Sorry, you need to enable JavaScript to visit this website.

അത് ചാരിറ്റി അല്ല, എട്ട് ലക്ഷം രൂപക്ക് പ്രൈം ടൈം പരസ്യം- കെ.കെ. ഷാഹിന

കേരളത്തില്‍ പുതിയൊരു ചാനല്‍ മിഴി തുറന്ന ദിവസമാണല്ലോ. കുറച്ച് നേരം ആ ചാനല്‍ കാണാം എന്ന് തീരുമാനിച്ചു. കണ്ടു.

ഏറ്റവും ഒടുവില്‍ കണ്ട ഒരു പ്രോഗ്രാമിനെ കുറിച്ച് മാത്രം ചിലത് പറയണം എന്ന് തോന്നി.  കോഴിക്കോട് സ്വദേശിയായ ഭിന്നശേഷിക്കാരനായ ഒരു ലോട്ടറി വില്‍പ്പനക്കാരന് ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ചിട്ടും വീട് കിട്ടുന്നില്ല. ഇരുപത് വര്‍ഷമായി ഒരു വീട് വെക്കാനുള്ള സര്‍ക്കാര്‍ സഹായത്തിനായി അയാള്‍ ഓഫീസുകള്‍  കയറി ഇറങ്ങുന്നു. അയാള്‍ക്ക് ഇത് വരെയും സര്‍ക്കര്‍ സഹായം കിട്ടിയിട്ടില്ല എന്നാണ് വാര്‍ത്ത.

വാര്‍ത്തയാണ് . സംശയമേയില്ല.

തങ്ങളുടെ'  ഫൈറ്റ് ഫോര്‍ ജസ്റ്റിസ് ക്യാമ്പയിന്റെ ' ഭാഗമായി അവതരിപ്പിക്കുന്ന വാര്‍ത്തയാണ് എന്നാണ് എഡിറ്റോറിയല്‍ ടീമംഗങ്ങള്‍ അവകാശപ്പെട്ടത്. ഫീല്‍ഡില്‍ നിന്നുമുള്ള റിപ്പോര്‍ട്ടറുടെ സ്‌റ്റോറിക്ക് ശേഷം വീടില്ലാത്ത ആ മനുഷ്യനെ ലൈവിലേക്ക് വിളിക്കുന്നു. എഡിറ്റോറിയല്‍ ടീം അംഗങ്ങള്‍ ഓരോരുത്തരും അയാളോട് ചില കാര്യങ്ങള്‍ ചോദിക്കുന്നു. എന്ത് കൊണ്ടാണ് വീട് കിട്ടാത്തത്? അറിയില്ല എന്ന് അയാളുടെ മറുപടി. വീട് വെക്കാന്‍ എത്ര രൂപ വേണം എന്ന് ചോദ്യം. ഏഴോ എട്ടോ ലക്ഷം രൂപ എന്ന് മറുപടി. ശേഷം ഒരു സ്വകാര്യ കമ്പനിയുടെ തലവനായ ഒരു വ്യക്തി ലൈവില്‍ വരുന്നു. അവരുടെ കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്നും വീടിനാവശ്യമായ തുക നല്‍കും എന്ന് പ്രഖ്യാപിക്കുന്നു.

വാര്‍ത്തയില്‍ നിന്നോ അഞ്ച് എഡിറ്റര്‍മാരുടെ അവതരണത്തില്‍ നിന്നോ പ്രേക്ഷകര്‍ക്ക് മനസ്സിലാകാത്ത കാര്യങ്ങള്‍ ഇത്രയുമാണ്. എന്ത് കൊണ്ടാണ് അദ്ദേഹത്തിന് ഇരുപത് വര്‍ഷം വീട് കിട്ടാതിരുന്നത്? സര്‍ക്കാരിന്റെ ഏത് സംവിധാനമാണ് ഇതിന് അക്കൗണ്ടബിള്‍ ആയിട്ടുള്ളത്?  സര്‍ക്കാരിന്റെ ഒരു പ്രതിനിധിയുടെ പോലും ബൈറ്റ് ഈ വാര്‍ത്തയില്‍ ഇല്ല. ജില്ലാ കളക്ടറുടയൊ, പഞ്ചായത്ത് പ്രസിഡണ്ടിന്റെയൊ പോലും ബൈറ്റ് ഇല്ല.ഇന്ന് മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിംഗ് ഉണ്ടായിരുന്നു. വീടില്ലാത്ത ഈ മനുഷ്യന്‍ അവരെ കണ്ടിരുന്നു. പക്ഷേ വാര്‍ത്തയില്‍ മനുഷ്യാവകാശ കമ്മീഷന്റെ പ്രതികരണവും ഉള്‍പ്പെടുത്തിയിട്ടില്ല.

ഒരാള്‍ക്ക് വീടില്ല എന്ന് മാത്രം പറഞ്ഞു വെച്ചാല്‍ വാര്‍ത്ത ആവില്ല. എന്ത് കൊണ്ട് വീടില്ല, ആരാണ് അതിന് ഉത്തരവാദികള്‍ എന്ന് കൂടി പറയുകയും അതിന് ഉത്തരവാദികള്‍ ആയവരെ മരരീൗിമേയഹല ആക്കുകയും ചെയ്യുക എന്നതാണ് മാധ്യമപ്രവര്‍ത്തകരുടെ പണി. എന്ത് കൊണ്ടാണ് ഇരുപത് വര്‍ഷമായിട്ടും അയാളുടെ അപേക്ഷ പരിഗണിക്കപ്പെടാതെ പോയത് എന്നത് സംബന്ധിച്ച് അതിന് ഉത്തരവാദികള്‍ ആയ ആളുകള്‍ക്ക് പറയാന്‍ ഉള്ളത് കൂടി കേള്‍ക്കുകയും അത് ജനങ്ങളെ കേള്‍പ്പിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് അതൊരു വാര്‍ത്തയാവുന്നത്.

പകരം ഒരു സ്വകാര്യ കമ്പനിയുടെ വക്താവ് വന്നിരുന്ന് ഇന്‍സ്റ്റന്റ് ആയി നീതി വിതരണം ചെയ്യുന്നു. അതും സി എസ് ആര്‍ ഫണ്ട് ! എഡിറ്റര്‍മാര്‍ എല്ലാവരും കയ്യടിക്കുന്നു. ശേഷം ആ കമ്പനിയുടെ പ്രവര്‍ത്തനം/പ്രോഡക്ട് എന്താണ് എന്ന് വിശദീകരിക്കാന്‍ അദ്ദേഹത്തിന് സമയം കൊടുക്കുന്നു. ഇത് വാര്‍ത്തയല്ല, പരസ്യമാണ് എന്ന് മനസ്സിലാവാന്‍ ജേര്‍ണലിസം പഠിക്കണം എന്നില്ല ?  വെറും 8 ലക്ഷം രൂപക്ക് െ്രെപം ടൈം പരസ്യം ?

സി എസ് ആര്‍ ഫണ്ട് ചാരിറ്റി അല്ല എന്നതാണു മറ്റൊരു കാര്യം. കമ്പനി ആക്ട് 2013 ലെ സെക്ഷന്‍ 135 പ്രകാരം അത് നിര്‍ബന്ധമാണ്. നിയമപരമായ ബാധ്യതയാണ്. വീടില്ലാത്ത ഒരു മനുഷ്യന് ഒരു സ്വകാര്യ കമ്പനി സി എസ് ആര്‍ ഫണ്ടില്‍ നിന്ന് പണം എടുത്ത് വീട് വെച്ച് കൊടുക്കുന്നത് ചാരിറ്റി അല്ല എന്നും മറിച്ച് അത് അവരുടെ നിയമപരമായ ബാധ്യത ആണെന്നും അതീന്റെ പേരില്‍ ആ മനുഷ്യന് അവരോട് നന്ദി ഉള്ളവന്‍ ആയിരിക്കാനുള്ള യാതൊരു ബാധ്യതയും ഇല്ലെന്നും അയാളെയും പൊതു സമൂഹത്തെയും ബോധ്യപ്പെടുത്തലാണ് മാധ്യമ ധര്‍മം.

നീതി എന്നാല്‍ മനുഷ്യാന്തസ്സ് കൂടിയാണ്‌

 

Latest News