിയവര്‍ക്കൊപ്പമാണ് പുതിയ സീസണിനു മുന്നോടിയായി ജോടയും ഇത്തിഹാദിലെത്തിയത്. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍.
ഇരുപത്തിനാലുകാരനായ ജോട സെല്‍റ്റിക്കില്‍ മികച്ച ഫോമിലായിരുന്നു. 62 മത്സരങ്ങളില്‍ അവര്‍ക്കു വേണ്ടി 21 ഗോളടിച്ചു. രണ്ട് തവണ സ്കോടിഷ് ലീഗ് കിരീടം നേടി. സ്കോടിഷ് ലീഗ് കിരീടവും സ്കോടിഷ് കപ്പും സ്കോടിഷ് ലീഗ് കപ്പുമുള്‍പ്പെടെ ഒരു സീസണില്‍ ഹാട്രിക് നേടിയ ടീമില്‍ അംഗമായിരുന്നു. ജോടക്ക് പുതിയ ക്ലബ്ബില്‍ വിജയമാശംസിച്ച് സെല്‍റ്റിക് പത്രക്കുറിപ്പിറക്കി.
ബ്രോസവിച് ഇറ്റലിയിലെ ഇന്റര്‍ മിലാനില്‍ നിന്നാണ് ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ കളിക്കുന്ന അന്നസ്റിന്റെ ഭാഗമാവുന്നത്.
ലിവര്‍പൂള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാഡ് അല്ഇത്തിഫാഖിനെ പരിശീലിപ്പിക്കും. സ്കോടിഷ് ക്ലബ്ബ് റെയ്ഞ്ചേഴ്സിനെയും പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍വില്ലയെയും ജെറാഡ് പരിസീലിപ്പിച്ചിട്ടുണ്ട്. രണ്ടാം ഡിവിഷന് ക്ലബ്ബ് അല്ഖാദിസിയയുടെ കോച്ചായി കഴിഞ്ഞ ദിവസം മറ്റൊരു ലിവര്‍പൂള്‍ രോമാഞ്ചം റോബി ഫൗളര്‍ നിയമിതനായിരുന്നു.
ആസ്റ്റണ്‍വില്ലയില്‍ ജെറാഡ് പരാജയമായിരുന്നു. തരംതാഴ്ത്തലിന്റെ വക്കിലെത്തിയ ക്ലബ്ബ് കോച്ചിനെ പുറത്താക്കുകയായിരുന്നു. പിന്നീട് വിശ്രമത്തിലായിരുന്നു. 2021 ല്‍ റെയ്ഞ്ചേഴ്സിനെ അജയ്യരായി കിരീടത്തിലേക്ക് നയിച്ചാണ് ജെറാഡ് കോച്ചിംഗ് കരിയര്‍ തുടങ്ങിയത്. അതിനു മുമ്പുള്ള ഒമ്പത് സീസണിലും സെല്റ്റിക്കായിരുന്നു ചാമ്പ്യന്മാര്. അതോടെ ലിവര്‍പൂളില്‍ യൂര്‍ഗന്‍ ക്ലോപ്പിന്റെ പിന്‍ഗാമിയാവുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ ആസ്റ്റണ്‍വില്ലയില്‍ പ്രതീക്ഷകള്‍ പൊലിഞ്ഞു. ഇത്തിഫാഖ് പുതിയ സീസണിന് മുമ്പ് ഒരു പ്രമുഖ കളിക്കാരനെയും ടീമിലെടുത്തിട്ടില്ല. 2005 ല്‍ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിന്റെ ടീമില്‍ അംഗമായിരുന്നു ജെറാഡ്.
ഒമ്പത് സീസണിലായി ഇന്റര്‍ ജഴ്സിയില്‍ കളിക്കുന്ന ബ്രോസവിച്ചിന്റെ അവസാന മത്സരം കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഇന്റര്‍ മിലാനെ നയിച്ചത് ബ്രോസവിച്ചാണ്. അന്നസ്റില്‍ വര്‍ഷം രണ്ടരക്കോടിയായിരിക്കും ബ്രോസവിച്ചിന്റെ പ്രതിഫലം. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍.






