24ാം വര്‍ഷവും മുടങ്ങാതെ വീനസ്

ലണ്ടന്‍ - ലോക ഒന്നാം നമ്പര്‍ വനിതാ താരം ഈഗ ഷ്വിയോന്‍ടെക്കും നിലവിലെ പുരുഷ ചാമ്പ്യന്‍ നോവക് ജോകോവിച്ചും വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഈ വര്‍ഷത്തെ ആദ്യ രണ്ട് ഗ്രാന്റ്സ്ലാമുകളും ജയിച്ച നോവക് വിംബിള്‍ഡണില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ കിരീടത്തിനാണ് പൊരുതുന്നത്. അര്‍ജന്റീനയുടെ പെഡ്രൊ കാച്ചിനെ അനായാസം തോല്‍പിച്ച് നോവക് ആദ്യ ചുവട് വെച്ചു. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഈഗ 6-1, 6-3 ന് ചൈനയുടെ ഷു ലിന്നിനെ തകര്‍ത്തു. വീനസ് ഇരുപത്തിനാലാമത്തെ വർഷവും വിംബിൾഡണിന് ഇറങ്ങി.

 2019 ലെ സെമി ഫൈനലിസ്റ്റ് എലേന സ്വിറ്റോലിനയെയാണ് നാല്‍പത്തിമൂന്നുകാരി നേരിടേണ്ടത്. ഈ സീസണില്‍ അഞ്ച് മത്സരം മാത്രമാണ് വീനസ് കളിച്ചത്. സ്വിറ്റോലിന പ്രസവത്തിനു ശേഷം ഏപ്രിലിലാണ് തിരിച്ചെത്തിയത്. രണ്ടു പേര്‍ക്കും വിംബിള്‍ഡണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കുകയായിരുന്നു. 
ഇത്തവണ ആദ്യ ജയം 2019 ലെ സെമി ഫൈനലിസ്റ്റ് ബാര്‍ബോറ സ്ട്രികോവക്കായിരുന്നു. മരീന സനേവ്‌സ്‌കയെ 6-1, 7-5 ന് അവര്‍ കീഴടക്കി. പുരുഷ വിഭാഗത്തില്‍ ആദ്യ ജയം ആന്ദ്രെ റൂബലേവിനാണ്. മാക്‌സ് പൂര്‍സെലിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കി. 
വനിതാ നാലാം സീഡ് ജെസീക്ക പെഗൂലയെ ലോറന്‍ ഡേവിസ് വിറപ്പിച്ചു. 6-2, 6-7 (8-10), 6-3 നാണ് പെഗൂല ജയം പിടിച്ചത്. മുന്‍ ഒന്നാം നമ്പര്‍ വിക്ടോറിയ അസരെങ്കക്കും ചൈനയുടെ യാന്‍ യുവാനെ തോല്‍പിക്കാന്‍ മൂന്ന് സെറ്റ് പൊരുതേണ്ടി വന്നു. അഞ്ചാം സീഡ് കരൊലൈന്‍ ഗാര്‍സിയ 6-4, 6-3 ന് കെയ്റ്റി വോളിനറ്റ്‌സിനെ തകര്‍ത്തു. 

Latest News