ആ ഇഞ്ചുറി ടൈം ഗോളിന് ഇന്ത്യ കണക്ക് തീര്‍ക്കുമോ?

ബംഗളൂരു - സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ചൊവ്വാഴ്ച അതിഥി രാജ്യമായ കുവൈത്തുമായി ഏറ്റുമുട്ടും. പതിമൂന്നാമത്തെ സാഫ് ചാമ്പ്യന്‍ഷിപ് ഫൈനലാണ് ഇത്. ഇന്ത്യ എട്ടു തവണ ചാമ്പ്യന്മാരായിട്ടുണ്ട്. റൗണ്ട് റോബിന്‍ ലീഗടിസ്ഥാനത്തില്‍ നടന്ന 1993 ലെ പ്രഥമ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയായിരുന്നു കിരീടത്തില്‍ മുത്തമിട്ടത്. രണ്ടു വര്‍ഷം മുമ്പ് നടന്ന അവസാന സാഫ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യക്കായിരുന്നു കിരീടം. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴരക്കാണ് ഫൈനല്‍ ആരംഭിക്കുക. 
ഏറ്റവും ആവേശകരവും വാശിയേറിയതുമായി സാഫ് ചാമ്പ്യന്‍ഷിപ്പായിരുന്നു ഇത്തവണത്തേത്. അതിഥി രാജ്യങ്ങളായി കുവൈത്തും ലെബനോനും പങ്കെടുത്തത് ടൂര്‍ണമെന്റിന്റെ നിലവാരം ഉയര്‍ത്തി. സെമി ഫൈനലില്‍ ലെബനോനെ ഷൂട്ടൗട്ടിലാണ് ഇന്ത്യ മറികടന്നത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഗോള്‍രഹിതമായിരുന്ന മത്സരത്തില്‍ ഇന്ത്യയുടെ നാല് കളിക്കാരും ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു. ലെബനോന്റെ കിക്കെടുത്ത നാലു പേരില്‍ രണ്ടു പേര്‍ക്ക് പിഴച്ചു. ബംഗ്ലാദേശിനെ എക്‌സ്ട്രാ ടൈമില്‍ 1-0 ന് തോല്‍പിച്ചാണ് കുവൈത്ത് തങ്ങളുടെ കന്നി സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തിയത്. 
ഇന്ത്യയും കുവൈത്തും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയിരുന്നു. തുടക്കത്തില്‍ തന്നെ ഗോളടിച്ച് ഇന്ത്യ ലീഡ് നേടിയെങ്കിലും അവസാന വേളയിലെ സെല്‍ഫ് ഗോള്‍ സമനിലയുമായി രക്ഷപ്പെടാന്‍ കുവൈത്തിനെ സഹായിച്ചു. ആവേശം അതിരുകടന്ന മത്സരമായിരുന്നു അത്. രണ്ട് ടീമിലെയും ഓരോ കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ടു. ഇന്ത്യയുടെ ചീഫ് കോച്ച് ഇഗോര്‍ സ്റ്റിമാച്ചും പുറത്തായി. അതിന് രണ്ട് കളിയില്‍ സസ്‌പെന്‍ഷന്‍ ലഭിച്ചതിനാല്‍ ഇന്നത്തെ മത്സരത്തില്‍ അസിസ്റ്റന്റ് കോച്ച് മഹേഷ് ഗാവ്‌ലിയാണ് ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാവുക.
കുവൈത്തിനും ലെബോനുമെതിരായ കളികള്‍ അല്‍പം പരുക്കനായിരുന്നുവെന്നും കളിക്കാരോട് ശാന്തരായി എല്ലാ ഊര്‍ജവും മത്സരത്തിലേക്ക് തിരിച്ചുവിടാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഗാവ്‌ലി വെളിപ്പെടുത്തി. ഇത് തീര്‍ത്തും മറ്റൊരു മത്സരമായിരിക്കും. ഇതുവരെ ചെയ്ത കഠിനാധ്വാനം വൃഥാവിലാവില്ലെന്ന് ഉറപ്പുവരുത്തും -അസിസ്റ്റന്റ് കോച്ച് പറഞ്ഞു.  
ഇന്ത്യന്‍ ടീമിന്റെ സെന്‍ട്രല്‍ ഡിഫന്ററായിരുന്ന ഗാവ്‌ലി രണ്ടു തവണ കളിക്കാരനെന്ന നിലയില്‍ സാഫ് കപ്പ് ഉയര്‍ത്തിയിട്ടുണ്ട്. 2005 ല്‍ കറാച്ചിയിലും 2011 ല്‍ ന്യൂദല്‍ഹിയിലും. കോച്ചെന്ന നിലയില്‍ കൂടി കപ്പുയര്‍ത്തുകയ വലിയ നേട്ടമായിരിക്കുമെന്ന് ഗാവ്‌ലി കരുതുന്നു. പ്രത്യേകിച്ചും ഇത്തവണത്തേത് കടുപ്പമേറിയ മത്സരങ്ങളായിരുന്നു. അതിനാല്‍ തന്നെ കിരീടവിജയത്തിന് മധുരമേറെയായിരിക്കും -കോച്ച് വിലയിരുത്തി. 
സസ്‌പെന്‍ഷന്‍ കാരണം സെമി ഫൈനലില്‍ കളിക്കാനാവാതിരുന്ന സെന്‍ട്രല്‍ ഡിഫന്റര്‍ സന്ദേശ് ജിംഗന്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തും. ജിംഗന് ഇതുവരെ സാഫ് കിരീടമുയര്‍ത്താന്‍ സാധിച്ചിട്ടില്ല. ജിംഗന്റെ അഭാവത്തില്‍ മെഹ്താബ് സിംഗും അന്‍വര്‍അലിയുമാണ് സെന്‍ട്രല്‍ ഡിഫന്റര്‍മാരായി ഇറങ്ങിയത്. 
അവസാന പത്തു കളികളില്‍ ഇന്ത്യ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. ഇന്ത്യ ചാമ്പ്യന്മാരായ ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ജിംഗനായിരുന്നു പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. ഗാവ്‌ലിയുടെ മാര്‍ഗനിര്‍ദേശം ഏറെ ഗുണം ചെയ്തതായി ജിംഗന്‍ വിലയിരുത്തി. 
അവസാന എട്ട് കളികളില്‍ അജയ്യരായാണ് കുവൈത്ത് ഫൈനലിലെത്തിയത്. അബ്ദുല്ല അല്‍ബലൂഷിയാണ് അവരുടെ നിരയിലെ അപകടകാരി. ബംഗ്ലാദേശിനെതിരെ വിജയ ഗോളടിച്ച അബ്ദുല്ല ഇന്ത്യക്കെതിരായ മത്സരത്തിലെ സമനില ഗോളിനും കാരണക്കാരനായി. അബ്ദുല്ലയുടെ ക്രോസ് അന്‍വര്‍അലി സ്വന്തം വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 
ഒരുകാലത്ത് ഏഷ്യയിലെ ഒന്നാം നമ്പര്‍ ടീമായിരുന്നു കുവൈത്ത്. ഇപ്പോള്‍ പ്രതാപം മങ്ങി. 2010 ലെ ഗള്‍ഫ് കപ്പാണ് അവര്‍ അവസാനം നേടിയ കിരീടം. സൗദി അറേബ്യയെയായിരുന്നു ഫൈനലില്‍ തോല്‍പിച്ചത്.
 



 

Latest News